Wednesday 29 April 2020

പെണ്ണുകാണൽ അപാരതകൾ ... ! / Pennukaanal Aparathakal ... !



എന്റെ ജീവിതത്തിലുണ്ടായ ഏറ്റവും സന്തോഷം നൽകിയ ചില സംഗതികളാണ് ബന്ധുമിത്രാദികൾക്ക് വേണ്ടി ഞാൻ നടത്തിയിട്ടുള്ള പെണ്ണുകാണൽ അപാരതകൾ ...!
അതെ ,രണ്ട് വ്യത്യസ്ഥ ചിന്താഗതിക്കാരെ കൂട്ടിയോജിപ്പിച്ച് ഒരു കുടുംബമായി വാഴിക്കുമ്പോഴുള്ള ആ ആനന്ദം ഒന്ന് വേറെ തന്നെയായിരുന്നു ...! 

 ഇപ്പോഴുള്ള ന്യൂ-ജെൻ പിള്ളേരെ പോലെയുള്ള 'ചാറ്റിങ്ങും' , 'ചീറ്റിങ്ങും', 'ഡേറ്റിങ്ങു' മൊന്നുമില്ലാതെ തന്നെ , പ്രഥമ ദർശനത്തിൽ തന്നെ ജീവിത പങ്കാളികളായവർ ...!

അവർ ഇപ്പോഴും തട്ടി മുട്ടി കോട്ടം കൂടാതെ പരസ്‌പരം പിരിയാതെ തന്നെ   മരണം വരെ ജീവിതം മുട്ടത്തട്ടെത്തിച്ചത് കാണുമ്പോഴുണ്ടാകുന്ന സംതൃപ്‌തി - ഇന്നത്തെ ഈ പുത്തൻ തലമുറയുടെ ഇപ്പോൾ ചുറ്റുപാടും നടക്കുന്ന ധാരാളം വിവാഹ മോചനങ്ങൾ കാണുമ്പോൾ കിട്ടുന്നില്ല എന്നത് വാസ്തവമാണ് ...

എന്റെ ആദ്യ പെണ്ണുകാണൽ  കഴിഞ്ഞതു മുതൽ ആയതിന്റെ വർക്കത്ത് കാരണം പല കൂട്ടുകാർക്കും , അടുത്ത ബന്ധുക്കളുടെ മക്കൾക്കുമൊക്കെ പെണ്ണുകാണാനും,  ആണു  കാണാനുമൊക്കെയായി അക്കാലത്ത് എല്ലാ വീക്കെന്റുകളും മാറ്റിവെച്ചവനായിരുന്നു ഞാൻ ...


സ്വന്തമായി ഒരു പെണ്ണിനെ കണ്ട് ഇത്തിരി കിഞ്ചന വർത്തമാനം പറഞ്ഞു അവളെ കെട്ടിപ്പൂട്ടി ഭാര്യസ്ഥാനത്ത് പ്രതിഷ്ഠിക്കുവാൻ യോഗമില്ലാത്തവനായിരുന്നു ഞാനെങ്കിലും , മറ്റുള്ളവർക്ക് വേണ്ടി പെണ്ണുകാണൽ ചടങ്ങുകളിൽ പങ്കെടുത്ത് സെഞ്ച്വറി  കടന്നവനാണ് ഞാൻ ...!

അതിന് സ്വന്തമായിട്ട് ഒരുപെണ്ണു കാണുവാൻ  എനിക്കൊക്കെ എങ്ങിനെ പറ്റാനാണ് ...?

കൗമാരം തൊട്ടേ ഒരു പ്രണയവല്ലഭനായി കാമിനിമാരുടെ ചുറ്റും റോന്തു ചുറ്റി നടക്കുന്ന ശീലഗുണം കൊണ്ട് വീട്ടുകാരും , നാട്ടുകാരും കൂടി 24 വയസ്സിലെ തന്നെ അതിലൊരുത്തിയെ കൊണ്ട് - ഇടഞ്ഞു നിൽക്കുന്ന ഒരു കാളക്കൂറ്റനെ മെരുക്കുവാൻ  എന്ന പോലെ - എനിക്ക് മൂക്ക് കയറിടീപ്പിച്ച് , അവളാരത്തിയെ എന്റെ പെർമനന്റ് യജമാനത്തിയായി  ഏൽപ്പിച്ചു കൊടുത്തു  ..!


എന്റെ കൗമാരകാലത്ത് പൊട്ടിമുളച്ച  ആദ്യാനുരാഗ കഥയിലെ നായികയായ പ്രിയയെ (ഒരു കടിഞ്ഞൂൽ പ്രണയത്തിൻ പുതുപുത്തൻ പഴങ്കഥ ) , ജാതിയുടെ അതിർവരമ്പുകൾ ഭേദിക്കുവാൻ കഴിയാതിരുന്നത് കൊണ്ട് , അവളുടെ മുറ ചെക്കനായ   എന്റെ മിത്രം കൂടിയായിരുന്ന ഹരി (യേട്ടൻ)  ഗൾഫിൽ നിന്നും വന്ന് കല്യാണിച്ച്, അവളേയും കൂട്ടി ദുബായിലേക്ക് പറന്നകന്ന കാലം ..!

ഏതാണ്ട് ഒരു ദശകക്കാലം നീണ്ടുനിന്ന പ്രിയയുടെയും, എന്റെയും  ഇമ്പമാർന്ന ആ പ്രണയ കാലം മറക്കുവാൻ വേണ്ടിയാണ് 
പിന്നീട് ഞാൻ സമയമുണ്ടാക്കി , 'മാജിക് ഷോ'യും  , പിന്നെ  പല  കൂട്ടുകാരുടെയും പ്രണയ ദൂതുമായും മറ്റും  സെൻറ് .മേരീസ് കോളേജിന്റെ ഇടവഴിയിലും , വിമല 'കേളേജ് ബസ്സിന്റെ പിക്കപ് പോയന്റു'കളിലും , കേരളവർമ്മയിലെ ഊട്ടി പറമ്പിലുമൊക്കെ  ചുമ്മാ റോന്ത് ചുറ്റി നടന്നിരുന്നത്  ...!

