Thursday, 16 May 2019

രാഷ്ട്രീയ മീമാംസ സൂത്രങ്ങൾ അഥവാ പൊളിറ്റിക്സ് ട്രിക്സ് ..! / Rashtreeya MeemamsaSoothrangal Athhava Politics Tricks ..!

അവരവരുടെ സ്വന്തം നാടുകളിൽ അരാജകത്തത്തിന്റെ വിത്തുകൾ വിതച്ച് , അധികാരങ്ങൾ കൊയ്തെടുക്കുക എന്ന ഒരു പുത്തൻ അടവുനയമാണ്  -  ഇന്ന് ലോ‍ാകം മുഴുവനുമുള്ള ഒട്ടുമിക്ക രാഷ്ട്രീയ  - മത മേലാധികാരികളും ചെയ്ത് കൊണ്ടിരിക്കുന്നത് ...

ഇത്തരം പ്രവണതകൾ കാരണം അതാത് രാജ്യങ്ങളിലെ ഈ അധികാര മോഷ്ട്ടാക്കളായ രാഷ്ട്രീയ - മത നേതാക്കളുടെ അനുയായികളും , പിണയാളുകളും കൂടി , ആ നാടുകളിലെ വെറും സാധാരണക്കാരായ ജനങ്ങളുടെ ജീവിതം മുഴുവൻ , ഈ നേതാക്കളുടെയോ അവരുടെ പാർട്ടികളുടേയൊ ചൊൽ‌പ്പടികൾക്കനുസരിച്ച് കുട്ടി ചോറാക്കുന്ന കാഴ്ച്ചകളാണല്ലോ ഇപ്പോഴൊക്കെ  നാം ആഗോള വ്യാപകമായി ഒട്ടുമിക്ക ജനാധിപത്യ രാജ്യങ്ങളിലും കണ്ടുകൊണ്ടിരിക്കുന്ന ദൃശ്യങ്ങൾ ... !തങ്ങളുടെയൊക്കെ അധികാര അധിനിവേശങ്ങൾ / മതങ്ങൾ - സ്ഥാപിക്കാനും , നിലനിറുത്തുവാനും , മറ്റുള്ളവരുടേത് വെട്ടിപ്പിടിക്കുവാനും വേണ്ടിയാണ്  ഈ ഭൂലോകത്ത് ലഹളകളും , യുദ്ധങ്ങളുമൊക്കെ എപ്പോഴും പൊട്ടി പുറപ്പെട്ടിട്ടുള്ളത് എന്നുള്ള സത്യം -  ഇതുവരെ ലോകത്തുണ്ടായ ഏത് കൂട്ട മനുഷ്യക്കുരുതികളുടേയും ചരിത്രാവശിഷ്ട്ടങ്ങൾ , വെറുതെ ഒന്ന് ചിക്കി മാന്തി നോക്കിയാൽ മനസ്സിലാവുന്ന ഒരു പരമാർത്ഥമാണ്... !

‘ ഒരു പുരുഷനൊ പെണ്ണിനൊ 'പവ്വർ 'കിട്ടിയാൽ
അവർക്ക് പണം , പദവി , പെരുമ , പങ്കാളി എന്നിങ്ങനെയുള്ള സകലമാന
‘പ ’ കാരങ്ങളും പെട്ടെന്ന് തന്നെ എത്തി പിടിക്കാം ' എന്നുള്ളൊരു പഴമൊഴി -
ഈ  പാശ്ചാത്യ നാടുകളിൽ  അധികാരം നേടിയെടുക്കുന്നവരെ കുറിച്ച് പറയാറുണ്ട് ...

പടിഞ്ഞാറൻ നാടുകളിൽ മാത്രമല്ല  -  ഇന്ന് ഭൂഗോളത്തിലുള്ള
ഏത് ദിക്കിലുമുള്ള  ഏതൊരു  കോത്താഴത്തുള്ള ദേശത്തും , ഈ
പഴഞ്ചൊല്ല് വളരെ അത്യുത്തമമായി തന്നെ ചേരുമെന്നത് വേറെ കാര്യം ... !
ഇത്തരം അധികാരങ്ങൾ എങ്ങിനെയൊക്കെ കൈവശപ്പെടുത്താ‍മെന്നും , പൊതു ജനങ്ങളെ ഏത് വിധത്തിലൊക്കെ ഒതുക്കിയെടുത്ത് ഭരിക്കാമെന്നുമൊക്കെ പഠിപ്പിച്ച് ,  പരിശീലനം നൽകുന്ന ലോക പ്രശസ്തമായമായ  'ഹാർവാഡ് ' , 'കേംബ്രിഡ്ജ് ' , 'പ്രിൻസ്റ്റൺ' , 'ഓക്സ്ഫോർഡ് ' മുതലായ സർവ്വകലാശാലകളിൽ നിന്ന് ബിരുദമെടുത്തവരാണ് ഇന്ന് ലോക രാജ്യങ്ങൾ ഭരിച്ച് കൊണ്ടിരിക്കുന്ന  പല അഗ്രഗണ്യന്മാരായ
രാഷ്ട്രീയ നേതാക്കളും ...
ഇതിനൊന്നും പ്രാപ്തി നേടാത്ത ചില ബുദ്ധിമാന്മാരായ
നേതാക്കൾ , അവരുടെയൊക്കെ പിൻഗാമികളാക്കുവാൻ വേണ്ടി
അവരുടെ മക്കളേയൊ , മറ്റു ഉറ്റവരായ ബന്ധുക്കളേയൊ , ഇത്തരം
നവീന ചാണക്യ തന്ത്രങ്ങൾ പഠിച്ചെടുക്കുവാൻ വേണ്ടി അയച്ചുകൊണ്ടിരിക്കുന്നു
എന്നതാണ് , ഈ യൂണിവേഴ്സിറ്റികളിലെ കഴിഞ്ഞ പതിറ്റാണ്ടുകളുടെ ‘സ്റ്റുഡന്റ് സ്റ്റാറ്റിസ്റ്റിക്‘ വെളിപ്പെടുത്തുന്നത് ...!


അതെ രാജ വാഴ്ച്ചയില്ലെങ്കിലും പല ജനാധിപത്യ രാജ്യങ്ങളിലും , ഇന്ന്  അധികാരം  കൈയ്യാളുന്ന നേതാവിന്റെ പിന്മുറക്കാർ നേതാവായി അധികാരം കൈയ്യടക്കുന്ന സ്ഥിതി വിശേഷങ്ങൾ... !


