Thursday 15 July 2021

ശതവാർഷികം പിന്നിട്ട ആംഗലേയ നാട്ടിലെ മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 5 ...! / Shathavarshikam Pinnitta Aamgaleya Nattile Malayalatthinte Naalvazhikal - Part - 5 ...!


ആംഗ്ലേയ നാട്ടിലെ നൂറ് വർഷം പിന്നിടുന്ന 

മലയാളി എഴുത്തിന്റെ നാൾവഴികൾ  -  ഭാഗം അഞ്ച് 
 
ഓരോ മനുഷ്യരിലും ജന്മസിദ്ധമായി 
ചില പ്രത്യേക കഴിവുകൾ ഉണ്ടാകാറുണ്ട്. 
സാഹചര്യവും സന്ദർഭവും ഒത്തുവരികയാണെങ്കിൽ 
ആ നിപുണതകളുടെ വൈഭവത്തോടെ അവർക്ക് ആ 
മേഖലകളിൽ പ്രാപ്തരാകുവാൻ സാധിക്കും... 

കായിക കളികളിലും കലയിലും  സാഹിത്യത്തിലും  
സംഗീതത്തിലുമൊക്കെ  സാമർത്ഥ്യം പ്രകടമാക്കുന്നവരൊക്കെ 
ജന്മനാ രൂപപ്പെടുന്ന ഇത്തരം പ്രതിഭാവൈശിഷ്ട്യം തിരിച്ചറിഞ്ഞു
കൊണ്ട് ആയതിലൊക്കെ പ്രാവീണ്യം നേടിയെടുക്കുമ്പോൾ  ആണ് ...

അയർലണ്ടിൽ നിന്നും , ഇംഗ്ലണ്ടിൽ നിന്നും അന്നും ഇന്നും 
മലയാളത്തിൽ എഴുതുന്നവരിൽ അഞ്ചാറ് പേരുകൾ ഒഴിച്ച് 
നിറുത്തിയാൽ ബാക്കിയുള്ളവരൊന്നും തന്നെ  പെരുമയുള്ള 
ആസ്ഥാന എഴുത്തുകാരൊന്നുമല്ല. വെറും ഭാഷാസ്നേഹികളായ  
എഴുത്തിൽ നിപുണത  തെളിയിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന  
ആംഗലേയ നാടുകളിലുണ്ടായിരുന്ന പ്രവാസി  മലയാളികളാണ്.

ഈ പരിചയപ്പെടുത്തലുകളിൽ കാണുവാൻ കഴിയുന്നത് 
അത്തരത്തിലുള്ള വായനയേയും  എഴുത്തിനേയും കലകളേയുമൊക്കെ 
എന്നുമെന്നും കൂടെ കൊണ്ടു നടക്കുന്ന ഭാഷാസ്നേഹികളായ 
ഈ നാടുകളിൽ പ്രവാസി മലയാളികളായിരുന്നവരേയും ഇപ്പോൾ സ്ഥിരതാമസമുള്ളവരേയുമാണ് ..

സീമ മേനോൻ
ഇവിടെ യു.കെ - യിലെ ഗേറ്റ്സ്‌ഷെഡിൽ താമസിക്കുന്നകൊച്ചുകാര്യങ്ങളുടെ തമ്പുരാട്ടി എന്നറിയപ്പെടുന്ന തൃശൂരിലെ ഇരിങ്ങാലക്കുട  സ്വദേശിനിയായ സീമ മേനോൻ കഥകളുടെ ഒരു തമ്പുരാട്ടി തന്നെയാണ് ...
മലയാളം ഓൺ-ലൈൻ പോർട്ടലുകളിലും , ബിലാത്തിയിലെ മലയാള പ്രസിദ്ധീകരണങ്ങളിലും നല്ല കാമ്പും  കഴമ്പുമുള്ള കഥകൾ എഴുതുന്ന സീമയുടെ കഥകളും, ലേഖനങ്ങളുമൊക്കെ 'വനിത'യടക്കം പല പ്രിന്റ്  മീഡിയകളിലും പ്രസിദ്ധീകരിച്ചു  വരാറുണ്ട് .
സീമയുടെ അമേരിക്കയിലുള്ള സഹോദരിയും നന്നായി എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്
ഒരു  കഥാകാരിയെന്ന നിലക്ക് ഇന്ന് യു.കെയിലുള്ള എഴുത്തുകാരികളായ സ്ത്രീ രത്നങ്ങളിൽ മികച്ചു നിൽക്കുന്ന ഒരുവളാണ് സീമ മേനോൻ  ...

ബ്ലോഗ് :-
കൊച്ചുകാര്യങ്ങളുടെ തമ്പുരാട്ടി (http://themistressofsmallthings.blogspot.com/)


രാജേഷ് കൃഷ്ണ 
പത്തനംതിട്ടയിൽ നിന്നും ലണ്ടനിൽ എത്തിയ രാജേഷ് കൃഷ്‌ണവളരെ ഊർജ്ജസ്വലനായ  ഒരു പത്ര പ്രവർത്തകനും , നല്ലൊരു എഴുത്തുകാരനുമാണ് . 

എന്നും സാമൂഹ്യ നീതികൾ ആവശ്യക്കാർക്ക് കിട്ടുവാൻ വേണ്ടി തൂലിക ചലിപ്പിക്കുന്ന രാജേഷ് ബിരുദ പഠനത്തിന് ശേഷം ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കരസ്ഥമാക്കിയിട്ട് , പിന്നീട് കൈരളി ടി.വി യിലെ മാദ്ധ്യമ പ്രവർത്തകനായ ശേഷം , യു.കെ യിലെത്തി രാജ് ടി.വി യിലെ പ്രൊഡ്യൂസറായിരുന്നു . 

പിന്നീടിദ്ദേഹം  BBC ന്യൂസ് ടീമിന്റെ ഒപ്പം പ്രൊഡ്യൂസറായി ജോലി ചെയ്തിരുന്നു. 
വളരെ ശക്തമായ ഭാഷയിൽ എഴുതിക്കൊണ്ടിരിക്കുന്ന രാജേഷിന്റെ പല ആർട്ടിക്കിളുകളും വിവിധ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച് വരാറുണ്ട് .
ഒപ്പം അനേകം വായനക്കാർ രാജേഷിന്റെ എഴുത്തുകൾ സോഷ്യൽ മീഡിയ സൈറ്റുകൾ വഴിയും വായിച്ചു വരുന്നുണ്ട്...

സ്വപ്ന സത്യൻ
പാലക്കാട് ജില്ലയിലെ കുഴൽമന്ദത്തുനിന്നും യു.കെ യിലെത്തി ബിരുദാനന്തര ബിരുദം എടുത്ത സ്വപ്ന സത്യൻ  (പ്രവീൺ )  ഇപ്പോൾ കവൻട്രിയിൽ ഭർത്താവ് പ്രവീണും മകനുമൊത്ത് താമസിച്ച്  ജോലി ചെയ്യുന്ന അസ്സൽ ഒരു എഴുത്തുകാരിയാണ് . 
അനേകം ജീവിത ഗന്ധിയായ കഥകൾ ആത്മാവിഷ്കാരത്തോടെ എഴുതിയിടാനുള്ള സ്വപ്നയുടെ കഴിവ് ഒന്ന് വേറെ തന്നെയാണ് .  
അടുത്തിടെ  പുറത്തിറങ്ങിയ 'പറഞ്ഞു തീരാത്ത സത്യങ്ങൾ ' എന്ന കഥാസമാഹാരമാണ് സ്വപ്ന പ്രവീണിന്റെ ആദ്യ പുസ്തകം .

എഴുത്തിൽ മാത്രമല്ല സ്‌കൂൾതലം  മുതൽ വിവിധ കലാമത്സരങ്ങളിൽ വിജയിയായിട്ടുള്ള ഒരു സകലകാല വല്ലഭയാണ് സ്വപ്ന . 
കഥാപ്രസംഗ കലയിൽ വല്ലഭയായ സ്വപ്ന , പഠന കാലങ്ങളിൽ   തുടർച്ചയായി ജില്ലാതലത്തിലും , മറ്റും കലാ തിലകമായിരുന്നു .