പോരാത്തതിന് പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ നടരാജന്മാഷുടെ ട്യൂഷ്യൻ ക്‌ളാസിൽ വെച്ച് എന്നോട് അടുപ്പത്തിലായ സുമം വർഗീസ് ഡിഗ്രിക്ക്  വിമലയിൽ പഠിക്കുന്ന കാലവും ...

അന്നെനിക്ക് സ്വന്തമായി ഒരു പ്രണയിനി ഉള്ളതിനാൽ സുമത്തിനെ (ബെർക്‌ഷെയറിൽ ഒരു പ്രണയകാലം ) ഇഷ്ട്ടപ്പെടുന്ന - കൂട്ടുകാരൻ സുധന്  വേണ്ടി എല്ലാ ഒത്താശകളും ചെയ്‌ത്‌ കൊടുക്കുന്ന 
ഒരു ഉദാര മനസ്‌കനും കൂടിയായിരുന്നു ഞാൻ  എന്നതിനാൽ അവളേയും കൂട്ടുകാരികളെയും, കോളേജ് ബസ് കയറ്റി വിട്ട ശേഷമെ ഞങ്ങൾ സ്വന്തം ക്യാംപസുകളിലേക്ക് തിരിച്ച് പോകുമായിരുന്നുള്ളൂ...

ആ സമയത്ത്  വിരഹം മൂലം പ്രേമം മുട്ടി നിന്ന എന്നുടെ മനസ്സിനുള്ളിലേക്ക് പിന്നീട് കയറി വന്ന ഒരു ചുള്ളത്തിയായിരുന്നു അനിത ... 


ഞാനും എന്റെ കൂട്ടുകാരും കൂടി ഞങ്ങളുടെ ബിരുദ പഠന കാലത്ത് തുടക്കം കുറിച്ച - 'ഫീനിക്‌സ് ട്യൂട്ടോറിയൽ   ട്യൂഷൻ സെന്ററി'ൽ ഇംഗ്ലീഷ്  പഠിപ്പിക്കുവാൻ വന്നവളായിരുന്നു ഇഷ്ട്ടത്തി ...

എന്റെ ഇളയച്ഛൻറെ ഭാര്യയുടെ ചേച്ചിയുടെ മകളായ വലപ്പാട് സ്വദേശിയായ അനിത ,  ആ  സമയത്ത് തൃശൂരിൽ വന്ന് 'ബിഎഡ്'  പഠിക്കുവാൻ വേണ്ടി എന്റെ വീടിന്റടുത്തുള്ള ഇളയച്ഛന്റെ വീട്ടിൽ വന്ന് താമസിക്കുന്ന കാലമായത് കൊണ്ട് - അനിതക്ക്   ടീച്ചിങ്ങ് പരിശീലനത്തിന് വേണ്ടി ഞങ്ങളുടെ 'ട്യൂഷൻ സെന്ററൽ  ഒരു  അദ്ധ്യാപികയായി സ്ഥാനവും കൊടുത്തു ...

അതിനുശേഷം മൂന്നാലു മാസത്തിനിടയിൽ   ഞാൻ അനിതക്ക് കുറച്ച് പ്രണയ പരിശീലനം കൂടി കൊടുത്ത് , ഇളയമ്മയും മറ്റും അറിയാതെ ഞങ്ങളുടെ 'ട്യൂഷൻ സെന്ററി'ലും , 'ഡിലൈറ്റ് ഐസ്ക്രീം പർലറി' ലിലും ,ടൗണിലെ ചില മാറ്റിനിക്ക് പോക്കുമൊക്കെയായി  അത്യാവശ്യം 'ലൈൻ' നല്ല 'സ്‌മൂത്താ'യി വന്ന അവസരത്തിൽ , എങ്ങിനെയോ  നാട്ടിൽ മുഴുവൻ പാട്ടായിരുന്ന  എന്റെ പ്രഥമാനുരാഗ കഥയുടെ ആഴം - അനിത അറിഞ്ഞപ്പോൾ ആ പ്രേമോം   പൊട്ടിപ്പൊളിഞ്ഞു പാളീസായി പോയി ...


എന്റെ പതിനെട്ടാം വയസ്സിൽ അകാലത്തിൽ എന്റെ അച്ഛൻ ഞങ്ങളെ വിട്ട് പോയപ്പോൾ മുതൽ  'ഓട്ടോമറ്റിക്കാ'യി ഞാൻ വീട്ടു കാരണവരായി മാറിയിരുന്നു  ...!

ആയതിനാൽ മാതാപിതാക്കളുടെ സഹോദരീ സഹോദരന്മാരുടെ വീടുകളിലെല്ലാം എന്ത് ചടങ്ങുകൾ ഉണ്ടായാലും , അവിടെയൊക്കെ പോയി തലകാണിക്കേണ്ട ചുമതലയും എന്നിൽ നിഷിപ്തമായ കാലങ്ങളായിരുന്നു അപ്പോൾ ...


അച്ഛൻ മരിച്ച ശേഷം , തൃശ്ശൂർ അങ്ങാടിയിലുള്ള കടയുടെ  ചുമതല എന്റെ രണ്ടാമത്തെ അമ്മാവനും ഞാനും കൂടി ഏറ്റെടുത്ത് നടത്തിയപ്പോൾ പോലും , കടയിൽ നിന്നും സമയമുണ്ടാക്കി അല്പസൽപ്പം പ്രേമ സല്ലാപങ്ങൾക്ക് സമയം കണ്ടെത്തി മനസ്സിനെന്നും ഉന്മേഷം കൊടുത്തിരുന്നവനായിരുന്നു ഞാൻ ...

ശനിയാഴ്ച്ചകളിലെ സെക്കന്റ് ഷോ സിനിമകൾക്ക് ശേഷം, പാതിരാവിലെ 'ഡബിൾക്‌സ്  ഹോട്ടലി'ലെ ഫുഡടിയും, മറ്റും കഴിഞ്ഞു വീട്ടിലെത്തുമ്പോൾ സാധാരണ കോഴി കൂവിയിട്ടുണ്ടാകും ...