പുരാണ കാലം മുതൽ മില്ലേനിയം നൂറ്റാണ്ട് വരെയുള്ള മനുഷ്യൻ , മറ്റ് മനുഷ്യരെ
വശീകരിച്ചും , ഭീക്ഷണിപ്പെടുത്തിയും , കീഴടക്കിയും ഭരിച്ചിരുന്ന ആ രാഷ്ട്രീയ തന്ത്രത്തിന്റെ  വേദാന്തങ്ങൾ തന്നെയാണ് , ഒന്ന്കൂടി ആധുനിക വൽക്കരിച്ച് , ഈ ലോ‍കപ്പെരുമയുള്ള രാഷ്ട്രീയ തത്വശാസ്ത്രങ്ങളും , ഭരണ തന്ത്രങ്ങളും പഠിപ്പിക്കുന്ന സർവ്വകലാശാലകളിൽ നിന്നും ബിരുധമെടുത്ത്  പുറത്ത് വരുന്ന നേതാവാൻ യോഗ്യത നേടുന്ന ഒരാ‍ൾക്ക് കിട്ടുന്ന ഗുണഗണങ്ങൾ ... !


അമേരിക്കൻ ചാരനായിരുന്ന 'ഒസാമ
ബിൻ ലാദനെ' വരെ CIA  പരിശീലനം നൽകി അൽ-ഖൊയ്ദയെ വാർത്തെടുക്കുവാൻ , മൂന്ന് ബില്ല്യൺ ഡോളർ ചിലവഴിച്ചതിന്റെ ചരിത്രമൊക്കെ പീന്നീട് മാധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നുവല്ലോ ...!


അതുപൊലെ തന്നെ ഈ ISIS ന്റെ സൃഷ്ട്ടി കർമ്മവും , പിന്നീട് കാശും , ആയുധവുമൊക്കെ കൊടുത്ത് അവരെ വളർത്തിയെടുത്തത്തും , ഈ പാശ്ചാത്യ രാജ്യങ്ങൾ തന്നെയാണല്ലൊ ...

ഈ രാജ്യങ്ങളിലൊക്കെ ഇന്ന് താഴെക്കിടയിലുള്ള ജോലികൾ ,
അടിമ വേല കണക്ക്  ചെയ്യുവാൻ വേണ്ടി അഭയാർത്ഥികളെ ഉണ്ടാക്കി ,
പിന്നീടവർക്ക്  അഭയം കൊടുത്ത് ജോ‍ാലിയെടുപ്പിക്കുവാൻ വേണ്ടിയാണല്ലൊ ;
തനി മൂന്നാം ലോക രാജ്യങ്ങളിലൊക്ക പണവും ആയുധവുമൊക്കെ കൊടുത്ത് പല
പല ഭീകര വാദികളെയും ഇവർ വളർത്തി വലുതാക്കി വിടുന്നത് ...

ചിലപ്പോൾ പിന്നീട്  ഇത്തരം ഭീകര വാദി സംഘടനകൾ വളരെയധികം ശക്തി പ്രാപിച്ച്  , സ്വയം അധികാരം  സ്ഥാപിച്ചാൽ , ഈ വളർത്തി വലുതാക്കിയവരുടെയൊക്കെ ചൊൽ‌പ്പടിക്ക് നിൽക്കാതാവും  ...

ഇപ്പോൾ 'ഐ.എസ്.ഐ.എസ്' ഒരു  ‘ഇസ്ലാമിക് സ്റ്റേറ്റാ‘യി വളർന്ന് വലുതായ ശേഷം  , പാശ്ചാത്യ നാടുകളടക്കം , ഏവർക്കും ഭീക്ഷണിയായത് ഇതിനൊക്കെ ഉത്തമമായൊരു  ഉദാഹരണമാണ് ...


നമ്മുടെ ഭാരതത്തിൽ തന്നെ അധികാരികളാൽ ഊട്ടി വളർത്തിയ ഭിന്ദ്രൻ വാലയും കൂട്ടരും , ആസാം ULFA ഗ്രൂപ്പും  , തമിഴ് പുലികളായ LTTE യുമൊക്കെയായി ; അങ്ങിനെ കുറെ സംഘടനകൾ തിരിച്ച് കടിച്ച ചരിത്രമൊക്കെ ഇതോടൊപ്പം കൂട്ടി വായിക്കാവുന്നതാണ് ...

പരസ്പരം കൈയ്യിട്ട് വാരിയും , അഴിമതികൾ നടത്തിയും ,
കള്ളപ്പണക്കാർക്ക് വളം വെച്ചുകൊടുത്തും അധികാരം കൈയ്യാളുന്ന
ഓരൊ നാടുകളിലേയും രാഷ്ടീയ പാർട്ടികൾ , പല തരത്തിൽ പണം
സ്വരൂപിച്ച് , തുടരെ തുടരെ അധികാര കസേരകൾ ഏത് വഴിക്കും പിടിച്ചെടുക്കുന്ന
കാഴ്ച്ചകൾ ആഗോള വ്യാപകമായി ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന കാഴ്ച്ചകളാണല്ലോ ...


കഴിഞ്ഞ നൂറ്റാണ്ടിന് മുമ്പ് വരെ വർഗ്ഗം , മതം , വംശീയം എന്നീ വിഭാഗങ്ങളിൽ ശക്തിയുള്ളവർ മറ്റുള്ളവരെ കീഴടക്കിയും , കൊള്ളയടിച്ചും , യുദ്ധം നടത്തി വെട്ടിപ്പിടിച്ചുമൊക്കെയായിരുന്നു അധികാരങ്ങൾ സ്ഥാപിച്ചിരുന്നുവെങ്കിൽ , ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ രാജ വാഴ്ച്ചകൾക്കിടയിൽ പല ജനാധിപത്യ വിപ്ലവ പാർട്ടികളും , മറ്റും അവരവരുടെ നാട്ടധികാരങ്ങൾ - സമര മുറകളാലും , വിപ്ലവത്താലും മറ്റും പിടിച്ചെടുത്ത്
ജനകീയ ഭരണങ്ങൾ തുടങ്ങിയെങ്കിലും , പിന്നീടാ ജനാധിപത്യ സംവിധാനങ്ങളിൽ
പിൻ വാതിലൂടെ  , വീണ്ടും മതവും , വംശീയതയുമൊക്കെ കടന്ന് കയറ്റം നടത്തിയായിരുന്നൂ അധികാരങ്ങൾ നില നിറുത്തികൊണ്ട് പോയിരുന്നത് ...
ശേഷം ദേശീയ - പ്രാദേശിക- ഭാഷാടിസ്ഥാനങ്ങളിൽ ലോകം മുഴുവൻ പല
തരം രാഷ്ട്രീയ പാർട്ടികൾ ഉടലെടുത്ത് ഒറ്റക്കും കൂട്ടായും അധികാരങ്ങൾ പങ്കിട്ട് തുടങ്ങി ...ദേശീയത , പ്രാദേശികത , വംശം  , ജാതി , മതം  ,  ഭാഷ , തൊഴിൽ അങ്ങിനെ ഒരുപാടൊരുപാട് ദുർഭൂതങ്ങൾ രാഷ്ട്രീയ പാർട്ടികളെ പിടികൂടിയപ്പോൾ അധികാര മോഹങ്ങളുടെ ആലസ്യത്താൽ പാർട്ടികൾ , സ്വന്തം രാജ്യത്തേക്കാൾ , ഭരണത്തെ മാത്രം സ്വപ്നം കണ്ട് , ജനാധിപത്യ സംവിധാണങ്ങളിൽ വെള്ളം ചേർത്ത് തുടങ്ങി...