അനേകം  മലയാളം ,തമിഴ് സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള , ഇരു ഭാഷകളിലേയും ഒരു പ്രൊഫഷണൽ ഡബ്ബിങ്ങ്  ആർട്ടിസ്റ്റ്‌ കൂടിയായ ഈ  സാഹിത്യ കലാ പ്രതിഭ , പ്രദീപ് നായരുടെ 'ഒരിടം(വീഡിയോ) 'എന്ന സിനിമയിൽ  മർമ്മ പ്രധാനമായ ഒരു റോളിലും അഭിനയിച്ച സിനിമാ-സീരിയൽ താരം കൂടിയാണ് ,കലാസാഹിത്യ - സിനിമാ പ്രതിഭയായ സ്വപ്ന പ്രവീൺ .

മുരുകേഷ്  പനയറ 'പറഞ്ഞു  തീരാത്ത സത്യങ്ങൾ'  എന്ന സ്വപ്നയുടെ 11  കഥകളുടെ സമാഹാരത്തിലെ ഓരോ കഥകളും എടുത്ത് വിലയിരുത്തലുകൾ നടത്തി ,സ്വപ്നയെ  പരിചപ്പെടുത്തുന്നത് ഇവിടെ വായിക്കാവുന്നതാണ് ...

കെ .ആർ .ഷൈജുമോൻ 
തൃശൂർ ജില്ലയിലെ ചാലക്കുടി സ്വദേശിയായ കൊവെൻറിയിൽ താമസിക്കുന്ന കെ ആർ ഷൈജുമോൻ എഴുത്തിന്റെ ഒരു വല്ലഭൻ തന്നെയാണ് .
ബിരുദാനന്തരം , കേരള പ്രസ്സ് അക്കാദമിയിൽ നിന്നും ജേർണലിസം കഴിഞ്ഞ് , നാട്ടിലെ പല പ്രമുഖ പത്ര സ്ഥാപനങ്ങളിലും വർക്ക് ചെയ്ത് , ഇപ്പോൾ ബ്രിട്ടനിലെ ഏറ്റവും പ്രചാരമുള്ള ഓൺ-ലൈൻ പത്രമായ 'ബ്രിട്ടീഷ് മലയാളി'യുടെ റസിഡന്റ് എഡിറ്ററായി ജോലി ചെയ്യുകയാണ് ഇദ്ദേഹം . 

ഏതൊരു വാർത്തയും അപ്പപ്പോൾ ചൂടാറും മുമ്പ് വായനക്കാരുടെ ഇടയിൽ എത്തിക്കുന്നതിനുള്ള ഷൈജുമോനുള്ള പാടവം ഒന്ന് വേറെ തന്നെയാണ് . 
വായനക്കാർ  മുഴുവൻ ഏറ്റവും രസിക്കുന്ന വിധത്തിൽ വാർത്തകൾ ചമയ്ക്കാനും , അവരെ കൊണ്ട് ആയതെല്ലാം വായിപ്പിക്കാനുമുള്ള ഷൈജുമോനുള്ള  ആ കഴിവ് തന്നെയാണ്,  ബ്രിട്ടീഷ് മലയാളിയുടെ ഈ വളർച്ചക്ക് കാരണമെന്ന് പറഞ്ഞാൽ അതിൽ  ഒട്ടും അതിശയോക്തിയില്ല .
ഒപ്പം  ഈ എഴുത്തു വല്ലഭൻ പല കോളങ്ങളും , അഭിമുഖങ്ങളും തനതായ രീതിയിൽ അവതരിപ്പിച്ച് താൻ  ജോലി ചെയ്യുന്ന പത്ര സ്ഥാപനത്തെ  എന്നും മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുകയാണ് . 
ഇതൊന്നും കൂടാതെ ധാരാളം സാമൂഹ്യ സേവനങ്ങളും , മലയാളം പ്രമോഷനുകളും , അവാർഡ് ദാനങ്ങളും ,സേവന പരിപാടികളും കെ .ആർ .ഷൈജുമോന്റെ  നേതൃത്വത്തിൽ 'ബ്രിട്ടീഷ് മലയാളി'നടത്തി പോരുന്നുണ്ട് ...

വെബ് സൈറ്റ് :- http://bmcharity.org/

സിയാ ഷമീൻ 
യു.കെ വിട്ട് തൽക്കാലം യു.എസിൽ പോയെങ്കിലും അങ്കമാലിക്കാരിയായ സിയാ ഷമീൻ  എന്ന
യാത്രാവിവരണത്തിന്റെ ഈ തമ്പുരാട്ടി തന്റെ എഴുത്തുകളിൽ കൂടി , പടങ്ങൾ സഹിതം നമ്മളൊക്കെ കാണാത്ത പല സ്ഥലങ്ങളേയും  , അവിടത്തെ ജീവിത സമസ്യകളേയും  അതിലും മനോഹാരിതയോടെ വരികളാൽ വരച്ചിടുന്ന വിവരണക്കാരിയാണ് സിയ .
'ബിലാത്തി ബ്ലോഗേഴ്സ് ക്ലബ്ബിലെ ' ഒരു അംഗവും കൂടിയാണ് ഈ യാത്രയുടെ തോഴി . 
പാരന്റിംഗിന്റെ പൊല്ലാപ്പുകളിൽ പെട്ട് തൽക്കാലം എഴുത്തുകളിൽ നിന്ന് സിയ വിട്ടു നിൽക്കുകയാണ് .
സിയയുടെ കൊച്ചുകൊച്ചു വിശേഷങ്ങൾ ഇപ്പോൾ വായനക്കാർ മിസ്സ് ചെയ്യുകയാണ് ...

ബ്ലോഗ് :-

അരുൺ കുമാർ

ആലപ്പുഴയിൽ നിന്നും വന്ന്  നോർത്ത് ഈസ്ററ് ഇംഗ്ലണ്ടിൽ ന്യൂകാസിലിനടുത്തുള്ള ആഷിങ്‌ടൺ എന്ന ചെറിയ പട്ടണത്തിൽ താമസിക്കുന്ന അരുൺ കുമാർ പഠിക്കുന്ന കാലം മുതൽ നല്ലൊരു വായന പ്രിയനും സാഹിത്യ പ്രതിഭയുള്ള ഒരു  യുവ എഴുത്തുകാരനാണ് .
നല്ല ഈടുറ്റ ചെറുകഥകൾ രചിക്കുന്ന റേഡിയോഗ്രാഫർ കൂടിയായ അരുൺ കോളേജ് മാഗസിനുകളിലും മറ്റും എഴുതിയിരുന്ന വ്യക്തിയാണ്.
ആലപ്പുഴ കഥകൾ എന്നൊരു ബ്ലോഗ്ഗിൽ കൂടിയും അരുൺ ധാരാളം എഴുതിയിടാറുണ്ടായിരുന്നു .  നല്ല വായനാസുഖമുള്ള ആർട്ടിക്കിളുകൾ എഴുതുന്ന ഇദ്ദേഹം യു. കെ യിൽ വന്ന ശേഷവും പലപ്പോഴായി ഇവിടെയുള്ള ചില  മലയാളം പ്രസിദ്ധീകരണങ്ങളിലും  രചനകൾ പ്രസിദ്ധീകരിച്ചു  വരാറുണ്ട് . 

കഥ എഴുതുന്നതിൽ നല്ല വരമുള്ളതിനാൽ ഭാവിയിലെ നല്ലൊരു ഈടുറ്റ കഥാകാരനാകുവാൻ പ്രാപ്തിയുള്ള ഒരു യുവ എഴുത്തുകാരനാണ് അരുൺ കുമാർ ...


കണ്ണൻ രാമചന്ദ്രൻ
പന്തളം സ്വദേശിയായ കണ്ണൻ രാമചന്ദ്രൻ , സ്കൂൾ കാലഘട്ടം മുതൽ കലാലയ പഠനങ്ങൾ തീരുന്നതുവരെ കലോത്സവ കലാപ്രതിഭ പട്ടം നേടിയിട്ടുള്ള ഒരു കലാസാഹിത്യ  വല്ലഭനാണ്.
പന്തളം NSS കോളേജിൽ നിന്നും മലയാളം സാഹിത്യത്തിൽ ബിരുദം നേടിയ ശേഷം എം .എസ് .സി സൈക്കോളജിയും പിന്നീട് എം .ബി.എ യും കഴിഞ്ഞതിനെ തുടർന്ന് , അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നും നേഴ്സിംഗ് ഡിഗ്രിയും കരസ്ഥമാക്കി ലണ്ടനിലെത്തി വിവിധ  ജോലികൾ ചെയ്തുകൊണ്ടിരിക്കുകയാണ് കണ്ണൻ . 
ചെറുകഥകൾ ധാരാളം എഴുതി പല മാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഒപ്പം സിനിമ പ്രമേയങ്ങളായ അനേകം ആർട്ടിക്കിളുകളും .

