Tuesday 31 January 2017

കടിഞ്ഞാൺ കളഞ്ഞു പോയ ഒരു കടിഞ്ഞൂൽ കാതൽ കഥ ... ! / Katinjan Kalanju Poya Oru Katinjool Kathal Kathha ... !

ഒരിക്കലും ഒരുമിക്കുവനാകാതെ ജീവിത കാലം മുഴുവൻ താലോലിച്ച് കൊണ്ട് നടക്കുന്ന പ്രണയമാണ് ഏറ്റവും ഉത്തമമായത് എന്ന് പറയപ്പെടുന്നു...
ഇതിഹാസ ചരിതങ്ങൾ മുതൽ ഇന്നത്തെ 
ആധുനിക സാഹിത്യം വരെ ചികഞ്ഞ് നോക്കിയാൽ 
ഒന്ന് മനസ്സിലാക്കുവാൻ സാധിക്കും - അതായത് പ്രണയാഭിലാക്ഷങ്ങൾ സാക്ഷാത്കാരം നേടാനാകാതെ പോയ അനേകമനേകം പ്രേമ ഭാജനങ്ങൾ തിങ്ങി നിറഞ്ഞ കാവ്യങ്ങളും , കഥകളും തന്നെയാണ് അന്നും , ഇന്നും , എന്നും  ലോകത്താകമാനം വായിക്കപ്പെട്ടിട്ടുള്ള കൃതികൾ എന്നുള്ളത്...
ആദ്യ നോട്ടത്തിൽ തന്നെ തന്റെ പ്രേമഭാജനത്തിന്റെ 
ആകാര വടിവുകളിൽ ആകൃഷ്ടനായൊ , പ്രത്യേകതയുള്ള അവയവ ഭംഗികളിൽ മോഹിച്ചൊ , കലാ - സാഹിത്യ- കായിക വൈഭങ്ങളിലുള്ള നിപുണതകൾ കണ്ടിട്ടൊ , പെരുമാറ്റ ഗുണങ്ങളിൽ തൽപ്പരരായൊ മറെറാ ആണല്ലൊ സാധാരണ ഗതിയിൽ രണ്ട് പേർ തമ്മിലുള്ള അനുരാഗം പൊട്ടി മുളക്കാറുള്ളത് ...

പുറംമോടിയിലെ സൗന്ദര്യത്തേക്കാൾ അകം മോടി കണ്ട് പരസ്പരം ഇഷ്ടപ്പെടുന്നവരും ഇല്ലാതില്ല എന്നല്ല പറഞ്ഞ് വരുന്നത്...


പ്രണയത്തിനും , വീഞ്ഞിനും പഴകും തോറും വീര്യം കൂടുമെന്നാണ് പറയുക . 
മറ്റുള്ളവരുടെ അനുരാഗ കഥകളൊക്കെ ചടുപിടുന്നനെ  വളരെ ഈസിയായി എഴുതിയിടാവുന്ന  സംഗതികളാണ് ...  
എന്നാൽ സ്വന്തം പ്രണയം ഒരിക്കലും എഴുതി ഫലിപ്പിക്കാനാകാത്ത ഒരു പ്രഹേളിക തന്നെയാണെന്ന് എനിക്കിപ്പോൾ തോന്നുന്നു ...
എന്തുകൊണ്ടെന്നാൽ ഒരിക്കലും വറ്റി വരണ്ട് 
പോകാത്ത എന്റെ സ്വന്തം കടിഞ്ഞൂൽ കാതൽ കഥയുടെ 
അല്പസൽപ്പം  പിന്നാമ്പുറ ചരിതങ്ങൾ വീണ്ടും കുറച്ച് ചിക്കി മാന്തിയെടുത്ത് 
ഞാനെന്റെ കടിഞ്ഞൂൽ പ്രണയ 
നായികയായ പ്രിയയെ പരിചയപ്പെടുത്തുകയാണ്.

കണിമംഗലത്തെ പേരും പെരുമയുമുള്ള അമ്പാട്ട് തറവാട്ടിലെ കല്ല്യാണി മുത്തശ്ശിയുടെ പേരക്കുട്ടിയാണിവൾ ...
പ്രിയയുടെ അച്ഛൻ ബാംഗ്ലൂരിൽ സെറ്റിൽ ചെയ്ത ഒരു ബിസിനസ്സ് മലയാളിയായതുകൊണ്ട് , ഓരൊ കൊച്ചു അവധിക്കാലത്ത് പോലും നാട്ടിൽ മുത്തശ്ശിയോടൊപ്പം വെക്കേഷൻ ചിലവഴിക്കുവാൻ വരുമ്പോഴാണ്, ഒരു നല്ല അയലക്കകാരനായ ,ഞാനുമായുള്ള  സൌഹൃദം   തുടങ്ങിയത്...

കൂടാതെ എന്റെ അനുജത്തിയുടെ ഉത്തമ മിത്രവും,  സമപ്രായക്കാരിയുമായിരുന്നു
അന്നത്തെ പ്രിയപ്പെട്ട കൂട്ടുകാരി പ്രിയ.
അതായത് എന്റെ പ്രഥമ പ്രണയ സഖി.. !