സമീപ പ്രദേശങ്ങളിൽ പൂരമോ, പള്ളിപ്പെരുന്നാളൊ വരുന്ന ഉത്സവ സീസണുകളിൽ നാടകമൊ , കഥാപ്രസംഗമൊ , ബാലെയോയുള്ള ദിനങ്ങളിൽ ഇതൊക്കെത്തന്നെയായിരുന്നു ഞങ്ങൾ കൂട്ടുകാരുടെ രാത്രിയിലെ സ്ഥിരം കളിവിളയാട്ടങ്ങൾ ...

ആകെ കിട്ടുന്ന ഒഴിവു ദിവസമായ ഞായാറാഴ്ചകളിൽ കല്യാണങ്ങൾക്കും മറ്റു വിരുന്നുകൾക്കും മറ്റും പങ്കെടുത്ത്  , ചിലപ്പോൾ ബന്ധുമിത്രാധികളുടെ വീടുകളിലെയും,  റിക്രിയേഷൻക്ലബ്ബ്കളിലേയും സന്ദർശനങ്ങളൊക്കെ പൂർത്തിയയായി വരുമ്പോഴേക്കും   ആ ദിനങ്ങളും  കഴിഞ്ഞു കിട്ടും.

അതൊക്കെ പോട്ടെ ഇനി എന്റെ ആദ്യ 
പെണ്ണുകാണൽ അനുഭവത്തെ കുറിച്ച് ചുമ്മാ ഒന്ന് ചൊല്ലിയാടാം...


എന്റെ ചടപ്പരത്തി 'ലാംബി സ്‌കൂട്ടർ' വിറ്റ് പുത്തൻ 'ചേതക് 'എടുത്ത അവസരത്തിലാണ്  , എനിക്ക് ആദ്യമായി  ഒരു പെണ്ണുകാണൽ ചടങ്ങിന് ക്ഷണം കിട്ടിയത് ...
എനിക്കായിട്ടല്ല.  ഞങ്ങളുടെ തലമുറയിലെ മുതിർന്ന പയ്യനായ അമ്മായിയുടെ മകൻ വിനോദേട്ടന് വേണ്ടിയായിരുന്നു ...

കല്യാണ ബ്രോക്കർ 'നമസ്‌കാരം അശോകൻ' കൊണ്ടുവന്ന പെണ്ണിന്റെ ഫോട്ടോ അവർക്ക് 
ഇഷ്ട്ടപ്പെട്ടപ്പോൾ കുറിപ്പടി  വാങ്ങി ഒത്ത് നോക്കിയപ്പോൾ നല്ല ജാതക പൊരുത്തവും ഉണ്ട് .

ഇനി ചെക്കനും പെണ്ണും പരസ്‌പരം കണ്ട് ഇഷ്ട്ടപ്പെട്ടാൽ കാര്യങ്ങൾ പ്രൊസീഡ് ചെയ്യാം ...

വാചകമടി കുറച്ചേറെയുണ്ടെങ്കിലും ,  നല്ല വകതിരുവുള്ള മുകുന്ദ മാമന്റെ  മോൻ മുരളിയും, നീയും കൂടി പോയി പെണ്ണിനെ കണ്ട് വന്നാൽ അവരെ കുറിച്ചുള്ള സകലമാന ഡാറ്റയും - നല്ല ഡീറ്റൈയ്ൽസ്  ആയി അവൻ വിവരിച്ചു  തരും എന്ന് പറഞ്ഞാണ് അമ്മായിയും , മാമനും കൂടി ഈ ചുമതല എനിക്കായി ഒഴിച്ചിട്ടത് ...

അങ്ങനെ അന്നൊരു  ഞായറാഴ്ച്ച , അമ്മായിയുടെ വീട്ടിൽ നിന്നും 'ലഞ്ച്' കഴിച്ച ശേഷം വിനോദേട്ടന് വേണ്ടി ഒരു പെൺ  ക്ടാവിനെ  കാണുവാനായി തൃപ്രയാർ ഭാഗത്തേക്ക് ഞങ്ങൾ വണ്ടി വിട്ടു ...

ബ്രോക്കർ 'നമസ്‌കാരം അശോകൻ' മൂന്ന്  മണിക്ക്  തൃപ്രയാർ അമ്പലനടയിൽ നിന്നും, ഇടത്തോട്ട് പോകുന്ന വഴിയിൽ ഒരു കിലോമീറ്റർ കഴിഞ്ഞാൽ കാണുന്ന ആൽത്തറയിൽ കാത്ത് നിൽക്കാമെന്നാണ് പറഞ്ഞിരിക്കുന്നത് .


പറഞ്ഞ സമയത്തിന് മുമ്പെ  ഞങ്ങളവിടെ എത്തിയ ശേഷം , അശോകൻ ചൂണ്ടി കാണിച്ച  ഇടത്തെ വഴിയിലുള്ള വീടിന് മുമ്പിൽ ഗാർഡനുള്ള , മൂന്നാമത്തെ ടെറസ് വീട്ടിലെത്തിയപ്പോഴേക്കും , അതിന് പിന്നാലെ ബ്രോക്കറും അവിടെ എത്തി ചേർന്നു ...

പെൺ കുട്ടിയുടെ അച്ഛൻ ഗൾഫിൽ ആയത് കാരണം അവിടെ ഞങ്ങളെ വരവേറ്റത് കുട്ടിയുടെ വല്യച്ഛനായിരുന്നു .

മൂപ്പർ ഞങ്ങളെ വീട്ടിൽ കയറുന്നതിന് മുമ്പ്  വീടിൻറെ വടക്ക് വശത്ത് കൊണ്ടുപോയി ആദ്യം പറമ്പ്‌ കാണിക്കുകയാണ് ചെയ്‌തത്‌ ...

'ഞങ്ങൾ സ്ഥല കച്ചോടത്തിനല്ല, പെണ്ണ്കാണുവാനാണ് വന്നതെന്ന്' 
എനിക്ക് പറയണമെന്നുണ്ടായിരുന്നു ...