നല്ലൊരു ഗായകൻ കൂടിയായ കണ്ണൻ , പല സംഗീത ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലും  പ്രാവീണ്യനാണ് . 
ലണ്ടനിലെ സെന്റ് : ജോർജ്ജ് ഹോസ്പിറ്റലിലെ മെഡിക്കൽ അസിസ്റ്റാന്റായുള്ള കണ്ണൻറെ  സ്ഥിര ജോലിയെ കൂടാതെ നാട്ടിലെ പത്രങ്ങൾക്ക്  ലണ്ടൻ വാർത്തകൾ എഴുതി കൊടുത്തും , ഓൺ-ലൈൻ ന്യൂസ് പേപ്പറുകളിൽ ആർട്ടിക്കിളുകൾ എഴുതിയും  , ലണ്ടൻ മലയാളം റേഡിയോ ജോക്കിയായും , പല മലയാളം പരിപാടികളിൽ   അവതാരകനായും  പ്രതിഭാ സമ്പന്നനായി കണ്ണനെ എന്നും കാണാവുന്നതാണ്...

വിനയ രാഘവൻ 
കണ്ണൂരിൽ നിന്നും വന്നിട്ടുള്ള വിനയ രാഘവൻ സകലകലാ വല്ലഭയായ ലണ്ടനിലുള്ള ഒരു കലാസാഹിത്യകാരിയാണ്  . 
കമ്പ്യൂട്ടർ  സയൻസ് എൻജിനീയറിങ്ങു്  ബിരുദ ധാരിയായ,  ലണ്ടനിൽ പോർട്ട് ഫോളിയോ മാനേജരായി ജോലിനോക്കുന്ന വിനയ  ധാരാളം കവിതകളും ,സാമൂഹ്യ ചിന്തകൾ ഉണർത്തുന്ന ലേഖനങ്ങളും , കഥകളും എഴുതാറുണ്ട് . 
'സാപിയൻസ്'   എന്ന പേരിൽ ആംഗലേയത്തിലും , മലയാളത്തിലുമായി 'വിമൺ വെബ് , I E മലയാളം , ബോധി കോമൺസ് , അഴിമുഖം ' എന്നവയിലടക്കം പല മാദ്ധ്യമങ്ങളിലും , മാഗസിനുകളിലും വിനയ എഴുതി  വരാറുണ്ട് . കുറെയേറെ ഫീച്ചർ ഫിലിമുകളിൽ പല റോളുകളിലും അഭിനയിച്ചിട്ടുള്ള ഒരു സിനിമാ താരം  കൂടിയായ വിനയയുടെ പുതിയ  സിനിമ - The Heart of Dog - ഈ ഡിസമ്പറിൽ IFFK2017 പ്രദർശിപ്പിക്കുന്നുണ്ട് . 
വിനയ ശാസ്ത്രീയ സംഗീതത്തിലും , നൃത്തത്തിലും  (ഡാൻസ് ബ്ലോഗ് - DanceSapience ) പ്രാവീണ്യമുള്ള പോലെ തന്നെ എഴുത്തിനെയും , വായനയേയും എന്നും കൂടെ കൊണ്ട് നടക്കുന്ന ഒരു വനിതാ രത്നമാണ് . 
ഒപ്പം വിനയ  ധാരാളം സാമൂഹ്യ പ്രതിബദ്ധതയുള്ള ഡോക്യുമെന്ററികളും , ഷോർട്ട് ഫിലിമുകളും Cardium Productionsന്റെ പേരിൽ നിർമ്മിച്ചഭിനയിച്ച് പുറത്തിറക്കിയിട്ടുണ്ട് .
എൻഡോസൾഫാൻ ദുരിതത്തെ കുറിച്ച് വിനയയുടെഡോക്യുമെന്ററിക്ക്‌ (വീഡിയൊ) 2012 ൽ CNN-IBN അവാർഡ് കിട്ടിയിട്ടുണ്ട് . 
വിനയ രാഘവൻറെ ബ്ലോഗ്  Sapience അനേകം  വായനക്കാർ വായിച്ച് വരുന്നുണ്ട് . വിനയ കുട്ടിമാളു  മാധവിക്കുട്ടിയെ കുറിച്ച്എഴുതിയ ലേഖനമാണിത് ...

ബ്ലോഗ് :- vinootyssapience.com

ജയപ്രകാശ് മറയൂർ 
അക്ഷര നഗരിയിൽ നിന്നും കൈവന്ന അക്ഷര സമ്പത്തുമായി ബിലാത്തിയിലെ ബെൽഫാസ്റ്റ് നഗരത്തിലെത്തിയ ഒരു മറയൂർ സ്വദേശിയാണ് ജയപ്രകാശ് മറയൂർ എന്ന എഴുത്തിന്റെ  തലതൊട്ടപ്പൻ . 
നല്ല ആഴത്തിൽ വായനയുള്ള   ജയപ്രകാശിന്റെ എഴുത്തുകളിൽ ആയതിന്റെ പ്രതിഫലനം എന്നും നിറഞ്ഞു കാണാവുന്നതാണ്.   
കോട്ടയം ബസേലിയസ് കോളേജിലെ ചെയർമാൻ ആയിരുന്ന ജയപ്രകാശ് രാഷ്ട്രമീമാംസയിൽ  ബിരുദം എടുത്ത ശേഷം, ദേശാഭിമാനി പത്രത്തിൽ കുറെക്കാലം ജോലി നോക്കിയിരുന്നു .
ധാരാളം കഥകൾ പഠനകാലം തൊട്ടേ എഴുതി തുടങ്ങിയ ഇദ്ദേഹം  നാട്ടിലെയും  , ഇവിടത്തേയും മിക്ക മാദ്ധ്യമങ്ങളിലും എഴുതി വരാറുണ്ട് . 
സാമൂഹ്യ പ്രതിബദ്ധതയുള്ള അനേകം വിഷയങ്ങളെ കുറിച്ച് സോഷ്യൽ മീഡിയ സൈറ്റുകളിലും , പല ഓൺ -ലൈൻ പോർട്ടലുകളിലും ,  നല്ല ഈടുറ്റ തന്റെ കാഴ്ച്ചപ്പാടുകൾ എന്നുമെന്നോണം എഴുതിയിട്ടുകൊണ്ടിരിക്കുന്ന ജയപ്രകാശ് മറയൂരിന്റെ കുറിപ്പുകൾ ധാരാളം പേർക്ക് നല്ലൊരു വായനാനുഭവം തന്നെയാണ് . 
സമൂഹത്തിലും , ചുറ്റുവട്ടങ്ങളിലും നെറി കേട് കാണുമ്പോഴെല്ലാം , ആയതിനെതിരെ പ്രതികരിച്ച് എപ്പോഴും പൊതുസമൂഹത്തിന് എന്നും ബോധവൽക്കരണങ്ങൾ നടത്തി കൊണ്ടിരിക്കുന്ന ഒരു സോഫാ ഗ്ലൂ എഴുത്തുകാരനല്ല ജയപ്രകാശ്  ; എഴുത്തിനൊപ്പം തന്നെ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളിലും നേരിട്ട് ഇറങ്ങിച്ചെന്ന്  വളരെ സജീവമായി ഇടപെടുന്ന ഒരാൾ കൂടിയാണ് ഈ എഴുത്തിന്റെ പ്രതിഭ .
ഇപ്പോഴും ഒരു പിടി ചെറുകഥകൾ എഴുതി  അലമാരിയിലും , സൈബർ പെട്ടിയിലും ഭദ്രമായി പൂട്ടി വെച്ചിരിക്കുന്നതെല്ലാം എടുത്ത് നന്നായി പൊടി തട്ടി മിനുക്കിയെടുത്ത്  ഒന്നു രണ്ട് കഥാസമാഹാര പുസ്തകങ്ങളാക്കുവാൻ ഒരുങ്ങിയിരിക്കുകയാണ് ഈ യുവ കഥകാരൻ...