അന്നൊക്കെ ഒരു പച്ചപ്പട്ടുടുത്ത ലാസ്യലാവണ്യവതിയായ അഴകുള്ള സുന്ദരിയെ പോലെയായിരുന്നു എന്റെ നാടായ കണിമംഗലം ഗ്രാമം ... 
നീണ്ടു പരന്നു കിടക്കുന്ന നെൽ വയലുകളാലും , കോൾ നിലങ്ങളാലും , തോടുകളാലും , കുളങ്ങളാലും , കാവുകളാലുമൊക്കെ ചുറ്റപ്പെട്ട - തെങ്ങും , കവുങ്ങും , മാവും , പ്ലാവുമൊക്കെ നിറഞ്ഞ് നിൽക്കുന്ന പുരയിടങ്ങളും  - എള്ളും , കൂർക്കയും, മുതിരയും , പച്ചക്കറികളും മാറി മാറി വിളയുന്ന ഞാറു പാടങ്ങളാലും നിറഞ്ഞ  തനി കേരളീയ പ്രകൃതി ഭംഗികൾ മുഴുവൻ വാരിക്കോരി വരദാനമായി കിട്ടിയ ഗ്രാമം ... !

തൊടികളിൽ തൊഴുത്തും , വൈക്കോൽ 
തുറുകളും , ഓലപ്പുരയും , ആട്ടിൻ കൂടും , കോഴി കൂടും ,അടുക്കള തോട്ടങ്ങളുമുള്ള കൊച്ചു കൊച്ച് ഓടിട്ട വീടുകളുള്ള  , തമ്മിൽ തമ്മിൽ ജാതിമത വത്യാസങ്ങളില്ലാതെ ഏവരെയും ബന്ധുജനങ്ങളെ പോലെ പരസ്പരം അറിയാവുന്ന നാട്ടുമ്പുറക്കാരായ , കൂടുതലും ഇടത്തരക്കാരായവർ   വസിക്കുന്ന നാട് ...

അവിടെ തലമുറകളായി കണിമംഗലം തമ്പുരാക്കന്മാർ നാട് വാണിരുന്ന കാലം തൊട്ടേ ഉണ്ടായിരുന്ന ഒരു തായ് വഴി കുടുംബമായിരുന്നു കല്ല്യാണി മുത്തശ്ശിയുടെ തറവാട് ...



പക്ഷെ കാൽ നൂറ്റാണ്ടിന് മുമ്പ് മുതൽ തൃശൂർ പട്ടണം കുറേശ്ശെക്കുറേശെയായി ഞങ്ങളുടെ ഗ്രാമത്തിലേക്ക് അധിനിവേശം നടത്തി തുടങ്ങിയത് മുതൽ ആ ഗ്രാമ്യ ഭംഗികൾ മുഴുവൻ എന്നെന്നേക്കുമായി നഷ്ട്ട പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു...

അതുപോലെ തന്നെ അമ്പാട്ട് തറവാടും പുരയിടവും ഒന്നും ഇന്നില്ല ,അവിടെയുള്ളത് ഇപ്പോൾ എട്ടും ,പത്തും സെന്റും വീതമുള്ള കൊച്ച്  പ്ലോട്ടുകളിൽ മാളികളും  , കോൺഗ്രീറ്റ് വീടുകളും  കെട്ടി താമസിക്കുന്ന മുല്ലയ്ക്കൽ റെസിഡന്റ് അസോസ്സി യേഷനിൽ ( M.R.A )പെട്ട വിവിധ കുടുബങ്ങളാണ് ...!
 
പ്രിയയുടെ തറവാട്ടു പുരയിടത്തിലെ കിഴക്കെ 

തൊടിയിലുള്ള മൂവാണ്ട മാവിന്റെ തണലിൽ ഓലമടലുകളും ,ശീമക്കൊന്ന തറികളും വെച്ച് കളി വീടുണ്ടാക്കിയിട്ട് ഒരു ആറാം ക്ലാസ്സുകാരൻ അച്ഛനായും, രണ്ടാം ക്ലാസുകാരി അമ്മയായും , മറ്റ് കളി കൂട്ടുകാർക്കൊത്ത് കുഞ്ഞിക്കഞ്ഞിയും , മണ്ണപ്പവും ചുട്ടുകളിക്കുമ്പോൾ ഒരു സാക്ഷാൽ പ്രണയത്തിന്റെ  ബാലപാഠങ്ങൾക്ക് തുടക്കം കുറിക്കുകയാണെന്ന് ഞങ്ങൾക്കന്നറിയില്ലായിരുന്നു...