എന്നാൽ   ജാതിമരങ്ങളും , കായ്ച്ചു നിൽക്കുന്ന വലിയ ഒരു കുടംമ്പുളി മരവും , കടച്ചക്ക പ്ലാവും , പുളിമരവും , കുറെ തെങ്ങുകളുമൊക്കെയായി നല്ല പച്ചപ്പു നിറഞ്ഞുനിൽക്കുന്ന പുരയിടത്തിൽ അസ്സലൊരു ഇരുനില വീട് നിൽക്കുന്ന ദൃശ്യ ഭംഗി വേറെ ഒന്ന് തന്നെയായിരുന്നു ...! 


കൂടാതെ പിന്നാമ്പുറത്ത് ഒരു  കൊച്ചു കുളം , വിറകുപുര കം കയ്യാലയടക്കം ഒരു ടോയ്‌ലറ്റ് , അതിന്റെയടുത്ത് 'നെറ്റ'ടിച്ച  ഒരു കോഴിക്കൂടും നേരെ അപ്പുറത്ത്  ഒരു പട്ടി കൂടും...

അതിൽ ഞങ്ങളെ കണ്ട്  കുരച്ചു കൊണ്ടു നിൽക്കുന്ന ഒരു അൾസേഷൻ നായയും , പിന്നെ അടുക്കള ജനലിൽ കൂടിയുള്ള ചില ഒളിഞ്ഞു  നോട്ടങ്ങളും മറ്റും കണ്ടപ്പോൾ ഞങ്ങൾക്കാണ് അപ്പോൾ ശരിക്കും നാണം വന്നത് ...


പിന്നീട് വീട്ടിൽ കയറി സിറ്റൗട്ടിൽ ഇരുന്നുള്ള വർത്തമാനത്തിൻ ഇടയിൽ പെൺ കുട്ടിയുടെ നാട്ടിക കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന ആങ്ങള ചെക്കനെ എവിടെയൊ  നല്ല കണ്ടു പരിചയം ..?

വല്ല്യച്ഛൻ കാർന്നോർ - മാലപ്പടക്കത്തിന്  തീ പിടിച്ച മാതിരി നിർത്താതെ ബന്ധുക്കളായ പലരെയും , അവരുടെ വീട്ടുംപേരും മറ്റും പറഞ്ഞ് അതിന്റെ ബന്ധം വിശദീകരിച്ച് , വിനോദേട്ടനെ ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുമ്പോൾ , ഞാനതെല്ലാം കേൾക്കുന്ന ഭാവത്തിൽ പെൺകുട്ടിയോട് ചോദിക്കേണ്ട 'ഇന്റർവ്യൂ ' ചോദ്യങ്ങൾ മനസ്സിലിട്ട് 'റിവ്യൂ' ചെയ്യുകയായിരുന്നു ...

കുറച്ച് കഴിഞ്ഞപ്പോൾ  'ഹോം മെയ്‌ഡ്'‌ പരിപ്പുവടയും ,പ്ലം കേക്കും , കായ വറുത്തതുമൊക്കെ ഒരുക്കി വെച്ചിരിക്കുന്ന അകത്തുള്ള ഡൈനിങ് ടേബിളിലേക്ക് വല്യച്ഛൻ ഞങ്ങളെ ആനയിച്ചു ...

ഞാനൊരു പരിപ്പുവട എടുത്ത് കടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വല്യച്ഛൻ 
''മോളെ അനൂ ..ചായ കൊണ്ടു വാ '' 
എന്നതിന്  പിന്നാലെ ചായക്കോപ്പയുമായി പെൺകുട്ടിയും ,ഒപ്പം  അവളുടെ അമ്മയും എത്തി .

പെൺകുട്ടിയെ കണ്ടതും പെട്ടെന്ന് എന്റെ വായിൽ നിന്നും ഒരു വല്ലാത്ത ശബ്ദം പുറപ്പെട്ടു ..

''സോറി ..പരിപ്പുവടക്കുള്ളിലെ മുളക് കടിച്ചതാണെന്ന് ''
പറഞ്ഞ് ഞാൻ അവിടെ സ്‌തംഭിതനായി ഇരുന്നു പോയി ....!

ഒരിക്കൽ കുറച്ചു കാലം എന്റെ പ്രണയിനിയായിരുന്ന അനിതയായിരിന്നു , മഞ്ഞയിൽ നീല പൂക്കളുള്ള സാരിയുടുത്ത് അടുത്ത് വന്നു നിന്ന ആ പെൺകിടാവ്  ...!

എല്ലാവർക്കും അനു , ചയ പകർന്നു തന്നിട്ട് , ചുമ്മാ ചിരിച്ചുകൊണ്ടവിടെ നിന്നു ... 


ഇതിനിടയിൽ വിനോദേട്ടൻ അനിതയോട് എന്തൊക്കൊയൊ  ചോദിക്കുന്നതും, ആയതിനെല്ലാം ചൂണ്ടാണി വിരലിൽ സാരീടെ കോന്തല ചുറ്റിയും, അഴിച്ചും അവൾ ഉരുവിടുന്ന  ഉത്തരങ്ങളും  കേട്ടു  ...


എന്റെ ചോദ്യാവലികൾ മുഴുവൻ ഇറങ്ങിപ്പോയ 
കാരണം  , അവളുടെ അമ്മ കണിമംഗലത്തെ ഇളയമ്മയുടെയും , ഞങ്ങളുടെയുമൊക്കെ  വിശേഷങ്ങൾ ചോദിച്ച് എന്നെ അവിടെ ശരിക്കും  ഇരുത്തി കളഞ്ഞു .... 
ഇതിനിടയിൽ അന്നവിടെ സന്നിഹിതരായിരുന്ന  മറ്റുള്ളവരെയൊക്കെ പരിചയപ്പെടുത്തി .

തിരിച്ചുപോകേണ്ട നേരത്ത് അനിത എന്നോട്  ഒരു ചോദ്യം... 

''എന്താ ഈ മുരളി മാഷ്ക്ക് ..പറ്റീ ത്  ..? പണ്ടത്തെ പോലത്തെ ഉഷാറൊന്നും  കാണാനില്ലല്ലോ ..?''