ജയശ്രീ [ലക്ഷ്‌മി]  
എറണാകുളം ജില്ലയിലെ ചെറായിയിൽ നിന്നും   2002 മുതൽ യു കെ യിലെ  വാട്ട്ഫോഡ് താമസമുള്ള ജയശ്രീ [ലക്ഷ്‌മി]  സകല കലാവല്ലഭയായ ഒരു എഴുത്തുകാരിയാണ് .
ചെറുപ്പം മുതൽ ചിത്രം വര, പെയിന്റിങ്, സംഗീതം എന്നിവയോട് ആഭിമുഖ്യമുണ്ടായിരുന്നു. 
പതതാം വയസ്സ് മുതൽ ശാസ്ത്രീയ നൃത്തം അഭ്യസിച്ചു തുടങ്ങി. ആദ്യം ഭരതനാട്യവും പിന്നീട് കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയും അഭ്യസിച്ചു. അനവധി സ്റ്റേജ് പെർഫോമൻസുകളും ചെയ്തിട്ടുണ്ട്. പല കാരണങ്ങളാൽ  ബ്രേയ്ക്കുകൾ വന്നിട്ടുണ്ടെങ്കിലും , ഇപ്പോഴും നൃത്തവും വായ്പ്പാട്ടുമായി  സ്‌റ്റേജുകൾ ചെയ്യുന്നുണ്ട്. 
ചിത്രം വരയിലും പെയിന്റിങ്ങിലും ചെറുപ്പം മുതൽ സ്വയം അഭ്യസിച്ചെടുത്ത ഒരു ശൈലിയാണ് അവലംബിച്ചിരുന്നത്. എന്നാൽ നിയമ ബിരുദാനന്തരം നോർത്ത് പറവൂർ ഉള്ള ചിത്രസദനം സദാശിവൻ മാഷിന് കീഴിൽ ഒരു വർഷത്തോളം പെയിന്റിങ് അഭ്യസിക്കാൻ അവസരമുണ്ടായിട്ടുണ്ട്. 
ഇവയ്ക്കു പുറമെ തയ്യൽ, എംബ്രോയിഡറി വർക്ക്, ഫ്‌ളവർ മേക്കിങ് എന്നിവയും അഭ്യസിച്ചിട്ടുണ്ട് .   
ഹൈസ്‌കൂൾ കാലം മുതൽ ചെറിയ തോതിൽ ചെറുകഥകളും ,കവിതകളുമെഴുതിത്തുടങ്ങിയിരുന്നു. അവയിൽ ചിലതെല്ലാം കോളേജ് മാഗസിനുകളിലും , നാട്ടിലെ ചില മാദ്ധ്യമങ്ങളിലും അച്ചടിച്ച്‌ വന്നിട്ടുണ്ട്. 

പിന്നീട് യു.കെ കാലഘട്ടത്തിൽ സ്വയം പ്രസാധന സാദ്ധ്യതകളിലൂടെ മലയാളം ബ്ലോഗുകളിലും സാന്നിദ്ധ്യമറിയിച്ചു. ചെറുകഥകളും കവിതകളും  പാട്ടും പെയിന്റിങ്ങുകളുമായി  ഒരു ഘട്ടത്തിൽ ബ്ലോഗിൽ വളരെ സജീവമായിരുന്നു .  
യു.കെയിലെ പ്രഥമ മലയാളം ബ്ലോഗ് എഴുത്തുകാരിയായിരുന്നു ജയശ്രീ ...!
ലക്ഷ്‌മിയുടെ പേരിലുളള  
ഗുരുപവനപുരാധീശം (കവിതകൾ ) ; 
കല്ലോലിനി/വൃന്ദാവനം  (ഗാനങ്ങൾ ) ;   
കാളിന്ദീതീരം (കഥകൾ )  ;   രാധാനന്ദനം (വരകളും,വർണ്ണങ്ങളും ) എന്നീ നാല് മലയാളം ബ്ലോഗുകളിലായി സർഗ്ഗസൃഷ്ടി നടത്തിയിരുന്ന  ഒരു സകലകലാ വല്ലഭയായ വനിതരത്നമാണ് ജയശ്രീ. 

എറണാകുളം ലോകോളേജിൽ നിന്നും നിയമബിരുദം  കരസ്ഥമാക്കി. എൻറോൾമെന്റിനു ശേഷം നോർത്ത് പറവൂർ കോടതിയിൽ അഡ്വക്കറ്റ് എൻ. എ അലിയുടെ കീഴിൽ ഒരു വര്ഷം അപ്പറെന്റീസ് ഷിപ്പ് ചെയ്തു. അതോടൊപ്പം നേഴ്‌സിംഗിൽ ഡിപ്ലോമയെടുത്ത് നേഴ്‌സിങ്ങു് പ്രൊഫെഷനിലേക്കും  ആകൃഷ്ടയായി .   ഇപ്പോൾ വാട്ഫോഡ് ജനറൽ ഹോസ്പിറ്റലിൽ സ്ട്രോക്ക് നേഴ്സ് സ്പെഷ്യലിസ്റ് ആയി വർക്ക് ചെയ്യുന്നു. ഇവിടെ വന്നിട്ട് മറ്റനേകം നേഴ്‌സിംങ്ങിൽ ട്രെയിനിങ് സർട്ടിഫിക്കേറ്റുകളും കരസ്ഥമാക്കിയ ജയശ്രീ, .ഇപ്പോഴും  സമയത്തിനനുസരിച്ച് ചെറുകഥകളും കവിതകളും പാട്ടുകളും  നൃത്തവും പെയിന്റിങ്ങുകളുമൊക്കെയായി  സൈബർ  ലോകത്തും സജീവമാണ്. 
ഹെമൽഹെംസ്റ്റഡ്  മലയാളി കൂട്ടായ്മകളിലും ജയശ്രീ തന്റെ കലാഭിരുചികളുടെ  വൈഭവം അടയാളപ്പെടുത്തുന്നു. 
ഈ  ബിലാത്തി ജീവിതത്തിനിടയിലും  ഇത്തരം സ്റ്റേജുകളിലും , സൈബർ ലോകത്തും  പിന്നെ തന്റെ വളരെ അടുത്ത ഒരു കൊച്ചു സൗഹൃദ വലയത്തിനുള്ളിലുമായി ആത്മാവിഷ്കാരത്തിന്റെ പുതു സൃഷ്ടികൾ കണ്ടെത്തി സന്തോഷപൂർവ്വം ജീവിതം കൊണ്ടു പോകുകയാണ് ഈ എഴുത്തുകാരി ...

ബ്ലോഗുകൾ :-
കല്ലോലിനി/വൃന്ദാവനം (http://kallolini.blogspot.com/)  
ജോയ് അഗസ്തി 
അങ്കമാലിക്കാരനായ സാഹിത്യ കാലാവല്ലഭനായ  ജോയ് അഗസ്തിരണ്ടായിരത്തി രണ്ടിൽ ലിവർപൂളിൽ എത്തി. രണ്ടായിരത്തി അഞ്ച് മുതൽ കലാ രംഗത്തു പ്രവർത്തിച്ചു തുടങ്ങി. നാടകാഭിനയം ഏറെ ഇഷ്ടം. 
ബൈബിൾ സംബന്ധിയും സാമൂഹ്യ സംബന്ധിയുമായ നാല് നാടകങ്ങൾ എഴുതി അവതരിപ്പിച്ചിട്ടുണ്ട്. 
കൂടാതെ ഹാസ്യ സ്‌കിറ്റുകളും. 
യുക്മാ സാംസ്കാരിക വേദിയുടെ ചീഫ് കോർഡിനേറ്റർ ആയി സേവനം ചെയ്തിട്ടുണ്ട്. രണ്ടായിരത്തി എട്ടുമുതൽ ബ്ലോഗ് എഴുതി തുടങ്ങിയെങ്കിലും ബ്ലോഗിൽ ഏറെ സജീവമല്ലായിരുന്നു.
ഇദ്ദേഹത്തിന്റെ  മണ്ടൻ പോലീസ് എന്ന ബ്ലോഗ്ഗ് തട്ടകം ഇപ്പോഴും നിർജ്ജീവാവസ്ഥയിൽ ഉണ്ട്...

ഡോ : നസീന  മേത്തൽ 
കോഴിക്കോട്ടുനിന്ന് വന്ന് യു.കെ യിലെ മാഞ്ചസ്റ്ററിലെ സ്റ്റോക്-ഓൺ പോർട്ടിൽ താമസിക്കുന്ന പാലിയേറ്റീവ് മെഡിസിനിൽ കൺസൾട്ടന്റായി ജോലി നോക്കുന്ന
ഡോ :നസീന മേത്തൽ   , തന്റെ സ്വതസിദ്ധമായ നർമ്മത്തിൽ പൊതിഞ്ഞ ശൈലികളാൽ എന്തിനെ കുറിച്ചും അതിമനോഹരമായി എഴുതിയിട്ട് , എല്ലാ വായനക്കാരെയും കൈയ്യിലെടുക്കുന്ന ഒരു എഴുത്തുകാരിയാണ് .