അവരൊക്കെ അധികാരം പിടിച്ചെടുക്കുവാൻ വേണ്ടി പല തരം
വിളംബരങ്ങൾ കൊട്ടിഘോഷിച്ച്  , വിവിധ തരം  മാധ്യമങ്ങളിൽ കൂടി
പരസ്യ വിജ്ഞാന വിളംബരങ്ങൾ നടത്തിയും , എതിർ പാർട്ടികളെ  അപകീർത്തി പെടുത്തിയുമൊക്കെ , മാറി മാറി പല നാടുകളിലും ഭരണാധിപത്യ സ്ഥാനങ്ങൾ അലങ്കരിച്ച് പോന്നു...

മാധ്യമങ്ങളിൽ കൂടി സ്വന്തം പാർട്ടികളിലേയൊ  , എതിർ പാർട്ടികളിലേയോ
പല പ്രമുഖ നേതാക്കളെയൊക്കെ ബോഫേഴ്സ്,  കുംഭകോണം , കാലി തീറ്റ ,
ചാരക്കേസ് , പീഡനം ,ലാവ് ലിൻ , ബാർ കോഴ , സരിതോർജ്ജം ...മുതലായ
എണ്ണിയാൽ ഒടുങ്ങാത്ത അഴിമതി കേസുകളിലും , സ്കാമുകളിലും പെടുത്തിയിട്ടും ,
അല്ലെങ്കിൽ മറ്റുവിധങ്ങളിൽ തേജോവധം ചെയ്തും കുതികാൽ വെട്ടി , കാലുമാറ്റങ്ങൾ
നടത്തി ഭരണങ്ങൾ പിടിച്ചെടുക്കുന്ന ചെപ്പടി വിദ്യകൾ ... !


ഇപ്പോൾ ഈ പുതു നൂറ്റാണ്ടിൽ അധികാരം പിടിച്ചെടുക്കുവാനുള്ള
ഏറ്റവും മൂർച്ചയേറിയ ഒരു പുത്തൻ ആയുധം സോഷ്യൽ മീഡിയ സൈറ്റുകൾ ആണെത്രേ...!

1985-ൽ  പുറത്തിറങ്ങിയ ഒരു വീഡിയോയുണ്ട് .  How to brain wash a Nation ... - (YouTube)
ഒരു രാജ്യത്തിനെ എങ്ങനെയാണ് അടിമപ്പെടുത്തുന്നതെന്ന് സോവിയറ്റ് ‘കെ .ജി .ബി’ ഉദ്യോഗസ്ഥനായ 'യൂറി ബെസ്മനോവ്' സംസാരിയ്ക്കുന്നതാണ് - വളരെ ലളിതമായ ഇംഗ്ളീഷാണ്.  

നമ്മളെല്ലാം എങ്ങിനെയൊക്കെ പറ്റിയ്ക്കപ്പെട്ടിരിയ്ക്കുന്നു അല്ലേ ...

ജനാധിപത്യ സിസ്റ്റങ്ങളെ അസ്ഥിരപ്പെടുത്താൻ നടക്കുന്ന
 സകലരുടേയും കൃത്യമായ രീതികൾ ഇതിൽ പറഞ്ഞ ഉടായിപ്പുകൾ
തന്നെയാണെന്ന് ഈ വീഡിയോ കണ്ടാൽ മനസ്സിലാക്കാം ...


ജനാധിപത്യ രാജ്യങ്ങളിലെ ജനങ്ങൾ  എങ്ങനെ ചിന്തിയ്ക്കണം 
എന്ന് നാമൊക്കെ വീണ്ടും വീണ്ടും ശരിക്കും പഠിയ്ക്കേണ്ടിയിരിയ്ക്കുന്നു..


ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എങ്ങിനെയൊക്കെ ചെയ്താലും , രാഷ്ട്രീയ കുതന്ത്രങ്ങൾ അറിയുന്നവർ നേതാവായി , മത്സരിച്ച് ജയിച്ച് അധികാര കസേരകൾ പിടിച്ചടക്കും...!


പിന്നീട് അഴിമതി നടത്തിയും , കോഴ വാങ്ങിയും , പൊതു ജനത്തിന്റെ
കണ്ണ് കെട്ടി , അവരൊക്കെ വീണ്ടും വീണ്ടും ജാതിയേയും , മതത്തേയും , വംശീയതേയും ,
മറ്റ് പാർട്ടികളുമൊക്കെയായി  കൂട്ട് പിടിച്ച് അധികാര കസേരകളിൽ മാറി മാറി വന്ന് അള്ളി പിടിച്ചിരിക്കും ... !

ഇവർക്കൊക്കെ വേണ്ടി അണികളായി ജയ് വിളിക്കാനും , ജാഥ നയിക്കാനും ,
തല്ല് കൊള്ളാനും , കൊല്ലാനും , രക്തസാക്ഷികളാകാനും ,  പീഡിപ്പിക്കപ്പെടാനും , ചാവാനുമൊക്കെ നിയോഗിക്കപ്പെട്ടവർ , ആയതിനൊക്കെ വിധേയമായി എന്നുമെന്നോ‍ണം അനുയായികളായി അവരുടെ ജീവിതം ചുമ്മാ ഹോമിച്ച് കൊണ്ടിരിക്കും ...


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടേതെന്ന് നമുക്ക് വീമ്പ് പറയാമെങ്കിലും ദേശീയമായും , പ്രാദേശികമായും പലപ്പോഴും പാർട്ടികളുടെ ഏകാധിപത്യ പ്രവണതകളാണല്ലോ ഇവിടെ മിക്കവാറും ഭരണ ക്രമങ്ങളിൽ നാം കണ്ട് കൊണ്ടിരിക്കുന്നത്...