'' ഞാനെന്തുട്ട് പറയാനാ .., ഇന്ന് വിനോദേട്ടനല്ലേ 'കാൻഡിഡേറ്റ് ..ആള് കേറി ഗോളടിച്ചോട്ടെന്ന് ..വച്ചു..'' 
എന്ന് പറഞ്ഞ് ,'ബൈ ' ചൊല്ലി തിരിച്ചു പോന്നു ..!

മടക്കയാത്രയിൽ സ്‌കൂട്ടറിൽ പിന്നിലിരുന്ന് വിനോദേട്ടൻ 
'' എനിക്ക് കുട്ടീനേം ,വീട്ടുകാരേം ,പരിസരോം മൊക്കെ നന്നായി ഇഷ്ടപ്പെട്ടൂട്ടാ ..., നിനക്കോടാ..മുർല്ല്യേ ..? '' 

''എനിക്കും എല്ലാം കൊണ്ടും ബോധ്യായി ... അസ്സല് കേസാ..ത് '' എന്ന് മാത്രം  പറഞ്ഞു . 

അല്ലാണ്ട്  അനിതേനെ മൂന്നാല് കൊല്ലം മുമ്പ് മുതലേ   എനിക്കും പെരുത്ത്   ഇഷ്ട്ടായിരുന്നൂന്ന് പറയാൻ പറ്റോ ...ല്ലെ ... !

എന്തിന് പറയുവാൻ മൂന്ന് മാസത്തിനുള്ളിൽ  വിരുന്നും , ജാതകം വാങ്ങലും ,
കെട്ടു കല്യാണവും , റിസപ്‌ഷനുമൊക്കെയായി വിനോദേട്ടന്റെ കല്യാണം കെങ്കേമമായി നടന്നു ...

അനിത എനിക്ക് അനിതേടത്തിയായി മാറി ...!


പിന്നീട് അനിതേടത്തിക്ക് ഒരു കൊല്ലത്തിനുള്ളിൽ   വിനോദേട്ടന്റെ വീടിനടുത്തുള്ള   ഒരു  'എയ്‌ഡഡ്‌ സ്‌കൂളി'ൽ 
കൊഴ കൊടുത്തിട്ടാണെങ്കിലും ടീച്ചറുദ്യോഗം കിട്ടി ...
ശേഷം രണ്ട് മക്കളുടെ  മാതാവായി , ഇപ്പോൾ അമ്മായിയമ്മയും ,ആ സ്‌കൂളിലെ തന്നെ ഹെഡ്‌മിസ്‌ട്രസുമാണ് എന്റെ ഈ ആദ്യ പെണ്ണുകാണലിലെ നായിക ...

വിനോദേട്ടൻ രണ്ട് കൊല്ലം മുമ്പ് ഇറിഗേഷൻ വകുപ്പിലെ സൂപ്രണ്ടുദ്യോഗത്തിൽ നിന്നും റിട്ടയറായി കൃഷിയിലും ,അല്പ്പം പൊതുകാര്യങ്ങളിലും ഇടപ്പെട്ട് നടക്കുന്നു.

ഒന്നൊര വർഷം മുമ്പ് ഞങ്ങൾ നാട്ടിലെത്തിയപ്പോൾ - വിനോദേട്ടന്റെ മകന്റെ കല്യാണത്തിന് മുന്നോടിയായി നടക്കുന്ന വിരുന്നു കഴിച്ചിലിന്റന്ന് ഞങ്ങൾ എല്ലാ വീട്ടുകാരുടെ മുന്നിൽ വെച്ചാണ് എന്റെയും, അനിത ടീച്ചറുടെയും - പഴയ കാല  പ്രണയ കഥകൾ -  ഞാൻ വെളിവാക്കിയത് ...!

ആയതെല്ലാം കേട്ട് അന്നവിടെയുള്ളവർക്കെല്ലാം  പൊട്ടി ചിരിക്കുവാൻ ഒരു വകയായി എന്നുമാത്രം...!

ഇത് കേട്ടപ്പോൾ 
എന്റെ ഭാര്യ അനിതേടത്തിയോട് 
'' ഇങ്ങോരെ അന്ന് തേച്ചിട്ട് പോയത് കൊണ്ട് അനിതേച്ചി രക്ഷപ്പെട്ടു ,കഷ്ടപ്പാട് മുഴുവൻ എനിക്കല്ലേ കിട്ടീത് ''
എന്ന് പരിതപിക്കുന്നത് കേട്ടു...

'എന്ത് ചെയ്യാനാ കഷ്ടപ്പാടും,  ദുരിതവും ആർക്കാണെന്ന് 

മ്ള് കെട്ട്യോൻമാർക്ക് മാത്രമല്ലെ അറിയൂ  ...അല്ലെ കൂട്ടരെ' ... ! !


PS:-
ഈ അനുഭവ കഥ ഇന്നത്തെ ബ്രിട്ടീഷ് മലയാളി പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കേട്ടോ .നന്ദി ബ്രിട്ടീഷ് മലയാളി ടീം ...
പെണ്ണുകാണൽ അപാരതകൾ britishmalayali.co.uk 

ഇതിലെ കാർട്ടൂൺ ചിത്രം 'ചായില്യം' വക .


23 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഇപ്പോഴുള്ള ന്യൂ-ജെൻ പിള്ളേരെ പോലെയുള്ള
'ചാറ്റിങ്ങും' , 'ചീറ്റിങ്ങും', 'ഡേറ്റിങ്ങു'മൊന്നുമില്ലാതെ
തന്നെ ,പ്രഥമ ദർശനത്തിൽ തന്നെ ജീവിത പങ്കാളികളായവർ ...!


അവർ ഇപ്പോഴും തട്ടി മുട്ടി കോട്ടം കൂടാതെ പരസ്‌പരം
പിരിയാതെ തന്നെ മരണം വരെ ജീവിതം മുട്ടത്തട്ടെത്തിച്ചത്
കാണുമ്പോഴുണ്ടാകുന്ന സംതൃപ്‌തി - ഇന്നത്തെ ഈ പുത്തൻ തലമുറയുടെ
ഇപ്പോൾ ചുറ്റുപാടും നടക്കുന്ന ധാരാളം വിവാഹ മോചനങ്ങൾ കാണുമ്പോൾ
കിട്ടുന്നില്ല എന്നത് വാസ്തവമാണ് ...