ആകാശത്തിന് കീഴെയുള്ള സകലമാനകാര്യങ്ങളെ കുറിച്ച് മാത്രമല്ല ,പല സാമൂഹ്യ രാഷ്ട്രീയ നിരീക്ഷണങ്ങളും എഴുതിയിടുന്ന ഡോ : നസീനയുടെ കൊച്ച് കൊച്ചു കുറിപ്പുകൾ ഇന്ന് ധാരാളം പേർ വായിച്ച് പോകുന്നുണ്ട് . ഒപ്പം സൈബർ ലോകത്തെ ഒരു മിന്നുന്ന താരവും കൂടിയാണ്  മൊഞ്ചത്തിയായ ഈ വനിതാരത്നം ... !

'അവിയൽ' പുസ്തകത്തിലെ വേറിട്ടുള്ള അനേകം കുറിപ്പുകളുടെ രചയിതാവ് കൂടിയാണ് MRCP ഡോക്റ്ററായ നല്ല ചുറുചുറുക്കുള്ള നസീന മേത്തൽ ...

ടോമി വട്ടവനാൽ 
ദീപിക പത്രത്തിൽ ജോലിചെയ്തിരുന്ന ടോമി
വട്ടവനാൽ, പിന്നീട് മനോരമയുടെ ഡൽഹി കറസ്പോണ്ടന്റായിരുന്ന ശേഷം ലണ്ടനിൽ സ്ഥിരതാമസമാക്കി ഇപ്പോൾ  റോയൽ മെയിലിൽ ജോലി ചെയ്യുന്ന  ഒരു ജേർണലിസ്റ്റാണ്.
കോട്ടയം ജില്ലയിലെ
കുറവിലങ്ങാട് സ്വദേശിയായ
ടോമി ജേർണലിസത്തിലും മാസ് കമ്മ്യൂണിക്കേഷനിലും ബിരുദാനന്തര ബിരുദമുള്ള വളരെ സൗമ്യനായ വ്യക്തിത്വത്തിനുടമയാണ്.
  
തന്റെ എഴുത്തുകൾക്കൊപ്പം മലയാള മനോരമ പത്രത്തിലടക്കം മറ്റു ചില മാദ്ധ്യമങ്ങളുടേയും  യു .കെ യിലെ വാർത്താലേഖകൻ കൂടിയാണ് ടോമി വട്ടവനാൽ...



സുഭാഷ് ശശിധരൻ
പെരുമ്പാവൂരിൽ നിന്നും ലണ്ടനിലെ റോംഫോർഡിൽ വന്ന് താമസിക്കുന്ന ഇപ്പോൾ ഐ .ടി .ഫീൽഡിൽ ജോലി നോക്കുന്ന സുഭാഷ്  ശശിധരൻ ബിരുദ പഠന കാലം തൊട്ടേ നന്നായി എഴുതുന്ന ആളായിരുന്നു .

ഡൽഹി പ്രവാസകാലത്ത് കേരള ക്ലബ്ബിലെ സ്ഥിരം സന്ദർശകനായിരുന്ന സുഭാഷ് അന്നവിടെ ഇദ്ദേഹത്തിന്റെ കവിതകൾ അവതരിപ്പിക്കാറുണ്ടായിരുന്നു, ഒപ്പം അന്നവിടെയുണ്ടായിരുന്ന സാഹിത്യ വല്ലഭരുടേയും ഉറ്റ മിത്രം കൂടിയായിരുന്നു മലയാളം ഭാഷ സ്നേഹിയായ സുഭാഷ് .

ലണ്ടനിലെ നല്ലൊരു പൊതു പ്രവർത്തകൻ കൂടിയായ സുഭാഷിന് മലയാളത്തിൽ ഒരു ബ്ലോഗും ഉണ്ടായിരുന്നു .
ഇവിടെയുള്ള പല  മലയാളി സാംസ്‌കാരിക കൂട്ടായ്മകളിലും സജീവമായി പങ്കെടുത്തു കൊണ്ടിരുന്ന മനുഷ്യ സ്നേഹിയും ദേശ സ്നേഹിയുമായ ഒരു വ്യക്തിത്വത്തിനുടമയാണ് ഇദ്ദേഹം.
ഇപ്പോൾ സോഷ്യൽ മീഡിയ തട്ടകങ്ങളിലൂടെ ദിനംപ്രതി തന്റെ ചിന്തകൾ പങ്കുവെക്കുന്നതിനാലാവാം സുഭാഷിന്റെ മറ്റു സാഹിത്യ രചനാ വൈഭവങ്ങളൊന്നും വേറെയധികം ഇപ്പോൾ മാദ്ധ്യമങ്ങളിലൊന്നും അധികം പ്രത്യക്ഷപ്പെടാത്തത് ...

റെജി നന്തിക്കാട്ട്
ബാംഗ്ലൂരിൽ നിന്നും യു.കെ യിലെ എൻഫീൽഡിൽ വന്ന് വാസമുറപ്പിച്ച ഒരു മലയാളം ഭാഷ സാഹിത്യ സ്നേഹിയാണ് റെജി നന്തിക്കാട് എന്ന കോട്ടയംകാരൻ. 
യു .കെ യിലെത്തിയ ശേഷം സാഹിത്യ പരിപോഷണത്തിനായി പ്രത്യേകം സമയം നീക്കി വെച്ചിരിക്കുന്ന ഒരു സാഹിത്യ പ്രേമിയാണ് റെജി ഫിലിപ്പ് നന്തിക്കാട്. 
യു.കെ മലയാളികൾക്ക് വേണ്ടി വർഷം തോറും സാഹിത്യ മത്സരങ്ങളും ,വിവിധ തരത്തിലുള്ള സാഹിത്യ കൂട്ടായ്മകളും സംഘടിപ്പിക്കാറുള്ള 'ലണ്ടൻ മലയാള സാഹിത്യവേദി 'യുടെ അധിപനും , സാഹിത്യ രചനകൾക്ക്  എല്ലാതരത്തിലും പ്രോത്സാഹനങ്ങൾ കൊടുത്തു കൊണ്ടിരിക്കുന്ന മലയാളം വായനഎന്ന ന്യൂസ്‌-പോർട്ടലിന്റെ പത്രാധിപരും , ഉടമയും കൂടിയാണ് ഈ നല്ലൊരു വായനക്കാരൻ കൂടിയായ ഈ പത്രപ്രവർത്തകൻ  .
കൂടാതെ യുക്‌മ നടത്തുന്ന 'ജ്വാല ' എന്ന ഇ-മാഗസിനിന്റെ ചീഫ് എഡിറ്റർ പദവിയും  ഇദ്ദേഹം വഹിക്കുന്നുണ്ട്. 
സ്വന്തമായും , മറ്റു പുസ്തക പ്രസാധകരുമായി സംയുക്തമായും പല യു.കെ മലയാളികളുടെയും സാഹിത്യ കൃതികൾ റെജി നന്തിക്കാട് ഇതിനോടകം പബ്ലിഷ് ചെയ്ത് പുസ്തകമായി വിപണിയിൽ ഇറക്കിയിട്ടുണ്ട് ...

ശ്രീജിത്ത് ശ്രീകുമാർ
പാലക്കാട് നിന്ന്  വെയിൽസിലെ ന്യൂപോർട്ടിൽ വന്ന് സ്വന്തം ബിസിനസ്സ് കൾസൾട്ടൻസി നടത്തുന്ന ശ്രീജിത്ത് ശ്രീകുമാർ നല്ല നിരീക്ഷണ പാടവമുള്ള ഒരു എഴുത്തുകാരനാണ് .  
ഒരു പ്രഭാഷകനും , അസ്സലൊരു ഫോട്ടോഗ്രാഫറും  കൂടിയായ ശ്രീജിത്ത് യാത്രകളുടെ ഒരു തോഴൻ കൂടിയാണ് . 
യാത്രകൾക്ക് ശേഷം ആയതിനെ കുറിച്ചെല്ലാം  യാത്രാവിവരണങ്ങളും പല ഓൺ - ലൈൻ മാദ്ധ്യമങ്ങളിലും എഴുതിയിടാറുണ്ട് ഇദ്ദേഹം. 