ഇന്നത്തെ ഇന്ത്യയിൽ ,
കൊട്ടപ്പറ കണക്കിന് എണ്ണിയാൽ ഒടുങ്ങാത്തത്ര
ജാതി-മത-വർഗ്ഗീയ വർണ്ണങ്ങളാൽ അലങ്കാരിതമായ
പ്രാദേശിക - ഭാഷാടിസ്ഥാനത്തിലുള്ള ഒരു പാടൊരുപാട്
പാർട്ടികളും , അതിനൊത്ത കാക്കതൊള്ളായിരം  നേതാക്കളും ഉണ്ട് ...

പാമ്പും കീരിയും പോലെയുള്ള പാർട്ടികളൊക്കെ തിരഞ്ഞെടുപ്പ് കാലത്തൊക്കെ
ഏച്ചുകെട്ടി , കൂട്ട് കൂടി അധികാര കസേരകൾക്ക് വേണ്ടി വടം വലി നടത്തിയാണ് ഭരണത്തിലേറി കീശ വീർപ്പിക്കുക ...

അടുത്ത ഊഴങ്ങളിലും ഈ ഈർക്കിളി പാർട്ടികളെല്ലാം കൂടി
കൂട്ടായൊ , മറുകണ്ടം ചാടി ചൂലുപോലെ ഒറ്റക്കെട്ടായി  നിന്ന് മാറി
മാറി , തനി ചക്കരക്കുടം പോലെയുള്ള  അധികാര ഭരണ ഭരണികളിൽ
നിന്ന് കയ്യിട്ട് വാരി ഇത് ആവർത്തിച്ച് കൊണ്ടിരിക്കും ... !


ഇതിലൊന്നും പെടാത്ത ഭൂരിഭാഗം പൊതു ജനങ്ങൾ , എല്ലാ തിരഞ്ഞെടുപ്പുകളിലും ഒരിക്കലും കിട്ടാത്ത മോഹന വാഗ്ദാനങ്ങളാൽ വശീകരിക്കപ്പെട്ട് , കിട്ടാൻ പോകുന്ന അപ്പകഷ്ണങ്ങൾ സ്വപ്നം കണ്ട് മോഹിതരായി ഇവരുടെയൊക്കെ അധികാര കസേരകൾ മാറ്റി മറിച്ച് താങ്ങി കൊണ്ട് അവരുടെ ജന്മവും കോഞ്ഞോട്ട പോലെയാക്കും ...!

ഏതൊരു നാട്ടിലെയും സാധാരണക്കാരായ വെറും അര ചാൺ
വയറ് പോറ്റാൻ നെട്ടോട്ടമോടുന്ന പകുതിയിലേറെയുള്ള പൊതു ജനങ്ങൾക്ക്
ഒരു രാഷട്രീയവും ഇല്ലാത്തവരാണ്. ആ പാവങ്ങളായ ജനതയാണ് ഇന്നത്തെ വെറും
ശുംഭൻമാരായ രാഷ്ട്രീയക്കാരെ അധികാരത്തിലേറ്റുന്നതും , പിന്നീട് അവരുടെയൊക്കെ 
ചരടിനൊത്ത് ചലിക്കുന്ന പാവകളായി മാറി എന്നുമെന്നോണം ആടികൊണ്ടിരിക്കുന്നതും ...

വാഴ് വേ മായം ...!

അതെ ഇന്ന് ഇന്ത്യയിൽ രാഷ്ട്രീയമെന്നത് അസ്സലൊരു കച്ചവടമാണ് അല്ലെങ്കിൽ കിണ്ണങ്കാച്ചിയായ ഒരു തൊഴിൽ  മേഖലയാണ് ,
മുതൽ മുടക്കായി നല്ല തൊലിക്കട്ടിയും , ഉളുപ്പില്ലായ്മയും ഒപ്പം ഏതെങ്കിലും ജാതി - മത
ചായ്‌വുള്ള മേധാവികളെ കൂടി എന്നും പ്രീണിപ്പിച്ച് കൂടെ നിറുത്തിയാൽ ഭരണത്തിൽ എന്നും ഒട്ടിപ്പിടിച്ച് നിൽക്കാം ...

പിന്നെ ഭരണത്തിൽ നിന്നും കൊയ്തെടുക്കുന്നതൊക്കെ ലാഭം തന്നെ ...!

ഇനി അല്പം പടിഞ്ഞാറൻ നാടുകളിലെ
ജനാധിപത്യ പുരാണം കൂടി ആവാം അല്ലേ.
എന്റെ മാനേജർ ‘സ്റ്റീവ് മോറിസൺ’ ഇവിടത്തെ ഒരു മുൻ
‘എം . പി ‘യായിരുന്നു പോലും . ഈ പാശ്ചാത്യ നാടുകളിലൊക്കെ
ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളെല്ലാം മറ്റെന്തെങ്കിലും തൊഴിൽ കൂടി ചെയ്ത്
ജീവിക്കുന്നവരാണ് .
സ്വന്തം നാടിന് എന്തെങ്കിലും ആപത്ത് , ദുരന്തം എന്നിവയൊക്കെ വരുമ്പോഴൊ മറ്റോ ഭരണപക്ഷമെന്നോ , പ്രതിപക്ഷമെന്നോ നോക്കാതെ ഒന്നിച്ച് നിന്ന് പൊരുതുന്നവരാണ് . അതുപോലെ നാടിന് ഗുണം വരുന്ന എന്ത് സംഗതികൾക്കും ഇവരൊക്കെ ഒരുമിച്ച് നിന്ന് അവയൊക്കെ നേടിയെടുക്കും .

പാർട്ടികളുടെ ഉന്നതരായ നേതാക്കന്മാരേയും  , മന്ത്രിമാർ മുതലായ ഭരണാധിപന്മാരേയും മാക്സിമം രണ്ടോ മൂന്നോ  തവണ മാത്രമേ അത്തരം ഭരണ ചക്രങ്ങൾ തിരിക്കുവാൻ അനുവദിക്കുകയുള്ളു .
എല്ലാത്തിലും ഉപരി തനി ജനപ്രതിനിധികളായ അവരൊക്കെ സാധാരക്കാരെ പോലെ വാഹന വ്യൂഹ അകമ്പടികളില്ലാതെ സഞ്ചാരവും , അകമ്പടിക്കാരില്ലാതെ , അഴിമതികളില്ലാതെ ഭരണ നിർവ്വഹവും നടത്തുന്ന രീതികളാണ് കൂടുതലായും കാണപ്പെടുന്നത്.

