Sunday 12 September 2021

ശതവാർഷികം പിന്നിട്ട ആംഗലേയ നാട്ടിലെ മലയാളത്തിന്റെ നാൾവഴികൾ - ആമുഖം ...! / Shathavarshikam Pinnitta Aamgaleya Nattile Malayalatthinte Naalvazhikal - Aamukham ...!

 


ഈ  ഡിജിറ്റൽ പുസ്തകത്തിന്റെ 
ഉള്ളടക്കമാണ്  ഇവിടെ  ഇവിടെ പകർത്തിവെച്ചിട്ടുള്ളത്  
ആംഗലേയ  നാട്ടിലെ നൂറ് വർഷം 
പിന്നിടുന്ന മലയാളി എഴുത്തിന് ഒരു ആമുഖം.

അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും, 
കലകളേയുമൊക്കെ സ്നേഹിച്ച കുറച്ച് ആളുകൾ 
എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ഭാഷയും സംസ്കാരവും അവർ മറ്റൊരു സ്ഥലത്തേക്ക് കുടിയേറിയാലും അവിടങ്ങളിലും കോട്ടം കൂടാതെ നിലനിൽക്കുന്നത് .
അതുപോലെ തന്നെയാണ് 
നമ്മുടെ ഭാഷയുടെ സ്ഥിതിയും .
അനേകം മലയാളി വംശജർ ഇന്നീ ആംഗലേയ ദേശങ്ങളിൽ വസിക്കുന്നുണ്ടെങ്കിലും , ഇതിൽ ഒട്ടുമിക്കവർക്കും  നമ്മുടെ പഴയകാല കുടിയേറ്റ ചരിത്രങ്ങൾ  അത്ര വ്യക്തമായി അറിയില്ല എന്നതാണ്  വാസ്തവം...!
ഇത്തരം മലയാളി കുടിയേറ്റത്തിന്റെ 
ചരിത്രങ്ങളിലേക്ക് 
ഒരു എത്തി നോട്ടം നടത്തി  
അന്നും , ഇന്നും -  ഈ ചരിതങ്ങളിൽ സ്വന്തം ഭാഷയിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച്  ഇടം നേടിയ ചില മഹത് വ്യക്തികളെ ഇവിടെ ജസ്റ്റ്  ഒന്ന് പരിചയപ്പെടുത്തുകയാണ് ...
ചരിത്രത്തിൽ മറഞ്ഞിരിക്കുന്നവരെ പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ, ഇപ്പോൾ ഇവിടെ ആംഗലേയ ദേശങ്ങളിൽ അങ്ങിങ്ങായി വേറിട്ടു  കിടക്കുന്ന കുറച്ച് കലാ സാഹിത്യ പ്രതിഭകളെ പരസ്പരം കൂട്ടിയിണക്കുക എന്ന ഒരു സദുദ്ദേശത്തോടു കൂടി ലണ്ടനിലുള്ള  'കട്ടൻ കാപ്പിയും കവിതയും' എന്ന കലാസാഹിത്യ സാംസ്കാരിക കൂട്ടായ്മയുടെ പ്രവർത്തകർ അനേകം നാളുകളിലായി നടത്തിയ അന്വേഷണങ്ങളാണ് , ഈ സചിത്ര ലേഖനങ്ങൾ ഫലപ്രാപ്തി കൈവന്നതിനുള്ള  കാരണം !

നമ്മുടെ  ഭാരതത്തിലെ ഒരു കൊച്ചുരാജ്യമായ മലയാള നാട്ടിലെ   ആളുകൾ ഇന്ന് ആഗോളതലത്തിലുള്ള  ഒട്ടുമിക്ക രാജ്യങ്ങളിലും 
ചേക്കേറി കുടിപ്പാർപ്പ് നടത്തി പ്രവാസ ജീവിതം നയിച്ചു പോരുന്നുണ്ട്  .

'അഫ്‌ഗാനിസ്ഥാൻ' , 'ബ്രസീൽ ' മുതൽ 'ഉഗാണ്ട ', 'യെമൻ', ' വെസ്റ്റ് ഇന്റീസ്',  'സിംബ്വാവേ ' വരെയുള്ള A to Z രാജ്യങ്ങളിൽ നമ്മൾ  മലയാളികൾ ഇന്ന് വാസമുറപ്പിച്ചിട്ടുണ്ട്  ...