പഠനകാലത്തൊക്കെ നന്നായി കഥകളും ലേഖനങ്ങളുമൊക്കെ എഴുതിയിട്ടിരുന്ന ശ്രീജിത്ത്  എഴുത്തിൽ നിന്ന് കുറച്ച് പിൻ  വലിഞ്ഞെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയ തട്ടങ്ങളിലും മറ്റും സാമൂഹ്യ പ്രസക്തിയുള്ള പല കുറിപ്പുകളും ഇപ്പോൾ എഴുതിവരുന്നു .
ഒപ്പം ഇദ്ദേഹം പല പുരോഗമന സാംസ്കാരിക സംഘടനകളിലും നേരിട്ടിറങ്ങി  പ്രവർത്തിക്കുന്നുമുണ്ട് . 
ശ്രീജിത്ത് ശ്രീകുമാറിന്റെ അതിമനോഹരമായ ഫോട്ടോഗ്രാഫി ബ്ലോഗ് Beyond Words ഇവിടെ സന്ദർശിക്കാവുന്നതാണ് ....
ബ്ലോഗ് :- Beyond Words 

കൊച്ചു ത്രേസ്യ 
ബാന്ഗ്ലൂരിൽ നിന്നും ഓൺ-സൈറ്റ് എൻജിനീയറായി ബിലാത്തിയിൽ എത്തി 'വീണ്ടും ബിലാത്തി വിശേഷങ്ങൾ ' എന്ന കുറിപ്പുകൾ എഴുതിയിട്ട കൊച്ചു ത്രേസ്യ   ഇപ്പോൾ അയർലണ്ടിൽ , എഴുത്തിന്റെ ലീലാവിലാസങ്ങളുമായി കഴിയുകയാണ് .

നർമ്മത്തിൽ പൊതിഞ്ഞുള്ള സ്വതസിദ്ധമായ ശൈലിയിലൂടെ തന്റെ ജീവിതത്തിൽ നിന്നുള്ള ഏടുകളും , ഏടാകൂടങ്ങളുമെല്ലാം സാഹിത്യത്തിൽ  ചാലിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണ് മാതൃഭൂമി  പുറത്തിറക്കിയ 'കൊച്ചു ത്രേസ്യയുടെ ലോകം ' .
പൊട്ടിച്ചിരിക്കാതെ ഈ പുസ്തകം വായിച്ച് തീരുവാനാവില്ല  എന്നതാണിതിന്റെ പ്രത്യേകത .
അന്നും , ഇന്നും ഈ കൊച്ച് - ഫേസ്‌ബുക്കിലും , ഗൂഗിൾ പ്ലസ്സിലും ബ്ലോഗിലുമൊക്കെ ഒരു വെട്ടിത്തിളങ്ങും താരം  തന്നെയാണ് ...


ബിൻസു ജോൺ
കണ്ണൂരിലെ പയ്യന്നൂരിൽ  നിന്നും വന്ന് ലെസ്റ്ററിൽ  സ്ഥിരതാമസമുള്ള പൊളിറ്റിക്കൽ സയൻസ് ബിരുദധാരിയായബിൻസു ജോൺ ഇവിടെ സ്വതന്ത്രമായി  പത്ര പ്രവർത്തനനം നടത്തുന്ന ഭാഷാസ്നേഹിയാണ് . 

മലയാളം യു.കെ  എന്ന ഓൺ -ലൈൻ പത്രത്തിന്റെ മാനേജിങ്ങു് എഡിറ്ററാണ് . 
വായനയിലും എഴുത്തിലും തല്പരനായ ബിൻസു യു.കെയിലെ അറിയപ്പെടുന്ന ഒരു സാമൂഹ്യപ്രവർത്തകനും , യുക്മ ന്യൂസ് പത്രത്തിന്റെ മുൻ എഡിറ്ററും , സാഹിത്യ മാസികയായ ' ജ്വാല ' ഓൺ -ലൈൻ മാഗസിന്റെ മാനേജിങ്ങ് എഡിറ്ററും ആയിരുന്നു .
യു.കെ .മലയാളികളുടെ കലാസാഹിത്യ സംബന്ധിയായ പല ആർട്ടിക്കിളുകളും, ബിനുവിന്റെ പ്രസിദ്ധീകരണങ്ങളിലൂടെയാണ് ആദ്യമൊക്കെ വെളിച്ചവും കണ്ടിട്ടുള്ളത്...

വെബ് സൈറ്റ് :- മലയാളം UK (http://malayalamuk.com/)

മോനി  ഷിജോ
ബെർമിങ്‌ഹാമിലുള്ള  മോനി  ഷിജോ  
ധാരാളം കവിതകളും , ഗീതങ്ങളും എഴുതുന്ന ഒരു യുവ എഴുത്തുകാരിയാണ് . 
അങ്കമാലിയിലുള്ള ചുള്ളിയിൽ  നിന്നും വന്നിട്ടുള്ള ഈ ചുള്ളത്തി ഒരു സിനിമ താരം കൂടിയാണ് ( 'സർവ്വോപരി പാലക്കാരൻ etc).  
ധാരാളം ഇടിവെട്ട് ഡയലോഗ് കൾ അടക്കം നിരവധി കലാമൂല്യമുള്ള നാടകങ്ങൾക്ക് കഥ , തിരക്കഥ , സംഭാഷണം , സംവിധാനം വരെ നിർവഹിച്ചിട്ടുള്ള നാടകാചാര്യൻ ശ്രീ .ടി .പി. ഉറുമീസിന്റെ മകളാണ്  മോനി .
മോനി ഷിജോ തൻറെ  മനസ്സിന്റെ അടിത്തട്ടിൽ നിന്നുമുയരുന്ന ഭാവങ്ങൾ തൂലികയിൽ ചായം ചാലിച്ചെഴുതാൻ കഴിയുന്ന  കലാ സാഹിത്യ നിപുണയായി തന്നെ , ഹൃദയത്തിന്റെ ഭാഷക്ക് മങ്ങൽ സംഭവിക്കാതെ ചായക്കൂട്ടുകളാൽ വികൃതമാകാതെ അതേപടി പകർത്തിയെഴുതുന്ന കൂട്ടത്തിലുള്ളഎഴുത്തുകാരിയാണ്. ചായക്കൂട്ടുകൾ എപ്പഴും വർണ്ണപകിട്ടു കൂട്ടുമെന്നറിയാമെങ്കിലും , അവ  അധികമാവുമ്പോൾ എവിടെയൊക്കെയോ അതിന്റെ തനതായ ഭാവം നഷ്ട്ട പെടുന്നുണ്ടോ അതോ നഷ്ടമാവുമോ എന്നൊരു ഭയം കൊണ്ടാണ് താനങ്ങിനെ എഴുതാത്തതെന്നാണ് മോനി  സ്വയം പറയുന്നത് .
കൃസ്ത്യൻ ഭക്തി ഗാനങ്ങളടക്കം 
സ്വന്തം പാട്ടുകളുടെ പല ആൽബങ്ങളും സംവിധാനം ചെയ്ത് മോനീ  ഇറക്കിയിട്ടുണ്ട് . 
അതിൽ ഇപ്പോൾ പുറത്തിറങ്ങിയ 'ജ്യോതി പ്രഭാവൻ' എന്ന ബിജു നാരായണൻ ആലപിച്ച അയ്യപ്പ ഭക്തിഗാനങ്ങളുടെ വരികൾ എഴുതിയിട്ടുള്ളതും മോനിയാണ് . 

ലണ്ടൻ മലയാളി റേഡിയൊ ജോക്കിയായിരുന്ന മോനി ,ഇപ്പോൾ  മലയാളി റേഡിയൊ യു.എസ് ന്റെ കോർഡിനേറ്റർ  കൂടിയാണ് .ഒപ്പം ഈ സാഹിത്യ കലാപ്രതിഭ , യു.കെ യിലെ നല്ലൊരു അവതാരക കൂടിയാണ്  . 
സമൂഹത്തിന്  നന്മയുണ്ടാകുന്ന തന്റെ മനസ്സിന് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ കൂടി പങ്കുവെക്കുന്നതിലും എന്നും ബഹുമിടുക്കി തന്നെയാണ് മോനീ  ഷിജോ...