ഇവിടത്തെ നാടുകളിൽ രാഷ്ട്രീയ തിരഞ്ഞെടുപ്പിന് മുമ്പായി പരസ്പരമുള്ള ശക്തി പ്രകടനങ്ങളൊ , ജാഥകളോ , ഹർത്താലുകളൊ അങ്ങിനെ പൊതുജനത്തിന് ക്ലേശകരമായ യാതൊരു വിധ ചെയ്തികളും ഇല്ലാതെ  -  ഡിബേറ്റുകളും , അവരവരുടെ ഭരണ നയങ്ങളൊക്കെ അവതരിപ്പിച്ച് കൊണ്ട്  മാധ്യമങ്ങളിൽ കൂടിയുള്ള പരസ്യ വിജ്ഞാപനങ്ങളും , സ്റ്റേഷനുകൾക്ക് മുമ്പിൽ നിന്നുള്ള നോട്ടീസ് വിതരങ്ങളുമൊക്കെയായുള്ള തികച്ചും മാന്യമായ പ്രചരണങ്ങൾ മാത്രമാണ് നടക്കാറുള്ളത് .
എന്തിന് ഇലക്ഷൻ ദിവസം, ഒരു മുടക്കു
പോലുമില്ലാത്ത ഒരു സാധാരണ ദിനം തന്നെയാണിവിടെ.

ഇനി എന്നാണ് നമ്മുടെ നാടും രാഷ്ട്രീയവുമൊക്കെ
ഇതുപോലെയൊക്കെ നന്നാവുക അല്ലേ ... ?

രാജ്യ സ്നേഹം തുളുമ്പുന്ന മനസ്സോടെയുള്ള , ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന , പൊതു നന്മകൾ ഉണ്ടാക്കുന്ന പഴയകാല നേതാക്കളെ പോലെയുള്ളവർ , ഭാരതീയ രാഷ്ട്രീയ  നേതൃത്വ സ്ഥാനം അലങ്കരിച്ച് രംഗത്ത് വന്നാലെ , ഇനി ഇന്ത്യ ഉയരത്തിലേക്ക്‌ കുതിക്കുകയുള്ളൂ ...!

അങ്ങിനെയുള്ളവർ ഇനി വരുന്ന
ഭാവിയിലെങ്കിലും  നമ്മുടെ ജന്മനാട്ടിൽ
എല്ലാ വമ്പൻ പാർട്ടികളിലും ഉണ്ടാകുമാറാകട്ടെ
എന്ന്  നമുക്ക് പ്രതീക്ഷിക്കാം ... ചുമ്മാ ആശിക്കുകയെങ്കിലും ചെയ്യാം ...

ഭാവിയിൽ ഭാരതം മുഴുവൻ
നല്ല ഭരണങ്ങളാൽ ശോഭിക്കുമാറാകട്ടെ ...
ജയ് ഹോ ...!പിന്നാമ്പുറം :-

ഗൂഗ്ലിൽ നിന്നും തപ്പിപ്പിടിച്ചിട്ട ഈ ആലേഖനത്തിലെ 
പടങ്ങളും , കാർട്ടൂണുകളുമൊക്കെ സൃഷ്ട്ടി കർമ്മം നടത്തിയിട്ട 
എല്ലാ കലാകാരന്മാരോടും നന്ദിയും കടപ്പാടും രേഖപ്പെടിത്തി കൊള്ളുന്നു

23 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരിക്കലും ഒരു അധികാര
സ്ഥാനങ്ങളും കയ്യാളിയിട്ടില്ലെങ്കിലും ,
നാട്ടരുടെ പല കാര്യങ്ങളിലും തീർപ്പ് കല്പിച്ചിരുന്ന
നാടിനും നാട്ടാർക്കുമൊക്കെ എന്നും നന്മകൾ ചെയ്ത്
കൊണ്ടിരുന്ന സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന മുത്തശ്ശന്റെ
കൂടെ ബാല്യകാലത്ത് നടത്തിയിരുന്ന പ്രഭാത സവരികളിൽ , നാട്ടിലേവരും
ബഹുമാനിക്കുന്ന ആശ്രിത വത്സലനായ മുത്തശ്ശന്റെയൊക്കെ ബഹുമുഖ വ്യക്തി
പ്രഭാവം ഞാൻ കണ്ടറിഞ്ഞിട്ടുണ്ട്....

കോർപ്പറേഷൻ വരുന്നതിന് മുമ്പ് കണിമംഗലത്തുള്ള
കൂർക്കഞ്ചേരി പഞ്ചായത്തിന്റെ ഭരണത്തിൽ 16 കൊല്ലത്തോ‍ാളം
ഉണ്ടായിരുന്ന അച്ഛൻ വീട്ടിലുള്ളതെല്ലാം പാവപ്പെട്ടവർക്കും മറ്റും ദാനം
ചെയ്ത് സ്വന്തം വീട് പണി പോലും പൂർത്തിയാകാതെ, വീട്ടുകാര്യങ്ങൾ പലതും
ശ്രദ്ധിക്കാതെ നാട്ടുകരുടെ സ്വന്തം മൂ‍ന്ദേട്ടനായി ജീവിതം ഹോമിച്ച ചരിത്രവും എന്റെയൊക്കെ
രാഷ്ട്രീയ പാഠങ്ങളിൽ മറക്കപ്പെടാത്ത ചില അദ്ധ്യയങ്ങളാണ്....

ഒരു പക്ഷേ ഞാൻ നാട്ടിലായിരുന്നുവെങ്കിൽ
ഈ പാരമ്പര്യങ്ങളുമായി ഇന്നത്തെ നഗര സഭാ
കൌൺസിലറോ മറ്റോ ആയി തീർന്നേനെ...!

നാട്ടുകാരുടേയും , എന്റേയും ഭാഗ്യം കൊണ്ട് എങ്ങിനെയോ
ഞാൻ ഈ ബിലാത്തി പട്ടണത്തിന്റെ ഗോൾ പോസ്റ്റിനുള്ളീലെ
വലയിൽ വന്നു പെട്ടു....!

ഇതിനൊക്കെ നന്ദി ഞാൻ ആരോടാണ് ചൊല്ലേണ്ടത് ..?

Junaiths said...

ഭാവിയിൽ ഭാരതം മുഴുവൻ
നല്ല ഭരണങ്ങളാൽ ശോഭിക്കുമാറാകട്ടെ ...
ജയ് ഹോ ...!