അതായത് ആഗോള വ്യാപകമായി ഇത്ര വ്യാപ്തിയിൽ ലോകം മുഴുവൻ ചേക്കേറിയ ഒരു ജനത  ജൂത വംശജരായിരുന്നു എന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് . 
പണ്ട്  ജൂത വംശജരുടെ പേരിലുണ്ടായിരുന്ന ആ 'റെക്കോർഡ്'  , ഇപ്പോൾ നമ്മൾ മലയാളികൾ  തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണ് !

ആയതിൽ ഇടം നേടിയ ഇന്നത്തെ പ്രവാസികളായ   യു. കെ മലയാളികളുടെ  ചരിത്രത്തിലത്തിലേക്കും കൂടി ഒന്ന്  എത്തി നോക്കാം...
അത്ര വ്യപകമായൊന്നുമില്ലെങ്കിലും , ഏതാണ്ട് മൂന്നര നൂറ്റാണ്ട് മുതൽ ഭാരതീയ കുടിയേറ്റങ്ങൾ യൂറോപ്പിൽ ഉണ്ടായി തുടങ്ങിയെന്നാണ് ചരിത്രങ്ങൾ പറയുന്നത്.
അന്നൊക്കെ ചില യൂറോപ്പ്യൻ രാജ്യങ്ങൾ തെക്കനേഷ്യൻ രാജ്യങ്ങളിൽ കോളണികൾ സ്ഥാപിച്ച ശേഷം പോർച്ച്ഗീസിലേക്കും, ഇംഗ്ലണ്ടിലേക്കും, ഫ്രാൻസിലേക്കുമൊക്കെയാണ് അന്നീ പ്രഥമ കുടിയേറ്റങ്ങൾ നടത്തപ്പെട്ടത്...
അന്ന് കാലത്ത്  കോളണി രാജ്യങ്ങളിൽ നിന്നും കച്ചവടം ചെയ്തും , കൊള്ള ചെയ്തും കൊണ്ടു വരുന്ന ഭക്ഷ്യ വിഭവങ്ങളൊക്കെ ശരിയായി സംസ്കരിച്ച് സൂക്ഷിച്ച് വെക്കുന്നതിന് വേണ്ടിയാണ് , ആയതിൽ നിപുണരായ തൊഴിലാളികളെ യൂറോപ്പിലേക്ക് കപ്പലേറ്റിയത് - ഒപ്പം അല്പസൽപ്പം അടിമപ്പണിക്കും കൂടിയായിരുന്നു ഇത്തരം മനുഷ്യ കടത്തലുകൾ ഉണ്ടായത് .
അതിനുശേഷവും യജമാന സേവകാരായും, തോട്ടപ്പണിക്കാരായും, റെയിൽവെ പണിക്കാരായും കുടുംബ സമേധവും, അല്ലാതെയും എത്തിപ്പെട്ടവരിൽ ഒട്ടുമിക്കവർക്കും അന്നൊന്നും തിരിച്ച് പോകാനായില്ല. 
പിന്നീടവർ ഒരു തരം 'മിക്സ്ഡ് കൾച്ചറൽ  ജനറേഷ'നായി - 'ജിപ്സി'കളായി ഇവിടെ യൂറോപ്പ്യൻ രാജ്യങ്ങളിൽ  ജീവിതം നയിച്ചു. തുടർന്നും  രണ്ട് നൂറ്റാണ്ടോളം ഈ യജമാനൻ - സേവക മനുഷ്യ കടത്തലുകൾ സുഖമമായി നടന്ന് കൊണ്ടിരുന്നു എന്നാണ് പറയപ്പെടുന്നത് !

എന്നാൽ ഏതാണ്ട്  ഒന്നേകാൽ നൂറ്റാണ്ട്  മുമ്പ് 
മുതൽ കാശ് മുടക്കി അതിസമ്പന്നരുടേയും, നാടുവാഴികളുടേയും തലമുറയിൽ 
പെട്ടവർ പഠിക്കുവാനും മറ്റുമായി ബിലാത്തിയിലേക്ക് കപ്പലേറി 
വന്നു തുടങ്ങി... 
ഈ കാലഘട്ടങ്ങളിൽ  ഡോക്ട്ടർ, ബാരിസ്റ്റർ മുതൽ  ഉന്നത ബിരുദങ്ങൾ  കരസ്ഥമാക്കുവാൻ തിരുവിതാംകൂർ ,കൊച്ചി ,മലബാർ പ്രവിശ്യകളിൽ നിന്നും സമ്പന്നർ ഇവിടെ എത്തിപ്പെട്ടു . ആ സമയത്ത്  ലണ്ടനിലെത്തിയ മലയാളികൾ ജീവിതം മെച്ചപ്പെടുത്തുവാൻ വേണ്ടി ഇവിടെ വന്ന് ചെറിയ രീതിയിൽ സ്ഥിര താമസം തുടങ്ങിയെങ്കിലും അവർ തമ്മിലുള്ള കൂട്ടായ്മകൾ കെട്ടിപ്പടുത്തതും മറ്റും  അതിനുശേഷം  അര നൂറ്റാണ്ട്  പിന്നിട്ടാണ് . 
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ബ്രിട്ടന്റെ സൈനിക സേവന മേഖലയിൽ ജോലിചെയ്തിരുന്ന നല്ല പ്രാവീണ്യമുള്ളവർക്കും ആ അവസരത്തിൽ ഇവിടേക്ക് കുടിയേറാനും അവസരം ലഭിച്ചിരുന്നു .