വിപിൻ
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ജന്മദേശമായ   വിപിൻഇപ്പോൾ യു.കെ  യിലെ കെന്റ് കൗണ്ടിയിൽ സ്ഥിര താമസം . 
സ്കൂൾ , കോളേജ് കാലഘട്ടങ്ങളിൽ മുതൽ എഴുത്തിന്റെ മേഖലയിൽ സജീവം .
കാമ്പുള്ള വിഷയങ്ങളെ വളരെ ലളിതമായി ചെറുകഥകളിലൂടെ  കോറിയിടുന്ന ഈ കലാകാരന്റെ ധാരാളം ചെറുകഥകൾ യു.കെ - യിലേയും , നാട്ടിലേയും പല ആനുകാലികങ്ങളിലും, പ്രമുഖ  ഓൺലൈൻ  പോർട്ടലുകളിലൂടെയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് .
വിപിൻറെ ശ്രദ്ധേയമായ ഏതാനും രചനകൾ - 'കനൽ കാലം , അമ്മപറഞ്ഞ നുണകൾ , രംഗരാജൻ എന്ന കടംകഥ , മന്ദാരക്കുന്നുകൾ , വിശുദ്ധന്റെ നൊമ്പരങ്ങൾ,...' എന്നിവയൊക്കെയാണ് .
 തമ്പലക്കാടൻ  എന്നൊരു മലയാളം ബ്ലോഗും ഈ യുവ ചെറു കഥാകൃത്തിന്റെ അധീനതയിലുണ്ട് .
കേരളത്തിലേയും ,ഗൾഫ് മേഖലയിലേയും വിവിധ സാഹിത്യ കൂട്ടായ്മകളിലടക്കം   
'കട്ടൻ കാപ്പിയും കവിതയും' വരെയുള്ള പല കലാ സാഹിത്യ സദസ്സുകളിലേയും സജീവാംഗം കൂടിയാണ്  വിപിൻ...
ബ്ലോഗ് :- തമ്പലക്കാടൻ (http://thampalakaadan.blogspot.com/)

ജോജി തോമസ്
ഇടുക്കി  സ്വദേശിയായ ഇപ്പോൾ വോക്ക്ഫീൽഡിൽ താമസിക്കുന്നജോജി തോമസ് എല്ലാ സാഹിത്യ വിഭാഗങ്ങളിലും കൈവെച്ചിട്ടുള്ള എഴുത്തുകാരനാണ് . 

ബിരുദാനന്തര ബിരുദധാരിയും മുൻ കോളേജ് ചെയർമാനുമായിരുന്ന ജോജി പിന്നീട് ഭാരതിയാറിൽ നിന്നും ബിസിനസ്സ് മാനേജ്‌മെന്റ്‌ ഡിഗ്രിയും കരസ്ഥമാക്കിയ ഒരു വല്ലഭനാണ് .
   
നല്ലൊരു സാമൂഹ്യ പ്രവർത്തകൻ കൂടിയായ ജോജി , മലയാളം യു.കെ ന്യൂസ് വിഭാഗം  മെമ്പറും , പല  ആനുകാലിക സംഭവങ്ങളും  സൂക്ഷ്മമായി നിരീക്ഷിച്ച് ആയതൊക്കെ വിലയിരുത്തുകയും, പിന്നീട് സത്യങ്ങൾ വളച്ചൊടിക്കാതെ തന്നെ എഴുതി ഏവരെയും അറിയിക്കുകയും  ചെയ്യുന്ന ഒരു പത്ര പ്രവർത്തകനും  കൂടിയാണ് ഇദ്ദേഹം  . 
യു.കെ പത്രങ്ങളിൽ മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന 'മാസാന്ത്യാവലോകനം' എന്ന പംക്തി  എഴുതിക്കൊണ്ടിരിക്കുന്നതും ജോജി തോമസാണ്...

വെബ് സൈറ്റ് :- മലയാളം UK (http://malayalamuk.com/)

ടോം ജോസ് തടിയംപാട് 

ഇടുക്കി ടൗൺ ഷിപ്പിൽ നിന്നും വന്നിട്ടുള്ള യു. കെ യിലെ ലിവർ പൂളിൽ സ്ഥിര താമസമുള്ള ടോം ജോസ് സ്വതന്ത്ര ചിന്തകനായ വളരെയധികം സാമൂഹ്യ പ്രതിബദ്ധയുള്ള ഭാഷാസ്നേഹിയാണ്. 
ചരിത്രവും രാഷ്ട്രീയവും മതവും ഇഷ്ട്ടമുള്ള സോഷ്യോളജി ബിരുദമുള്ള ഇദ്ദേഹം എന്നുമെന്നോണം ധാരാളം ബോധവൽക്കരണം നൽകുന്ന എഴുത്തുകളും, പ്രഭാഷണ വീഡിയോകളും സോഷ്യൽ മീഡിയ തട്ടകങ്ങളിൽ കൂടിയും, മറ്റു മാദ്ധ്യമങ്ങളിൽ കൂടിയും പങ്കുവെക്കാറുണ്ട്.
എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ടോം ജോസ് തടിയംപാട്  ബിലാത്തിയിലും നാട്ടിലുമായി അനേകം സന്നദ്ധ പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്...


റോയ് പാനികുളം
എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനടുത്തുള്ള നെടുവന്നൂര്‍ ഗ്രാമത്തില്‍ നിന്നും വന്ന്‌ ഗ്ലോസ്റ്ററില്‍ സ്ഥിര താമസമാക്കിയിട്ടുള്ള റോയ് പാനികുളം ,കാലടി ശ്രീ ശങ്കരാ കോളേജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും,ബിരുദാനന്തര ബിരുദവും നേടിയ ഒരു സാഹിത്യപ്രേമിയാണ്‌.
ചെറുപ്പം മുതല്‍ മാതൃഭൂമി സ്റ്റഡിസര്‍ക്കിളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു വരുന്ന  ഇയാള്‍ പഴയകാല ചവിട്ടുനാടക കലാകാരന്‍ പാനികുളം ഇട്ടൂപ്പിന്‍റെ ഇളയമകനാണ്.
തനതു ശൈലിയില്‍,വളരെ ലളിതമായി ചെറുകഥകളും,ഗദ്യ കവിതകളും എഴുതുവാന്‍ ഇഷ്ടപ്പെടുന്ന ശ്രീ റോയ് പാനികുളത്തിന്‍റെ ശ്രദ്ധേയമായ  
ചെറുകഥകളും,കവിതകളും മാതൃഭൂമിപത്രത്തിലും,യുകെയിലെ പ്രമുഖ ഓണ്‍ലൈന്‍ പത്രങ്ങളിലും,പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യുകെയിലെ ഓണ്‍ലൈന്‍ പത്രങ്ങളില്‍ ആര്‍ട്ടിക്കിളുകള്‍ എഴുതുന്ന ഇദ്ദേഹം  നല്ലൊരു നാടകപ്രേമിയും കൂടിയാണ്.
ചെറുകഥകള്‍:
പോത്തിറച്ചി,അമ്മമധുരം,കുമ്പിളപ്പം,പ്രാഞ്ചിയേട്ടന്‍,അരുവാത്തോട്ടി,സാരിത്തുമ്പ്,ഒറ്റയാന്‍,ഇണക്കവും,പിണക്കവും.
ഗദ്യ കവിതകള്‍:
കള്ള്,മോഹം,രാജാവ്‌നഗ്നനാണ്.തട്ടമിട്ടസുന്ദരി,  
പരിഭവപ്പൂക്കള്‍ . 
എന്റെ ചെറുകഥകൾ എന്നൊരു ബ്ലോഗ്ഗ് തട്ടകവും റോയ് പരിപാലിച്ച് പോരുന്നുണ്ട് ...

ബ്ലോഗ് :- എന്റെ ചറുകഥകൾ (http://roypanikulam.blogspot.com/)

ഹാഷീം കുഞ്ഞുമുഹമ്മദ്
കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളേജിൽ നിന്നും ബിരുദപഠനം കഴിഞ്ഞ ശേഷം ലണ്ടനിലെ ക്രോയ്ഡോണിൽ വന്ന് ജോലിചെയ്യുന്ന ഹാഷീം കുഞ്ഞുമുഹമ്മദ് വളരെ സഹൃദയനും സ്വതന്ത്ര ചിന്തകനുമായ ഒരു കവിയാണ് .

തന്റെ ബിരുദ പഠനകാലം മുതൽ കഥകളും ലേഖനങ്ങളും എഴുതി തുടങ്ങിയ ഹാഷീം ലണ്ടനിൽ എത്തിയ ശേഷവും ആയതെല്ലാം തുടർന്നു പോന്നിരുന്നു .
ഒപ്പം ഇവിടെയുള്ള പല  മലയാളി സാംസ്‌കാരിക കൂട്ടായ്മകളിലും സജീവമായി പങ്കെടുത്തു കൊണ്ടിരുന്ന മനുഷ്യ സ്നേഹിയായ ഒരു വ്യക്തിത്വത്തിനുടമയാണ് ഇദ്ദേഹം .