തൽക്കാലം ഒരു ഹോ മാത്രമിടുന്നു :)

സുധി അറയ്ക്കൽ said...

കേരളത്തിന്റെ കാര്യം തന്നെയെടുക്കാം.

കഴിഞ്ഞ അഞ്ച്‌ വർഷത്തെ അധികാരത്തിന്റെ ഇടനാഴിയിൽ ചീഞ്ഞുനാറുന്ന ,വൃത്തികെട്ട എത്ര കഥകളാ കേട്ടത്‌?

പൊതുജനം കഴുതയെന്ന് വാക്യം ജനാധിപത്യത്തിന്റെ നിർവ്വചനത്തിനിടയിലേയ്ക്ക്‌ കൂട്ടിച്ചേർക്കേണ്ട കാലം വന്നു.


പരസ്യമായ വ്യഭിചാരം നടത്തിയ/നടത്തുന്ന മന്ത്രിമാരെ വേറേ എവിടേ കാണാൻ കഴിയും.കേരളം മാറാൻ പോകുന്നില്ല.മലയാളികളും.നമുക്ക്‌ ഇടത്തേ കാലിലെ മന്ത്‌ വലത്തേ കാലിലേയ്ക്ക്‌ മാറിക്കിട്ടിയാൽ മതിയല്ലോ!!!!

Unknown said...

മുരളിചേട്ടാ..... എനിക്ക് ശെരിക്കു ഇഷ്ടപ്പെട്ടു . പറഞ്ഞിരിക്കുന്നത് മുഴുവൻ കാര്യങ്ങൾ ആണ് . ഒരുപാട് കാലം കൂടിയാണ് ബ്ലോഗ്‌ വായിക്കുന്നത് .

വീകെ said...

ഇന്ന് ലക്ഷങ്ങളെക്കുറിച്ച് ആരും പറയാറില്ല. പറയുന്നതത്രയും ലക്ഷംകോടികളുടെ കാര്യമാണ്. ഇതത്രയും അടിച്ചുമാറ്റിയതാണ്.അതൊക്കെ ഒരുളുപ്പുമില്ലാതെ എഴുതിത്തളളി പരസ്യമാക്കിപ്പറയാൻ സർക്കാരിനു പോലും ഒരുളുപ്പുമില്ല. ഒരു കച്ചവടക്കാരൻ ഏതാനും ആയിരങ്ങൾ നികുതിക്കുടിശ്ശിഖ വരുത്തിയെന്നു പറഞ്ഞ് പീഡിപ്പിച്ച് ആത്മത്യയിലേയ്ക്ക് എത്തിച്ചതിന് കേരളം മുഴുവൻ പ്രതിഷേധ സൂചകമായി കടയടപ്പു സമരം നടത്തുകയാണിന്ന്.
ഇതെല്ലാം കണ്ടും കേട്ടും ഒന്നും മനസ്സിലാകാത്തതു പോലെ വെറും പൊട്ടന്മാരായി ജനങ്ങളും ആടിത്തകർക്കുന്ന ജനനേതാക്കളും ....!!!

vettathan said...

അഴിമതി ഒരു വിഷയമല്ലാതായിരിക്കുന്നു. കാരണം ഇപ്പോള്‍ അഴിമതി ആരോപിക്കുന്നവര്‍ അധികാരത്തിലിരുന്നപ്പോള്‍ ഇതിലും വലിയ അഴിമതി നടത്തിയവരാണ്. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇതിലും വലിയ അഴിമതി പ്രതീക്ഷിക്കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ ഓരോ കവലയിലും മണിമന്ദിരങ്ങള്‍ പടുത്തുയര്‍ത്തുന്നത് അവിഹിതമായി സമ്പാദിച്ച വകയില്‍ നിന്നു തന്നെയല്ലേ.? നമ്മുടെ നാട്ടില്‍ അധികാരം പിടിക്കുന്നത് ജാതി മത ശക്തികളുടെ സഹായത്തോടെ തന്നെയാണ്.ആരും ഇക്കാര്യത്തില്‍ പിന്നിലല്ല.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

.....

അതാത് രാജ്യങ്ങളിലെ ഈ അധികാര മോഷ്ട്ടാക്കളായ രാഷ്ട്രീയ - മത നേതാക്കളുടെ അനുയായികളും , പിണയാളുകളും കൂടി , ആ നാടുകളിലെ വെറും സാധാരണക്കാരായ ജനങ്ങളുടെ ജീവിതം മുഴുവൻ , ഈ നേതാക്കളുടെയോ അവരുടെ പാർട്ടികളുടേയൊ ചൊൽ‌പ്പടികൾക്കനുസരിച്ച് കുട്ടി ചോറാക്കുന്ന കാഴ്ച്ചകളാണല്ലോ ഇപ്പോഴൊക്കെ നാം ആഗോള വ്യാപകമായി ഒട്ടുമിക്ക ജനാധിപത്യ രാജ്യങ്ങളിലും കണ്ടുകൊണ്ടിരിക്കുന്ന ദൃശ്യങ്ങൾ

എവിടെത്തിരഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം.. ഈ ലേഖനത്തില്‍ പരമാര്ശിക്കപ്പെട്ട വിഷയങ്ങള്‍ അപകടകരമായ അവസ്ഥകള്‍..

ആര്‍ക്കും സഹിക്കാന്‍ കഴിയാത്ത അതിന്‍റെ പ്രത്യാഘാതങ്ങള്‍..

ഒരു സാധാരണക്കാരന്‍ എങ്ങിനെയാണ് സമാശ്വസിക്കുക...

Bipin said...

നമ്മളെന്തു ചെയ്യണം?

Harish Pala said...

വളരെ നല്ല ഒരു ബ്ലോഗ്... എനിക്ക് നന്നായി ഇഷ്ടപ്പെട്ടു...

Harish Pala said...

വളരെ നല്ല ഒരു ബ്ലോഗ്... എനിക്ക് നന്നായി ഇഷ്ടപ്പെട്ടു...

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ജൂനിയാത് ഭായ്,നന്ദി.ഭാവിയിലെങ്കിലും നമ്മുടെ നാട്ടിൽ നല്ല രാഷ്ട്രീയമുണ്ടായാൽ നല്ലൊരു രാഷ്ട്രം കെട്ടിപ്പടുക്കുവാൻ നമുക്കാവും , അതിന് നമ്മെ കൊണ്ടാകുമോ എന്നുള്ളതാണ് ആ ‘ഹോ’ കേട്ടൊ ഭായ്.