പിന്നീട് 1950 കൾക്ക്  ശേഷം സിലോൺ, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ ബ്രിട്ടീഷ് കമ്പനികളിലെ ജോലിക്കാർക്ക്, ബ്രിട്ടനിൽ ജോലി ചെയ്യുവാൻ അവകാശം കിട്ടിയപ്പോൾ ധാരാളം മലയാളികൾ കുടുംബമായി ഇവിടേക്ക് വ്യാപകമായി  കുടിയേറുകയും  ഉണ്ടായി...
1950 മുതൽ 1980 വരെ ബ്രിട്ടന്റെ മൂന്നാലു ഭാഗങ്ങളിൽ പല പ്രതിസന്ധികളും നേരിട്ട് അതിജീവനം നടത്തിയാണ് പുത്തൻ കുടിയേറ്റക്കാരായ ഭൂരിഭാഗം മലയാളികളും ജീവിതം കുറേശ്ശെയായി പച്ച പിടിപ്പിച്ച്  കൊണ്ടിരുന്നത് ...
ഇവരുടെയൊക്കെ രണ്ടാമത്തെ  തലമുറ ബിലാത്തിയിലെ വിദ്യാഭ്യാസം നേടുകയും , അതോടൊപ്പം മലയാളനാടിന്റെ പല സാംസ്കാരിക ചിട്ടവട്ടങ്ങളും ഇത്തിരിയിത്തിരിയായി അവരുടെയൊക്കെ കലാ സാഹിത്യ പ്രവർത്തനങ്ങളിലൂടെ , ഈ നാട്ടിലും പ്രചരിപ്പിച്ച് തുടങ്ങുകയും ചെയ്തിരുന്നു.
പിന്നീടവർ കലാ സാഹിത്യ സാംസ്കാരിക 
രംഗങ്ങളിൽ ചുവട് വെച്ച് തുടങ്ങി. അതിൽ നിന്നും പല പ്രതിഭകളും ഉടലെടുത്ത് വന്ന് ഈ രാജ്യത്തും നമ്മുടെ കലാസാഹിത്യ വേദികൾക്കൊക്കെ തറക്കല്ലിട്ടു ...
എന്നാൽ ഈ പുതിയ നൂറ്റാണ്ടായ 2000 മുതലും, ആയതിനുതൊട്ട് മുമ്പും 'പ്രൊഫഷണലായും , സെമി - പ്രൊഫഷണലായും , വർക്ക് പെർമിറ്റ്' അടിസ്ഥാനത്തിലും  ഇവിടെ വ്യാപകമായി സ്വകുടുംബമായി എത്തിച്ചേർന്ന അനേകം മലയാളികൾ , പിന്നീട് അനേകം സംഘടനകൾ ഉണ്ടാക്കുകയും , സ്വന്തം സ്ഥാപനങ്ങൾ അടക്കം പലതരം  കച്ചവടങ്ങൾ ആരംഭിക്കുകയും ചെയ്തു തുടങ്ങിയതോട് കൂടി  -  മലയാളി സാനിദ്ധ്യം ഇല്ലാത്ത സ്ഥലങ്ങൾ ആംഗലേയ നാട്ടിൽ വളരെ വിരളമായി  തീർന്നു എന്ന് പറയാം ...
ഇത്തരം മലയാളി കുടിയേറ്റങ്ങൾക്കൊപ്പം നമ്മുടെ 
ഭാഷയും ഈ ബിലാത്തിയിൽ കുറേശ്ശെയായി വേരോടി കൊണ്ടിരുന്നു . 