Muralee Mukundan , ബിലാത്തിപട്ടണം said...

വല്ല്യച്ഛൻ കാർന്നോർ  മാലപ്പടക്കത്തിന്  
തീ പിടിച്ച മാതിരി നിർത്താതെ ബന്ധുക്കളായ
പലരെയും , അവരുടെ വീട്ടുംപേരും മറ്റും പറഞ്ഞ്
അതിന്റെ ബന്ധം വിശദീകരിച്ച് വിനോദേട്ടനെ ശ്വാസം
മുട്ടിച്ചു കൊണ്ടിരിക്കുമ്പോൾ , ഞാനതെല്ലാം കേൾക്കുന്ന
ഭാവത്തിൽ പെൺകുട്ടിയോട് ചോദിക്കേണ്ട 'ഇന്റർവ്യൂ ' ചോദ്യങ്ങൾ
മനസ്സിലിട്ട് 'റിവ്യൂ' ചെയ്യുകയായിരുന്നു ...
കുറച്ച് കഴിഞ്ഞപ്പോൾ  'ഹോം മെയ്‌ഡ്'‌ പരിപ്പുവടയും ,
പ്ലം കേക്കും , കായ വറുത്തതുമൊക്കെ ഒരുക്കി വെച്ചിരിക്കുന്ന
അകത്തുള്ള ഡൈനിങ് ടേബിളിലേക്ക് വല്യച്ഛൻ ഞങ്ങളെ ആനയിച്ചു .

ഞാനൊരു പരിപ്പുവട എടുത്ത് കടിച്ചു
കൊണ്ടിരിക്കുന്നതിനിടയിൽ വല്യച്ഛൻ 
''മോളെ അനൂ ..ചായ കൊണ്ടു വാ ,'' 
എന്നതിന്  പിന്നാലെ ചായക്കോപ്പയുമായി
പെൺകുട്ടിയും ,ഒപ്പം  അവളുടെ അമ്മയും എത്തി ....

Cv Thankappan said...

തുറന്നെഴുത്ത് ഗംഭീരമായി. വായനാ സുഖമുള്ള ശൈലിയിൽ മനോഹർ മായൊരു അനുഭവ കഥ.
എല്ലാവിധ ആശംസകളും നന്മകളും നേരുന്നു.

pravaahiny said...

അറിഞ്ഞ് തന്നെയാ മുരളി എന്ന് പേരിട്ടത് അല്ലേ ചേട്ടാ. ഒരു കൊച്ച് കൃഷ്ണൻ ആയിരുന്നല്ലേ. പാവം വിനോദേട്ടൻ. അസൽ പെണ്ണ് കാണൽ

വീകെ. said...

മുർളിയേട്ടാ.. സകല പെണ്ണുകാണലും പറഞ്ഞിട്ടും സ്വന്തം പെണ്ണുകാണൽ പറഞ്ഞില്ലാട്ടോ... അവസാനം വരെ കാത്തിട്ടും ആകാംക്ഷ ശമിപ്പിച്ചില്ല. ഞങ്ങളെ പറ്റിച്ചൂല്ലേ...?/

Areekkodan | അരീക്കോടന്‍ said...

ഹ ഹ ഹാ.. എനിക്കിഷ്ടായത് ആ സ്ഥലം കാണിച്ചപ്പോഴുള്ള ആത്മഗതമാ... സൂപ്പർ

ഗൗരിനാഥന്‍ said...

ദൈവത്താണേ കൃഷ്ണൻ പൊറുക്കൂല.. അങ്ങേരെ തോൽപിക്കാൻ നടക്കാ ല്ലേ

മഹേഷ് മേനോൻ said...

ആദ്യഭാഗത്ത് പറഞ്ഞിരിക്കുന്നത് കറക്ട് ആണുട്ടോ.. ചാറ്റിങ്ങും ചീറ്റിങ്ങും ഒക്കെ കഴിഞ്ഞു കെട്ടുന്നവർക്ക് പെട്ടെന്ന് പറയാനൊന്നുമില്ലാത്ത അവസ്ഥ ആയിപ്പോകുന്നതുകൊണ്ടാണ് പിരിഞ്ഞുപോകുന്നത് എന്ന് തോന്നാറുണ്ട്.

ഇതൊരു ഒന്നൊന്നര അനുഭവകഥ ആയിപ്പോയല്ലോ :-D അറിഞ്ഞുകൊണ്ട് വിട്ടുകൊടുക്കുന്നവർ മഹാന്മാർ എന്നല്ലേ പറയുക അപ്പൊ മുരളിയേട്ടൻ അങ്ങനെ ചുളുവിൽ ഒരു മഹാനായി ;-) എന്നാലും ആ പരിപ്പുവടയിലെ മുളക് കടിച്ച് ശബ്ദം ഉണ്ടാക്കുന്ന രംഗം ഓർത്തു ഒരുപാട് ചിരിച്ചു

കൊച്ചു ഗോവിന്ദൻ said...

ഇതൊരു അപാര പെണ്ണുകാണൽ തന്നെ ആയിപ്പോയി! മുരളി ചേട്ടന് ഇത്രേം അനുഭവസമ്പത്തുള്ള സ്ഥിതിക്ക്, "പെണ്ണുകാണാൻ പോകുന്നവർക്ക് 25 പൊടിക്കൈകൾ" എന്ന ഒരു പോസ്റ്റ് എഴുതിയാൽ യുവതലമുറയ്ക്ക് വളരെ ഉപകാരമാവും!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട തങ്കപ്പേട്ടൻ ,നന്ദി . അനുഭങ്ങൾ എഴുതിയിടാനാണല്ലോ
ഏറ്റവും എളുപ്പം ,അതും അന്ന് കാലത്ത് ഏറ്റവും ഇഷ്ട്ടപ്പെട്ട പെണ്ണ്
കാണൽ സംഗതികളെ കുറിച്ച്- അപ്പോൾ ഇങ്ങനെയൊക്കെ തുറന്ന് എഴുതാമല്ലോ അല്ലെ.