പ്രിയമുള്ള സുധി ഭായ്, നന്ദി. വൃത്തികെട്ടാൽ ചീഞ്ഞുനാറുമെന്നത് ഉറപ്പാണ് , ഈ നാറ്റത്തിലും കൈയ്യിട്ട് വാരിയാൽ കിട്ടുന്നതിൽ അഭിരമിക്കുകയാണല്ലൊ രാഷ്ട്രീയ കേരള തലതൊട്ടപ്പന്മാർ അല്ലേ .ആസനത്തിൽ ആൽ മുളച്ചാൽ അതും തണലെന്ന് കരുതീ ആശ്വസിക്കുന്നവർ അല്ലേ ഭായ്.

പ്രിയപ്പെട്ട പ്രദീപ് ഭായ്, നന്ദി.എങ്ങിനെ ഇഷ്ട്ടപ്പെടാതിരിക്കും, യു.കെയിൽനിന്നും പോയതിൽ പിന്നെ മൂന്നാലുകൊല്ലം കാര്യസാധ്യത്തിനായി ഈ രാഷ്ട്രീയക്കാരുടെ പിന്നാലെ പാഞ്ഞ് നടക്കുകയായിരുന്നുവല്ല്ലോ ഭായ് ചെയ്തിരുന്നത് അല്ലേ.

പ്രിയമുള്ള അശോക് ഭായ്, നന്ദി.നമ്മളൊക്കെ ശുദ്ധ പൊട്ടന്മാരായത് കൊണ്ട് തന്നെയാണ് സാധാരണക്കാരായ ജനങ്ങളെ പിഴിഞ്ഞ് കോർപ്പറേറ്റുകളെ സംരംക്ഷിക്കുന്ന ഭരണകൂടങ്ങളെ നാം മാറി മാറി കാലങ്ങളായി ഭരണത്തിലേറ്റികൊണ്ടിരിക്കുന്നത് . ഡൽഹിയിലെ ജനത ഒന്നടക്കം ചിന്തിച്ച പോലെ നാമും ഇനി ചിന്തിച്ച് ബുദ്ധിമാന്മാരേകേണ്ടകാലം അതിക്രമിച്ചിരീക്കുന്നു അല്ലേ ഭായ്.

പ്രിയപ്പെട്ട ജോർജ്ജ് സർ, നന്ദി.എന്തഴിമതി നടത്തിയാലും, വൃത്തി കേടുകൾ കാണിച്ചാലും പൊതുജനത്തിന് വീണ്ടും കുറെ മോഹന വാഗ്ദാനങ്ങൾ കൊടുത്താൽ മാറി മാറി തങ്ങൾക്കധികാരമേറാൻ കഴിയും എന്നുള്ളൊരു ആത്മവിശ്വാസം നമ്മുടെയൊക്കെ രാഷ്ട്രീയ മേലാളന്മാർക്ക് ഉള്ളതുകൊണ്ടാണ് ഇതെല്ലാം ആവർത്തിച്ച് സംഭവിച്ച് കൊണ്ടിരിക്കുന്നത് അല്ലേ സർ

പട്ടേപ്പാടം റാംജി said...

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എങ്ങിനെയൊക്കെ ചെയ്താലും , രാഷ്ട്രീയ കുതന്ത്രങ്ങൾ അറിയുന്നവർ നേതാവായി , മത്സരിച്ച് ജയിച്ച് അധികാര കസേരകൾ പിടിച്ചടക്കും...!

നന്നായി.
നന്നാവും എന്ന് വെറുതെയെങ്കിലും പ്രതീക്ഷിക്കാം അല്ലെ.

വിനുവേട്ടന്‍ said...

തമ്മില്‍ ഭേദം എന്ന് തോന്നുന്നവരെ ജയിപ്പിക്കുക എന്നൊരു ഓപ്ഷന്‍ മാത്രമല്ലേ നമുക്ക് മുന്നില്‍ ഇപ്പോള്‍ ഉള്ളൂ... :(

Unknown said...

വികസനം മുടക്കി പാർട്ടികൾ പ്രതിപക്ഷത്ത് നിൽക്കുമ്പോൾ നാട് നന്നാകുമോ
തന്റെ മതത്തെ താൻ മുറുകെ പിടിക്കുമ്പോൾ അതിനെ വർഗീയമെന്ന് ഞാൻ പറയില്ല.....
വികസനമില്ലാതെ വികസനമെന്ന വാക്കിനാൽ അഴിമതി നടത്തുമ്പോൾ തന്റെ മതത്തിനും തന്റെ രാജ്യത്തിനും വേണ്ടി കൂട്ടുനിൽക്കുന്നതിൽ തെറ്റില്ല എന്ന് തന്നെയാണ് ഞാൻ പറയുക

Unknown said...

എതിർക്കുന്നവർ തന്നെ വീണ്ടും വീണ്ടും അവരെ അധികാരകസേരയിൽ ഇരുത്തിക്കും...

Muralee Mukundan , ബിലാത്തിപട്ടണം said...


പ്രിയപ്പെട്ട മുഹമ്മദ് ഭായ് , നന്ദി. ആര്‍ക്കും സഹിക്കാന്‍ കഴിയാത്ത ഇത്തരം ഭരണ കൂത്താട്ടങ്ങളും അതിന്‍റെ പ്രത്യാഘാതങ്ങളും തുടരെ തുടരെയാകുമ്പോൾ സാധാരണ ജനം രാഷ്ട്രീയത്തെ വെറുക്കും ,പിന്നീടതിന് ബദൽ കണ്ടെത്താൻ ശ്രമിക്കും, ഡൽഹി ജനതയൊക്കെ ചെയ്തതിതാ‍ണ്
ഒരു സാധാരണക്കാരന്‍ ഇങ്ങിനെ മാറ്റങ്ങൾ വരുത്തി സമാശ്വസിക്കട്ടെ അല്ലേ ഭായ്

പ്രിയമുള്ള ബിപിൻ ഭായ്, നന്ദി. നമ്മളെന്തു ചെയ്യണമെന്ന് ചോദീച്ചാൽ രാജ്യ സ്നേഹം തുളുമ്പുന്ന മനസ്സോടെയുള്ള , ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന , പൊതു നന്മകൾ ഉണ്ടാക്കുന്ന പഴയകാല നേതാക്കളെ പോലെയുള്ളവരെ നോക്കി തിരഞ്ഞെടുക്കണം , ഒപ്പം ഭാരതീയ രാഷ്ട്രീയ നേതൃത്വ സ്ഥാനം അലങ്കരിക്കുന്ന പാർട്ടികളും ഇത്തരക്കാരെ സമാജികരായി രംഗത്ത് കൊണ്ട് വരികയും വേണം.
പിന്നെ പാർട്ടികളുടെ ഉന്നതരായ നേതാക്കന്മാരേയും , മന്ത്രിമാർ മുതലായ ഭരണാധിപന്മാരേയും മാക്സിമം രണ്ടോ മൂന്നോ തവണ മാത്രമേ അത്തരം ഭരണ ചക്രങ്ങൾ തിരിക്കുവാൻ അനുവദിക്കാവു...
എല്ലാത്തിലും ഉപരി തനി ജനപ്രതിനിധികളായ അവരൊക്കെ സാധാരക്കാരെ പോലെ വാഹന വ്യൂഹ അകമ്പടികളില്ലാതെ സഞ്ചാരവും , അകമ്പടിക്കാരില്ലാതെ , അഴിമതികളില്ലാതെ ഭരണ നിർവ്വഹവും നടത്തുന്ന രീതികളും അവലംബിച്ചേ മതിയാകൂ..