കഴിഞ്ഞ നൂറ്റാണ്ടിലെ   പ്രവാസ കാലഘട്ടങ്ങൾക്കിടയിൽ  പാശ്ചാത്യ നാട്ടിൽ നിന്നും  മലയാള ഭാഷയിൽ,  നൂറ് വർഷങ്ങൾക്ക് മുമ്പ്  അന്നുണ്ടായിരുന്ന മലയാളികൾ  ഒരു  മലയാളം  കൈയെഴുത്ത് പതിപ്പ് പ്രകാശനം ചെയ്തിറക്കിയിരുന്നു ...
ബ്രിട്ടനിൽ നിന്നും  അല്ലെങ്കിൽ ഒരു വിദേശരാജ്യത്ത് നിന്നും പുറത്തിറങ്ങിയ ആദ്യത്തെ മലയാള പുസ്തകം  ...!
അതായത്  ബിലാത്തിയിൽ ശത വാർഷികം കൊണ്ടാടുന്ന ഭാരതത്തിലെ ഒരു ശ്രേഷ്‌ഠ ഭാഷയുടെ നൂറാം പിറന്നാൾ കൊണ്ടാടുന്ന ഒരു വർഷം  കൂടിയാണ് 2019 .
1912 -ൽ  ലണ്ടനിൽ  പഠിക്കാനെത്തിയ എഴുത്തുകാരനും 
വാഗ്മിയും മാതൃഭൂമി പത്രത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്ന കെ.പി .കേശവ മേനോന്റെ നേതൃത്വത്തിൽ 1914 - ൽ തുടങ്ങിവെച്ച ഒരു വിദ്യാർത്ഥി പ്രസ്ഥാനമായിരുന്നു 'മലയാളി മൂവ്മെന്റ്' എന്ന പാശ്ചാത്യ ലോകത്തെ പ്രഥമമായ  
മലയാളി കൂട്ടായ്മ  ! 
ഈ മലയാളി മൂവ്മെന്റിലെ ആളുകൾ നാലഞ്ചുകൊല്ലങ്ങൾക്ക് ശേഷം , അന്നിവിടെ നിയമം  പഠിക്കുവാൻ വന്നിരുന്ന അഡ്വേക്കേറ്റ് .കെ.ടി. പോളിന്റെ മേൽനോട്ടത്തിൽ - അന്ന്  ലണ്ടനിലുണ്ടായിരുന്ന ഭാഷാസ്നേഹികളായവർ  ഒത്ത് ചേർന്ന്  ,1919 ൽ കൈപ്പടയാൽ എഴുതി, ചിത്രങ്ങൾ വരച്ച്  പ്രസിദ്ധീകരിച്ച കൈയെഴുത്ത് പതിപ്പായിരുന്നു പാശ്ചാത്യ ലോകത്തു നിന്നും  ഇറങ്ങിയ ആദ്യത്തെ മലയാള പുസ്തകം !
1920 -ൽ  ഒരു ഇന്ത്യൻ സ്റ്റുഡൻസ് ഹോസ്റ്റൽ ലണ്ടനിലെ 'വൈ .എം.സി .എ' യിൽ (YMCA -ISH ) ആരംഭം കുറിച്ചതും  
അഡ്വേക്കേറ്റ് .കെ.ടി. പോളായിരുന്നു .
1919 മുതൽ തുടർച്ചയയായി കൊല്ലം തോറും പ്രസിദ്ധീകരിച്ചില്ലെങ്കിലും പലപേരുകളിലായി ഈ വിദ്യാർത്ഥി പ്രസ്ഥാനവും ,പിന്നീട് വന്ന മലയാളി 
സമാജവും ഓബ്രി മേനോൻ , കോന്നി മേശ്രി , ഡോ .കുഞ്ഞൻ, മേനോൻ മാരാത്ത് , വി.കെ .കൃഷ്ണമേനോൻ , കരുവത്തിൽ ഗോപാലൻ, ഡോ .കോശി ഇട്ടൂപ്പ് , പി.കെ .സുകുമാരൻ , ഡോ .ആർ .കെ .മേനോൻ ,
എം.എ .ഷക്കൂർ എന്നീ ഭാഷാ  സ്നേഹികളായ പഴയ കാല യു.കെ.മലയാളികളുടെ  പ്രയത്‌നത്താൽ മലയാളം കൈയെഴുത്ത് പതിപ്പുകൾ ശേഷമുള്ള  കാലഘട്ടങ്ങളിലൊക്കെ ഇറക്കി കൊണ്ടിരുന്നതായി പറയപ്പെടുന്നു ...