മനോഹരമായി കവിതകൾ എഴുതുകയും ,ആലപിക്കുകയും ചെയ്യുന്ന ഹാഷീം ഇവിടെ നടത്തിയ പല കവിതാരചന മത്സരങ്ങളിലും വിജയിയായിട്ടുണ്ട് .
ഒപ്പം തന്നെ ഹാഷീം നവമാദ്ധ്യമ തട്ടകങ്ങളിലൂടെ അനേകം ബോധവൽക്കരണ കുറിപ്പുകൾ എഴുതിയിടുകയും , പലതിനും പ്രതികരണങ്ങൾ കൊടുക്കുകയും ചെയ്യുന്ന ഭാഷാ സ്നേഹിയായ സാഹിത്യ കുതുകി കൂടിയാണ് ...

മനോജ്‌ രവീന്ദ്രൻ 
എറണാകുളം ജില്ലയിലെ  പള്ളിപ്പുറം  സ്വദേശിയായ  നിരക്ഷരൻ എന്നപേരിൽ യാത്രാവിവരങ്ങൾ എഴുതുന്നതിൽ വളരെ പ്രാവീണ്യമുള്ള നല്ല വായന ശീലമുള്ള എഴുത്തുകാരനാണ് ഇപ്പോൾ തൃക്കാക്കരയിൽ താമസിക്കുന്ന  മനോജ് രവീന്ദ്രൻ .
ഇദ്ദേഹം തന്റെ ബ്രിട്ടൻ പ്രവാസകാലത്തിനിടയിൽ യു. കെ മാത്രമല്ല, യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളിലും സഞ്ചാരം നടത്തി പിന്നീട് ആയതിന്റെയൊക്കെ സഞ്ചാര വിവരണങ്ങൾ സചിത്ര ലേഖനങ്ങളായി അസ്സലായി അദ്ദേഹത്തിൻറെ   യാത്ര ബ്ലോഗിൽ എഴുതിയിട്ടുണ്ട്. 
പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇപ്പോൾ വായനയും എഴുത്തും അതിലേറെ സാമൂഹ്യ സേവന സന്നദ്ധ പ്രവർത്തങ്ങളുമായി അനീതികൾക്കെതിരേയും മറ്റും  തന്റെ തൂലികയിൽ കൂടിയും നേരിട്ടും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ഉത്തമ വ്യക്തിത്വത്തിനുടമയാണ് നിരക്ഷരൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മനോജ്‌ രവീന്ദ്രൻ. 
2007 ഒക്‌ടോബർ  മുതൽക്കാണ് 
ബ്‌ളോഗുകൾ എഴുതിത്തുടങ്ങിയത്. 

'നിരക്ഷരൻ' എന്ന ഈ ബ്‌ളോഗിന് പുറമേ യാത്രാവിവരണങ്ങൾക്കായി ചില യാത്രകൾഎന്നൊരു ബ്‌ളോഗും, ചില ചിത്രങ്ങൾNiraksharan's Travelogues എന്നിങ്ങനെ മൊത്തം നാല് ബ്‌ളോഗുകൾ കൊണ്ടുനടന്നിരുന്നു ഇതുവരെ.
വെബ് സൈറ്റ് -   നിരക്ഷരൻ (http://niraksharan.in/)

ബാക്കിപത്രം 
ബ്രിട്ടണിൽ മലയാളം എഴുത്തിന്റെ നൂറാം വാർഷികം കൊണ്ടാടുന്ന 2019 ൽ -  ആ വർഷം ജനുവരി 31 മുതൽ മാർച്ച് 1 വരെ എഴുതിയിട്ട ആംഗലേയ ദേശത്തുണ്ടായിരുന്ന മലയാളം ഭാഷ കുതുകികളെ പരിചയപ്പെടുത്തുന്ന  ഏഴ്  സചിത്ര ലേഖനങ്ങളുടെ ഒറിജിനൽ ലിങ്കുകളാണ് താഴെ കൊടുത്തിട്ടുള്ളത് .
ഇവിടെയുണ്ടായിരുന്ന നമ്മുടെ ഭാഷാസ്നേഹികളെ എന്നുമെന്നും ഓർമ്മിക്കുവാനുള്ള സൈബർ ഇടങ്ങളാണിവ ...! 
വിശദ വിവരങ്ങൾ ലഭിക്കാത്തതിനാൽ 
ഇനിയും കുറെയധികം ഭാഷാസ്നേഹികളെ 
ഇവിടെയിതുപോലെ പരിചയപ്പെടുത്തുവാനുണ്ട് ...
  1. ആംഗലേയ നാട്ടിലെ മലയാളത്തിന്റെ നാൾവഴികൾ - ആമുഖം
  2. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 1  
  3. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 2 
  4. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 3 
  5. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 4 
  6. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 5 
  7. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 6 

(അടുത്ത ഭാഗത്തിൽ തുടരുന്നു )

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഓരോ മനുഷ്യരിലും ജന്മസിദ്ധമായി
ചില പ്രത്യേക കഴിവുകൾ ഉണ്ടാകാറുണ്ട്.
സാഹചര്യവും സന്ദർഭവും ഒത്തുവരികയാണെങ്കിൽ
ആ നിപുണതകളുടെ വൈഭവത്തോടെ അവർക്ക് ആ
മേഖലകളിൽ പ്രാപ്തരാകുവാൻ സാധിക്കും...

കായിക കളികളിലും കലയിലും സാഹിത്യത്തിലും
സംഗീതത്തിലുമൊക്കെ സാമർത്ഥ്യം പ്രകടമാക്കുന്നവരൊക്കെ
ജന്മനാ രൂപപ്പെടുന്ന ഇത്തരം പ്രതിഭാവൈശിഷ്ട്യം തിരിച്ചറിഞ്ഞു
കൊണ്ട് ആയതിലൊക്കെ പ്രാവീണ്യം നേടിയെടുക്കുമ്പോൾ ആണ് ...

അയർലണ്ടിൽ നിന്നും , ഇംഗ്ലണ്ടിൽ നിന്നും അന്നും ഇന്നും
മലയാളത്തിൽ എഴുതുന്നവരിൽ അഞ്ചാറ് പേരുകൾ ഒഴിച്ച്
നിറുത്തിയാൽ ബാക്കിയുള്ളവരൊന്നും തന്നെ പെരുമയുള്ള
ആസ്ഥാന എഴുത്തുകാരൊന്നുമല്ല. വെറും ഭാഷാസ്നേഹികളായ
എഴുത്തിൽ നിപുണത തെളിയിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന
ആംഗലേയ നാടുകളിലുണ്ടായിരുന്ന പ്രവാസി മലയാളികളാണ്.

ഈ പരിചയപ്പെടുത്തലുകളിൽ കാണുവാൻ കഴിയുന്നത്
അത്തരത്തിലുള്ള വായനയേയും എഴുത്തിനേയും കലകളേയുമൊക്കെ
എന്നുമെന്നും കൂടെ കൊണ്ടു നടക്കുന്ന ഭാഷാസ്നേഹികളായ
ഈ നാടുകളിൽ പ്രവാസി മലയാളികളായിരുന്നവരേയും ഇപ്പോൾ സ്ഥിരതാമസമുള്ളവരേയുമാണ് ..

Muralee Mukundan , ബിലാത്തിപട്ടണം said...

യു.കെയിൽ ഇപ്പോൾ മലയാളി എഴുത്തിന്റെ
ശത വാർഷികം കൊണ്ടാടുന്ന അവസരത്തിൽ ബ്രിട്ടന്റെ ചരിതങ്ങളിൽ മറഞ്ഞിരിക്കുന്ന
മഹാരഥന്മാരായ ഈ ആംഗലേയ നാട്ടിലുണ്ടായിരുന്ന മലയാളി വല്ലഭരടക്കം , ഇപ്പോൾ ഇവിടെയുള്ള മലയാളം എഴുത്താളരേയും ,ഇവിടെ കുറെ നാൾ പ്രവാസ ജീവിതം അനുഭവിച്ച്
പലരാജ്യങ്ങളിലേക്കും തിരിച്ചുപോയ മലയാള ഭാഷാ സ്നേഹികളേയും പരിചയപ്പെടുത്തുന്ന ഒരു പരമ്പരയാണിത് ..

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...