പ്രിയമുള്ള പ്രവാഹിനി ,നന്ദി .അറിഞ്ഞ് കൊണ്ട്  മുരളി എന്ന്
പേരിട്ടതതാവാൻ വഴിയില്ല ,പേര് അന്വർത്ഥമാക്കുവാൻ ഒരു പാഴ്ശ്രമം
നടത്തി ആയതു മുഴുവൻ വിജയിക്കാതെ പോയ ഒരുവൻ എന്ന് വേണമെങ്കിൽ കരുതി കൊള്ളൂ.     

പ്രിയപ്പെട്ട അശോകൻ ഭായ് ,നന്ദി.എന്റെ കേസിൽ ഒരു പെണ്ണുകാണൽ
ഒട്ടും നടത്തേണ്ടി വന്നില്ലല്ലോ ,ആയതുകൊണ്ടാണ് പത്ത് നൂറ് പെണ്ണുകാണൽ
ചടങ്ങുകളിൽ പങ്കെടുത്ത എന്റെ ആദ്യ പെണ്ണു കാണൽ അനുഭവം ഇവിടെ വിവരിച്ചത്.

പ്രിയമുള്ള അരിക്കോടൻ മാഷെ ,നന്ദി . ആ കാരണവർ ചെയ്‌തത്‌ 
ഒരു ശരി തന്നെയാണെന്ന് ഇപ്പോൾ ഞാൻ ഒരു കരണവരായപ്പോൾ മനസ്സിലാക്കുന്നുണ്ട് ,
പെണ്ണ് മാത്രം പോരല്ലൊ , ചുറ്റുപാടും അറിയണമെന്നുള്ള കാഴ്ചപ്പാടുള്ളവരാണല്ലൊ നുമ്മ മലയാളികൾ.

പ്രിയപ്പെട്ട ഗൗരിനാഥന്‍ ,നന്ദി .അയ്യോ ..., കൃഷ്ണേട്ടന്റെ തലവരയിലെ
നൂറിൽ ഒരു അംശം മാത്രമേ എനിക്ക് കിട്ടീട്ടുളളൂ - കഷ്ട്ടി 16 കാമിനിമാർ...!

പ്രിയ മഹേഷ് ഭായ് ,നന്ദി . അന്ന് കാലത്തുള്ള എന്റെ ഒട്ടുമിക്ക
പ്രണയാനുഭവങ്ങളും പാളിപ്പോയ കേസുകളായത് കൊണ്ട് ,ഇന്നും അവയൊക്കെ 
അതെ പ്രണയ ഭാവത്തോടെ നിൽക്കുന്നുണ്ട് എന്നുള്ള ഒരു സന്തോഷം മാത്രമേ എനിക്ക്
ഇപ്പോൾ പങ്കുവെക്കാനുള്ളു കേട്ടോ ഭായ് .   

Bipin said...

അപാര പെണ്ണു കാണൽ തന്നെ. ഇതൊക്കെ ആണെങ്കിലും പ്രേമിച്ചവരെയൊക്കെ ഓരോരുത്തരായി കല്യാണം കഴിച്ചു കൊണ്ടു പോകുമ്പോഴുള്ള ആ മനസ് ..... നാട് നീളെ പ്രേമിച്ചു നടന്ന ആള്.സംഭവം ഗംഭീരമായി.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഇങ്ങിനെയൊരു പഞ്ചാരക്കുട്ടന്റെ പെണ്ണുകാണൽ കഥ മുമ്പാരും എഴുതിക്കണ്ടില്ല.. അനുഭവം തന്നെയാണ് എന്ന് തുറന്നെഴുതിയത് മനസ്സിന്റെ സത്യസന്ധത തന്നെയാണ്..എന്തായാലും കാമുകിയുടെ മകന്റെ കല്യാണത്തിന് കൂട്ടുകാരനോട് ഇക്കഥ പങ്കുവച്ചതും അതുകൊണ്ടാണ്.. പ്രിയതമയും അവസരത്തിനൊത്ത് ഉയർന്നല്ലോ.. എല്ലാം കൊണ്ടും ശുഭസൂചകം തന്നെ..

വിനുവേട്ടന്‍ said...

മുരളിഭായ്... സസ്പെൻസ് ത്രില്ലർ ആയിപ്പോയല്ലോ ഇത്... മുരളിഭായിയുടെ സുതാര്യതയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല...

പിന്നെ അശോകേട്ടൻ പറഞ്ഞതു പോലെ സ്വന്തം പെണ്ണുകാണൽ എങ്ങനെ ആയിരുന്നൂന്ന് പറഞ്ഞില്ല...

ആനന്ദ് ശ്രീധരം said...

നല്ല....നല്ല...അസ്സല് സാധനം... വായിച്ചു കൈഞ്ഞപ്പോഴേക്കും ഒരു സുഖം.. തൃശൂർ പൂരത്തിന് ആനയെ എഴുന്നള്ളിച്ചതിന്റെ തലയെടുപ്പ്..ആഹാ.. വേറെന്ത് പറയാനാണ്.. കിടിലം..കിടിലം.. വായനാ സുഖം..അപാരമാണ്..

Geetha said...

മുരളീ ഭായ് ... പെണ്ണുകാണൽ അപാരത ... അടിപൊളി ... ആ പരിപ്പുവട തിന്ന സീൻ എനിക്ക് ഏറെ ഇഷ്ടമായത് . അനുഭവങ്ങൾ മറയില്ലാതെ തുറന്നെഴുതി . പോസ്റ്റ് രസകരമായി സ്വന്തം പെണ്ണുകാണൽ കൂടി എഴുതാമായിരുന്നു .
ആശംസകൾ

സമാന്തരൻ said...

ഞാൻ കണ്ട ഞങ്ങളുടെ നാടിന്റെ പഴയ ചിത്രമാണ്. നാടിഷ്ടപ്പെട്ടു. നാട്ടിലെ കല്ല്യാണം മുട്ടി ചെർപ്പക്കാരുടെ കൂടെ പോകുന്ന കാര്യം ബഹുരസമാണെന്ന് അനുഭവം. സ്വന്തം എന്ന് ഒരിക്കൽ കരുതിയ ആളെ മറ്റൊരാൾടെ കൂടെ കാണുേമ്പഴേ ഒരു ചങ്കിടിപ്പും വെള്ളമിറക്കലും വിയർക്കുമാണ്. അപ്പോൾ അങ്ങനെയൊന്ന് സെറ്റപ്പാക്കാൻ രണ്ടു തവണ ചാൻസ് കിട്ടിയ മുരളി ചേട്ടന് നമോവാകം

ലക്ഷ്യം തെറ്റിയ തോണി said...