പിന്നീട് കഴിഞ്ഞ നൂറ്റാണ്ടിന്റെ എഴുപത് കാലഘട്ടം മുതൽ ഇവിടെ എത്തപ്പെട്ട ദേവദാസ പണിക്കർ (കൈരളി കലാസമിതി ),വില്ലൻ ഗോപി , രവിപിള്ള (ജെ.ആർ ), വി.കെ .നാരായണൻ , നടരാജൻ , മണമ്പൂർ സുരേഷ് , മിനി രാഘവൻ , ഹാരീസ് ,വെട്ടൂർ .ജി .കൃഷ്ണൻ കുട്ടി ,ജി.പി.രാജൻ  , ബാഡ്‌വിൻ സൈമൺ ബാബു , ഓമന ഗംഗാധരൻ , അൻസാരി കല്ലമ്പലം , ശശി കുളമട , ശിവാനന്ദൻ , ഫ്രാൻസിസ് ആഞ്ചലോസ്   മുതൽ ധാരാളം പേരുടെ പരിശ്രമത്താലും , സംഘടനകളിൽ കൂടിയും  കൈയെഴുത്തു മാസികകളായും, വാർഷിക പതിപ്പുകളായും അനേകം മലയാളം പുസ്തകങ്ങൾ ബ്രിട്ടനിൽ നിന്നും മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
ഒപ്പം തന്നെ ഇതുവരെയായി ആംഗലേയ മലയാളികളുടേതായി അമ്പതിൽ പരം - പല വിഭാഗത്തിൽ പെട്ട  അച്ചടിച്ച മലയാള പുസ്തകങ്ങളും വിപണിയിൽ ഇറങ്ങിക്കഴിഞ്ഞിട്ടുണ്ട് .

ഇന്നിപ്പോൾ വായനയേയും  എഴുത്തിനേയും  പ്രോത്സാഹിപ്പിക്കുന്ന സാംസ്കാരികമായ ഒരന്തരീക്ഷം എല്ലാ  പ്രവാസികൾക്കിടയിലും  രൂപപ്പെട്ടു വരുന്നുണ്ട് .
അതിൽ കലാ സാംസ്കാരിക സംഘടനകൾക്കും, ഓൺ - ലൈൻ പ്രസിദ്ധീകരണങ്ങൾക്കും, ദൃശ്യ ശ്രാവ്യ മാദ്ധ്യമങ്ങൾക്കും സോഷ്യൽ മീഡിയ തട്ടകങ്ങൾക്കുമൊക്കെ നിർണ്ണായകമായ പങ്കുണ്ട്.

അതുപോലെ തന്നെ കാൽ നൂറ്റാണ്ടുമുമ്പ് മുതൽ പ്രൊഫഷണലായും , സെമി-പ്രൊഫഷണലായും ധാരാളം മലയാളികൾ 'വർക്ക് -പെർമിറ്റ് വിസ'യിൽ കുടുംബമായി ബ്രിട്ടന്റെ നാനാഭാഗങ്ങളിക്ക് കുടിയേറ്റം നടത്തി ഈ നാട്ടിലെ പല രംഗങ്ങളിലും അവരുടെ സാനിദ്ധ്യം പ്രകടമാക്കി നല്ല രീതികളിൽ ജീവിതം കെട്ടിപ്പടുക്കുകയും ചെയ്‌തുവന്നപ്പോൾ മലയാളം വായനയും , എഴുത്തും ആയത് പോലെ നല്ല രീതിയിൽ വളർന്നു വന്നു ...
ഇന്ന് അനേകം  മലയാളി വംശജർ അങ്ങോളമിങ്ങോളം 
പലരാജ്യങ്ങളിലുമായി യൂറോപ്പിൽ  അധിവസിച്ചു വരുന്നുണ്ട്. 
അതിൽ ഏതാണ്ട് രണ്ട് ലക്ഷത്തോളം മലയാളി വംശജരുമായി ആയതിൽ ഏറ്റവും കൂടുതൽ മലയാളികളായ  പ്രവാസികളുള്ളത് 'ആംഗലേയ നാട്' എന്നറിയപ്പെടുന്ന 'ഇംഗ്ലണ്ട് , വെയിൽസ്,  സ്കോട്ട് ലാൻഡ്  , അയർലണ്ടുകൾ' എന്നീ നാടുകളിലാണ് .
അതുകൊണ്ടിപ്പോൾ  മലയാളത്തേയും, ആയതിന്റെ സാംസ്‌കാരിക ചുറ്റുവട്ടങ്ങളേയും 
സ്നേഹിക്കുന്ന ധാരാളം ആളുകൾ ഇന്ന് യു. കെ യിലും , പരിസര പ്രദേശങ്ങളിലുമായുണ്ട്.