പ്രിയപ്പെട്ട ഹരീഷ് ഭായ്, നന്ദി. ഈ ഇഷ്ട്ടപ്പെടലിനും അഭിപ്രായത്തിനും ഒത്തിരി സന്തോഷമൂണ്ട് കേട്ടൊ ഹരീഷ് ഭായ്.

പ്രിയമുള്ള റാംജി ഭായ് , നന്ദി.അതെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എങ്ങിനെയൊക്കെ ചെയ്താലും , രാഷ്ട്രീയ കുതന്ത്രങ്ങൾ അറിയുന്നവർ നേതാവായി , മത്സരിച്ച് ജയിച്ച് അധികാര കസേരകൾ പിടിച്ചടക്കും , ഈ പ്രതിഭാസം തുടർന്ന് കൊണ്ടെയിരിക്കും.ഇനിയെങ്കിലും നന്നാവും എന്ന് വെറുതെയെങ്കിലും പ്രതീക്ഷിക്കാം എന്ന് മാത്രം.

പ്രിയപ്പെട്ട വിനുവേട്ടന്‍ , നന്ദി. തമ്മില്‍ ഭേദം എന്ന് തോന്നുന്നവരെ ജയിപ്പിക്കുക എന്ന് വെച്ചാൽ ആരാണ് ഒന്നിനൊന്ന് ഭേദമുള്ളവർ എന്ന് കണക്കാക്കുമ്പോൾ എല്ലാം ഒരു കണക്ക് തന്നെയല്ലേ ...!
രാജ്യ സ്നേഹം തുളുമ്പുന്ന മനസ്സോടെയുള്ള , ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന , പൊതു നന്മകൾ ഉണ്ടാക്കുന്ന പഴയകാല നേതാക്കളെ പോലെയുള്ളവരെ നോക്കി തിരഞ്ഞെടുക്കണം


ഇ.എ.സജിം തട്ടത്തുമല said...

വായന അടയാളപ്പെടുത്തുന്നു

Anonymous said...

രാജ്യ സ്നേഹം തുളുമ്പുന്ന മനസ്സോടെയുള്ള ,
ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന ,
പൊതു നന്മകൾ ഉണ്ടാക്കുന്ന പഴയകാല നേതാക്കളെ
പോലെയുള്ളവർ , ഭാരതീയ രാഷ്ട്രീയ നേതൃത്വ സ്ഥാനം
അലങ്കരിച്ച് രംഗത്ത് വന്നാലെ , ഇനി ഇന്ത്യ ഉയരത്തിലേക്ക്‌ കുതിക്കുകയുള്ളൂ ..

We Hope So...

By

K P Raghulal

Gopi Nair said...

Very good article.

Anonymous said...

പുരാണ കാലം മുതൽ മില്ലേനിയം നൂറ്റാണ്ട് വരെയുള്ള മനുഷ്യൻ , മറ്റ് മനുഷ്യരെ
വശീകരിച്ചും , ഭീക്ഷണിപ്പെടുത്തിയും , കീഴടക്കിയും ഭരിച്ചിരുന്ന ആ രാഷ്ട്രീയ തന്ത്രത്തിന്റെ വേദാന്തങ്ങൾ തന്നെയാണ് , ഒന്ന്കൂടി ആധുനിക വൽക്കരിച്ച് , ഈ ലോ‍കപ്പെരുമയുള്ള രാഷ്ട്രീയ തത്വശാസ്ത്രങ്ങളും , ഭരണ തന്ത്രങ്ങളും പഠിപ്പിക്കുന്ന സർവ്വകലാശാലകളിൽ നിന്നും ബിരുധമെടുത്ത് പുറത്ത് വരുന്ന നേതാവാൻ യോഗ്യത നേടുന്ന ഒരാ‍ൾക്ക് കിട്ടുന്ന ഗുണഗണങ്ങൾ ... !

By

K.P.Raghulal

സുധി അറയ്ക്കൽ said...

വളരെ കൃത്യമായ അഭിപ്രായങ്ങൾ.അടുത്ത ആഴ്ച ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത്‌ നടന്ന ഇലക്ഷൻ റിസൽറ്റ്‌ വരും.

മഹേഷ് മേനോൻ said...

ഇപ്പോൾ ഈ പുതു നൂറ്റാണ്ടിൽ അധികാരം പിടിച്ചെടുക്കുവാനുള്ള
ഏറ്റവും മൂർച്ചയേറിയ ഒരു പുത്തൻ ആയുധം സോഷ്യൽ മീഡിയ സൈറ്റുകൾ ആണെത്രേ...!

BREXIT പോലും വിജയിപ്പിച്ചത് ഇതേ സോഷ്യൽമീഡിയ വഴിയുള്ള targetted marketing വഴിയായിരുന്നു എന്നൊരു ലേഖനം വായിച്ചതോർക്കുന്നു.

സിനിമാ ഡയലൊഗിൽ പറയുന്നതുപോലെ 'ഇത് തിന്മയും തിന്മയും തമ്മിലുള്ള ഒരു യുദ്ധമല്ലെ?

Areekkodan | അരീക്കോടന്‍ said...

ജയ് ഹോ ...!

ഒരു മാന്ത്രികനും കുറെ 'വര'യൻ പുലികളും ...! / Oru Manthrikanum Kure 'Vara'yan Pulikalum ...!

എന്റെ ആദ്യാനുരാഗ കഥയിലെ നായികയായ 'വര'ക്കാരിയും ഫോട്ടോഗ്രാഫറും കൂടിയായ പ്രിയയാണ്  ആദ്യമായി എന്നെ ഒരു കാർട്ടൂണാക്കി വരച്ചത് ....