കുറച്ച് സമയം വേറെ ഏതോ ലോകത്തിൽ ആയിപ്പോയി... രസകരമായ അവതരണം

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട കൊച്ചു ,നന്ദി . എന്ത് കാര്യങ്ങളും വളരെ
ആത്മാർത്ഥമായി ചെയ്യപ്പെട്ടാൽ ആയതിനൊക്കെ ഒരു
അപരതയുണ്ടാകും കേട്ടോ കൊച്ചു ....
പിന്നെ"പെണ്ണുകാണാൻ പോകുന്നവർക്ക് 25 പൊടിക്കൈകൾ
വേണമോ, അതോ പ്രണയിക്കുന്നവർക്കുള്ള 100 ചെപ്പടി വിദ്യകൾ
വേണമൊ എന്നുള്ള ഒരു കണ്ഫയൂഷ്യനിൽ ആണ് ഞാൻ - ഇതൊക്കെ ഇന്നത്തെ യുവതലമുറയ്ക്ക് പറ്റുമോ എന്നുള്ള ഡൗവ്ട്ടും ഉണ്ടുതാനും..!
 

 പ്രിയമുള്ള ബിപിൻ സാർ , അന്നത്തെ പ്രണയിനിമാരെല്ലാം വേറെ
കുടുംബിനികളായി മാറിയെങ്കിലും ,ഇന്നും അവരോടുള്ള പ്രണയം അങ്ങോട്ടും
ഇങ്ങോട്ടും യാതൊരു വിഘ്നവും കൂടാതെ നിലനിന്നുകൊണ്ടിരിക്കുന്നു എന്നുള്ള  അപാരമായ സംഗതികൾ  തൊട്ടറിയുമ്പോഴുള്ള സുഖം നുണഞ്ഞു ജീവിക്കുന്ന്നവനാണ് ഞാൻ  കേട്ടോ ഭായ് .


പ്രിയമുള്ള മുഹമ്മദ് ഭായ് , നന്ദി . ഫിക്ഷനെക്കാളും കളങ്കമില്ലാത്ത
അനുഭവങ്ങൾ എഴുതി പിടിപ്പിക്കൂമ്പോഴാണല്ലോ ഇങ്ങിനെയുള്ള കാര്യങ്ങൾക്ക് സ്വതസിദ്ധമായ ഒരു ഉന്മേഷം കൈവരുന്നത്  അല്ലെ ന്റെ ഭായ് .


പ്രിയപ്പെട്ട വിനുവേട്ടൻ ,നന്ദി .അന്നത്തെ സസ്‌പെൻസും ,ത്രില്ലും ,
സുതാര്യതയൊന്നും ഇല്ലെങ്കിലും - സെന്റ്‌മേരീസ് കോളേജിന്റെ ഇടവഴിയും ,
വിമല കോളേജ് ബസ്സിന്റെ പിക്കപ്  പോയന്റുമൊക്കെ അന്നൊക്കെ മനസ്സിന് അത്രയും  കുളിർമയുണ്ടാക്കിയ സംഗതികളാണല്ലോ അല്ലെ വിനുവേട്ടാ .


പ്രിയമുള്ള ആനന്ദ് ഭായ് ,നന്ദി .നാട്ടിൽ അന്ന് നടമാടിയ സ്വന്തം
അനുഭവങ്ങൾ ഇന്നും വിട്ടുമാറാതെ ഒരു ഗൃഹാതുരതയോട് കൂടി കൊണ്ടു
നടക്കുന്നവനാണ് ഞാൻ .അതുകൊണ്ട് എന്ത് അനുഭാവാവിഷ്കാരങ്ങൾ എഴുതുമ്പോഴും
വാക്കുകൾ ജഗപൊകയടിച്ചങ് വന്നുകൊണ്ടിരിക്കുമ്പോഴുണ്ടാകുന്ന ഒരു ശൈലിയാണിത് കേട്ടോ ഭായ് .

മാധവൻ said...

മുരളിചേട്ടാ എന്തൂട്ടാ ദ്.ഇവിടെ പ്പോയാലും ഓരോ ലലലാമണികൾ ഉണ്ടല്ലോ.ഈ മൊബൈലും,ഇന്റർനെറ്റ് ഉം ഒന്നുമില്ലാതെ ഉണ്ട്ഇമ്മാതിരി റേഞ്ച്‌.വല്ലാത്ത പഹയനാ ട്ടാ.വെറുതെ അല്ല 24ഇൽ കെട്ടിച്ചത്... കിടുക്കോൽകിടുക്കൻ പെണ്ണുകാണൽ ആയി ട്ടാ.സലാം

roopz said...

ഭയങ്കര കഥകളാണല്ലോ... :)

ആശംസകൾ
 രൂപ

ബെഞ്ചാലി said...

ന്നാലും എടീന്ന് വിളിക്കുന്നേടത്ത് ഏട്ടത്തീന്ന് വിളിക്കേണ്ടി വരിക.. ഹോ! :)

Sabu Hariharan said...

ഇത് എവിടെ എങ്കിലും എഴുതിയിരുന്നോ? മുൻപ് വായിച്ച ഒരോർമ്മ...

രാകേഷ് രാമകൃഷ്ണന്‍ said...

പെണ്ണ് കാണല്‍ അല്ലെങ്കിലും നല്ല രസമുള്ള കാര്യമാണ്. പതിനേഴ് തവണ പെണ്ണ് കണ്ട എനിക്കത് നന്നായറിയാം. അത് കൊണ്ടാണല്ലോ എന്‍റെ പെണ്ണ് കാണലിനെ കുറിച്ചും ഞാന്‍ എഴുതിയത്.

https://rakeshera.blogspot.com/2012/06/blog-post.html

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...