അതായത് ഇവിടെയുള്ള വിദേശി വംശീയരിൽ ഏറ്റവും  കൂടുതലുള്ള ഭാരതീയരിൽ ഗുജറാത്തികൾക്കും , പഞ്ചാബികൾക്കും ശേഷം മൂന്നാം സ്ഥാനം അലങ്കരിക്കുന്നതിപ്പോൾ മലയാളികളാണ്‌ !

ജീവിത വണ്ടിയിൽ പ്രാരാബ്ദങ്ങളുടെ ഭാരവുമേറ്റി അവർക്ക് സ്വന്തം വീടും നാടുമൊക്കെ വിട്ട് പാലായനം ചെയ്യേണ്ടി വന്നിട്ടും അവർ ജനിച്ച നാടിന്റെ നന്മകളും, സംസ്കാരങ്ങളും, മറ്റും മറക്കാതെ 
മനസ്സിന്റെ ഒരു കോണിൽ വെച്ച് താലോലിച്ച്  - ആ വിഹ്വലതകൾ മുഴുവൻ കലാ സാഹിത്യ രൂപങ്ങളിൽ കൂടി പുറത്തുകൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു .
ഓരൊ പ്രവാസ സമൂഹങ്ങളിലും ഇത്തരമുള്ള വളരെ തുച്ചമായ ആളുകളാണ് ഉള്ളതെങ്കിലും, അവരാണല്ലോ ഭൂരിപക്ഷമുള്ള ബാക്കിയുള്ളവർക്കെന്നും ഭാഷാപരമായിട്ടും , കലാപരമായിട്ടും മറ്റു സാംസ്കാരികമായ എല്ലാകാര്യങ്ങളിൽ കൂടിയും മലയാളത്തിന്റെ തനിമകൾ തന്നാലായവിധം കാഴ്ച്ച വെച്ച്  ഗൃഹാതുരത്വ സ്മരണകൾ എന്നും അന്യനാടുകളിലും  നിലനിർത്തി കൊണ്ടിരിക്കുന്നത് . 
അതെ അതുകൊണ്ടൊക്കെത്തന്നെയാണ് നമ്മുടെ മലയാളവും  നൂറു കൊല്ലങ്ങൾക്ക് ശേഷവും  ഈ ആംഗലേയ നാട്ടിൽ ഒരു കോട്ടവും  കൂടാതെ പച്ച പിടിച്ചു നിൽക്കുന്നത് .

ഇപ്പോൾ ഈ പാശ്ചാത്യ നാടുകളിൽ 
'ഓൺ -ലൈനായും , ഓഫ് -ലൈനാ'യും  ആയിരക്കണക്കിന് മലയാളം വായനക്കാർ വിവിധയിടങ്ങളിൽ  ജോലിയും മറ്റുമായി ഉപജീവനം നടത്തി വരുന്നുണ്ട്  . 
അവരവരുടെ മേഖലകളിലുള്ള വിഷയങ്ങളെ പറ്റി പലതും വിനോദോപാധി തട്ടകങ്ങളിൽ കൂടി എന്നുമെന്നോണം വിവിധ രീതിയിൽ കുറിച്ചിടുന്നവരേയും വേണ്ടുവോളം നമുക്ക് കാണുവാൻ സാധിക്കും .

ഒപ്പം തന്നെ മലയാള പുസ്തകങ്ങൾ രചിച്ച് 'ഡെസ്ക് ടോപ്പി'ൽ നിന്നും 'ബുക്ക് ഷെൽഫു' കളിൽ ഇടം പിടിച്ച്  മലയാള സാഹിത്യത്തിന്റെ വിപണിയിൽ  അവരവരുടേതായ സ്ഥാനം അലങ്കരിക്കുന്ന ധാരാളം  ആംഗലേയ  മലയാളികളേയും നമുക്ക് ദർശിക്കാവുന്നതാണ് .

ആംഗ്ലേയ നാടുകളിലെ മലയാളം ഭാഷ 
ചരിത്രത്തിൽ നിന്നും ഒരിക്കലും മാഞ്ഞു 
പോകാതിരിക്കുവാൻ വേണ്ടി, ഇത്തരം ഭാഷ സ്നേഹികളായ സാഹിത്യ കുതുകികളായ ആംഗലേയ ദേശത്ത് പഴയ കാലത്ത് ഉണ്ടായിരുന്നവരേയും  , ഇപ്പോൾ ഇവിടെ വസിക്കുന്നവരേയും , ഇവിടെ കുറെ നാൾ ജീവിച്ച് മറ്റുരാജ്യങ്ങളിലേക്ക് മടങ്ങിപ്പോയവരെയും  ഇതോടൊപ്പം പരിചയപ്പെടുത്തുക എന്ന ഒരു വിലപ്പെട്ട ഉദ്യമം  ലക്ഷ്യമാക്കിയാണ്  ഈ തുടർ എഴുത്തുകൾ ആരംഭം കുറിക്കുന്നത് ....

ബാക്കിപത്രം 
ബ്രിട്ടണിൽ മലയാളം എഴുത്തിന്റെ നൂറാം വാർഷികം കൊണ്ടാടുന്ന 2019 ൽ -  ആ വർഷം ജനുവരി 31 മുതൽ മാർച്ച് 1 വരെ എഴുതിയിട്ട ആംഗലേയ ദേശത്തുണ്ടായിരുന്ന മലയാളം ഭാഷ കുതുകികളെ പരിചയപ്പെടുത്തുന്ന  ഏഴ്  സചിത്ര ലേഖനങ്ങളുടെ ഒറിജിനൽ ലിങ്കുകളാണ് താഴെ കൊടുത്തിട്ടുള്ളത് .
ഇവിടെയുണ്ടായിരുന്ന നമ്മുടെ ഭാഷാസ്നേഹികളെ എന്നുമെന്നും ഓർമ്മിക്കുവാനുള്ള സൈബർ ഇടങ്ങളാണിവ ...! 
വിശദ വിവരങ്ങൾ ലഭിക്കാത്തതിനാൽ 
ഇനിയും കുറെയധികം ഭാഷാസ്നേഹികളെ 
ഇവിടെയിതുപോലെ പരിചയപ്പെടുത്തുവാനുണ്ട് ...
  1. ആംഗലേയ നാട്ടിലെ മലയാളത്തിന്റെ നാൾവഴികൾ - ആമുഖം
  2. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 1  
  3. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 2 
  4. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 3 
  5. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 4 
  6. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 5 
  7. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 6 

(അടുത്ത ഭാഗത്തിൽ തുടരുന്നു )

4 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,
കലകളേയുമൊക്കെ സ്നേഹിച്ച കുറച്ച് ആളുകൾ
എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ഭാഷയും
സംസ്കാരവും അവർ മറ്റൊരു സ്ഥലത്തേക്ക് കുടിയേറിയാലും
അവിടങ്ങളിലും കോട്ടം കൂടാതെ നിലനിൽക്കുന്നത് .
അതുപോലെ തന്നെയാണ്
നമ്മുടെ ഭാഷയുടെ സ്ഥിതിയും ..
അനേകം മലയാളി വംശജർ ഇന്നീ ആംഗലേയ ദേശങ്ങളിൽ
വസിക്കുന്നുണ്ടെങ്കിലും , ഇതിൽ ഒട്ടുമിക്കവർക്കും നമ്മുടെ
പഴയകാല കുടിയേറ്റ ചരിത്രങ്ങൾ അത്ര വ്യക്തമായി അറിയില്ല
എന്നതാണ് വാസ്തവം...!

Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മുടെ ഭാരതത്തിലെ ഒരു കൊച്ചുരാജ്യമായ
മലയാള നാട്ടിലെ ആളുകൾ ഇന്ന് ആഗോളതലത്തിലുള്ള
ഒട്ടുമിക്ക രാജ്യങ്ങളിലും ചേക്കേറി കുടിപ്പാർപ്പ് നടത്തി പ്രവാസ
ജീവിതം നയിച്ചു പോരുന്നുണ്ട് .

'അഫ്‌ഗാനിസ്ഥാൻ' , 'ബ്രസീൽ ' മുതൽ 'ഉഗാണ്ട ', 'യെമൻ',
' വെസ്റ്റ് ഇന്റീസ്', 'സിംബ്വാവേ ' വരെയുള്ള A to Z രാജ്യങ്ങളിൽ
നമ്മൾ മലയാളികൾ ഇന്ന് വാസമുറപ്പിച്ചിട്ടുണ്ട് ...

അതായത് ആഗോള വ്യാപകമായി ഇത്ര വ്യാപ്തിയിൽ ലോകം മുഴുവൻ
ചേക്കേറിയ ഒരു ജനത ജൂത വംശജരായിരുന്നു എന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് .
പണ്ട് ജൂത വംശജരുടെ പേരിലുണ്ടായിരുന്ന ആ റെക്കോർഡ് ,
ഇപ്പോൾ നമ്മൾ മലയാളികൾ തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണ് ...!

Muralee Mukundan , ബിലാത്തിപട്ടണം said...

ഇന്ന് അനേകം മലയാളി വംശജർ അങ്ങോളമിങ്ങോളം
പലരാജ്യങ്ങളിലുമായി യൂറോപ്പിൽ അധിവസിച്ചു വരുന്നുണ്ട് ...
അതിൽ ഏതാണ്ട് രണ്ട് ലക്ഷത്തോളം മലയാളി വംശജരുമായി ആയതിൽ
ഏറ്റവും കൂടുതൽ മലയാളികളായ പ്രവാസികളുള്ളത് 'ആംഗലേയ നാട്'എന്നറിയപ്പെടുന്ന 'ഇംഗ്ലണ്ട് , വെയിൽസ്, സ്കോട്ട് ലാൻഡ് , അയർലണ്ടുകൾ' എന്നീ നാടുകളിലാണ് ..!

അതുകൊണ്ടിപ്പോൾ മലയാളത്തേയും, ആയതിന്റെ സാംസ്‌കാരിക
ചുറ്റുവട്ടങ്ങളേയും സ്നേഹിക്കുന്ന ധാരാളം ആളുകൾ ഇന്ന് യു. കെ യിലും , പരിസര പ്രദേശങ്ങളിലുമായുണ്ട്...
അതായത് ഇവിടെയുള്ള വിദേശി വംശീയരിൽ ഏറ്റവും കൂടുതലുള്ള ഭാരതീയരിൽ ഗുജറാത്തികൾക്കും , പഞ്ചാബികൾക്കും ശേഷം മൂന്നാം സ്ഥാനം അലങ്കരിക്കുന്നതിപ്പോൾ മലയാളികളാണ്‌... !

Muralee Mukundan , ബിലാത്തിപട്ടണം said...

പണ്ട് കാലത്ത് കോളണി രാജ്യങ്ങളിൽ നിന്നും കച്ചവടം ചെയ്തും , കൊള്ള ചെയ്തും കൊണ്ടു വരുന്ന ഭക്ഷ്യ വിഭവങ്ങളൊക്കെ ശരിയായി സംസ്കരിച്ച് സൂക്ഷിച്ച് വെക്കുന്നതിന് വേണ്ടിയാണ് , ആയതിൽ നിപുണരായ തൊഴിലാളികളെ യൂറോപ്പിലേക്ക് കപ്പലേറ്റിയത് - ഒപ്പം അല്പസൽപ്പം അടിമപ്പണിക്കും...
അതിനുശേഷവും യജമാന സേവകാരായും, തോട്ടപ്പണിക്കാരായും, റെയിൽവെ പണിക്കാരായും കുടുംബ സമേധവും, അല്ലാതെയും എത്തിപ്പെട്ടവരിൽ ഒട്ടുമിക്കവർക്കും അന്നൊന്നും തിരിച്ച് പോകാനായില്ല.
പിന്നീടവർ ഒരു തരം മിക്സ്ച്ചർ ജനറേഷനായി , ജിപ്സികളായി ഇവിടെ യൂറോപ്പ്യൻ രാജ്യങ്ങളിൽ ജീവിതം നയിച്ചു. ശേഷം രണ്ട് നൂറ്റാണ്ടോളം ഈ യജമാനൻ - സേവക മനുഷ്യ കടത്തലുകൾ സുഖമമായി നടന്ന് കൊണ്ടിരുന്നു എന്നാണ് പറയപ്പെടുന്നത് ...!
ഏതാണ്ട് ഒന്നേകാൽ നൂറ്റാണ്ട് മുമ്പ്
മുതൽ കാശ് മുടക്കി അതിസമ്പന്നരുടേയും, നാടുവാഴികളുടേയും തലമുറയിൽ
പെട്ടവർ പഠിക്കുവാനും മറ്റുമായി ബിലാത്തിയിലേക്ക് കപ്പലേറി
വന്നു തുടങ്ങി...
പിന്നീട് പല ഡോക്ട്ടർമാരടക്കം ,ഉന്നത ബിരുദം കരസ്ഥമാക്കുവാൻ ലണ്ടനിലെത്തിയ മലയാളികൾ ജീവിതം മെച്ചപ്പെടുത്തുവാൻ വേണ്ടി ഇവിടെ വന്ന് ചെറിയ രീതിയിൽ സ്ഥിര താമസം തുടങ്ങിയെങ്കിലും അവർ തമ്മിലുള്ള കൂട്ടായ്മകൾ കെട്ടിപ്പടുത്തതും അതിനുശേഷം അര നൂറ്റാണ്ട് പിന്നിട്ടാണ് ...

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...