അവരുടെ പറമ്പിൽ കാളത്തേക്ക് നടക്കുമ്പോൾ  ഞങ്ങളൊക്കെ കൂടി ആ ആണിച്ചാലിലെ വെള്ളമൊഴുകുമ്പോൾ , അതിൽ കുത്തി മറിഞ്ഞ്‍ കളിച്ചതും , മറ്റുള്ള അന്നത്തെ  കളി വിളയാട്ടങ്ങളുമൊക്കെ  ഇന്നലെ എന്നോണം ഇപ്പോൾ ഇടക്കിടെ എന്റെ ഓർമ്മയിലേക്ക് ഒഴുകിയെത്താറുണ്ട്...
അന്നത്തെ കുട്ടിപ്പട്ടാളമൊത്ത് അവരുടെ പത്തായപ്പുരക്കടുത്തുള്ള കുളത്തിൽ ചാടി കുളിക്കുന്നതും ,വാഴപ്പിണ്ടിയിട്ട് അവരെയൊക്കെ നീന്തല് പഠിപ്പിച്ചതും , തിരുവാതിര രാവുകളിലെ നീരാട്ടിന്  കൂട്ടിരിക്കുന്നതും , ആദ്യ ചുംബനവുമൊക്കെയായി മധുരമുള്ള ഇമ്മിണിയിമ്മിണി ഓർമ്മകൾ ഇതുപോലെ മനസ്സിനുള്ളിലേക്ക് ഓളം തള്ളി വരുമ്പോൾ കിട്ടുന്ന നിർവൃതികൾ തന്നെയാണ് എനിക്ക് കിട്ടിയിട്ടുള്ളത്തിൽ വെച്ച് ഏറ്റവും നല്ല പ്രണയോപഹാരങ്ങൾ എന്നിപ്പോൾ തോന്നാറുണ്ട് ...

പിന്നീട് കൗമാരം കാലം തൊട്ടേ ആരുടെയും കണ്ണിൽ പെടാതെ പകലിന്റെ അന്ത്യയാമങ്ങളിലും ,നിലാവുള്ള രാവുകളിലും - എത്രയെത്ര കിന്നാരങ്ങളാണ് ഞാനും പ്രിയയും  
കൂടി ആ മുവാണ്ടൻ  മാവിൻ ചോട്ടിലിരുന്ന് ചൊല്ലിയാടിയിട്ടുള്ളത് ... !


'ചുണ്ടിലിപ്പോഴുമാ മാമ്പഴക്കാലത്തിൻ തിരു മധുരം ...
ഉണ്ട മാങ്ങയും , പുളിയനും , പേരക്ക മാങ്ങയും , കിളി
ചുണ്ടനും , മൂവാണ്ടനും - കൊതിപ്പിക്കുന്നിതായെന്നും
വേണ്ടുവോളമെന്നെ ; ഒരു മാവുയരത്തിൽ എന്നുമെപ്പോഴും ...

കൊണ്ടുപോകുമോ... നീയ്യെന്നെ ..എൻ പകൽക്കിനാവെ
വീണ്ടുമാ മാവിൽ ചുവട്ടിലേക്കൊരു തവണയെങ്കിലും
ലണ്ടനിൽ നിന്നുമാ മാമ്പഴക്കാലം നുകരുവാനായ്  ... ?
മിണ്ടി പറയുവാനെൻ പ്രഥമ പ്രണയിനിയുണ്ടാവുമോ 
അവിടെയിപ്പോഴും ..? !'


പ്രിയ അവരുടെ അടുക്കളക്കിണറിനോടനുബന്ധിച്ച കൊട്ടത്തളത്തിൽ  നിന്നും വെള്ളം കോരി പാത്രങ്ങൾ നിറക്കുന്നതിനടയിൽ ,ചെണ്ട പോലുള്ള മരത്തുടി താളങ്ങൾക്കൊപ്പം ആ കിണറു മതിലിൽ ഇരുന്നുകൊണ്ട് എന്തെല്ലാം കിന്നാര സല്ലാപങ്ങളാണ് ഞങ്ങൾ നടത്തിയിട്ടുള്ളത്...!

'വിട ചൊല്ലിപ്പോയാ കൊട്ടത്തളങ്ങളിൽ നിന്നും..
തുടി മേളങ്ങളൊത്തുള്ളയാ ... തൊട്ടി താളങ്ങൾ ,
തുടിക്കുന്നൂ ..എന്മനമിപ്പോഴും കൊതിക്കുന്നാ-
തുടി നാദം കേൾക്കുവാൻ ഒപ്പമാ വള കിലുക്കങ്ങളും.. ! '



എന്തിന് പറയുവാൻ  സ്നേഹോജ്ജ്വലമായി അലയടിച്ച് ഒഴുകിക്കൊണ്ടിരുന്ന, ഞങ്ങളുടെ അനുരാഗനദിക്ക് കുറുകെ വിഘ്‌നങ്ങളായി  ജാതീയതയായും, സാമ്പത്തികമായും ,തറവാടിത്ത ഘോഷണങ്ങളായും  അനേകം തടയണകൾ  കെട്ടിപ്പൊക്കിയപ്പോൾ  രണ്ടായി വേറിട്ടൊഴുകേണ്ടതായി  വന്ന പരിണാമഗുപ്തിയാണ്  ഈ കന്നി പ്രണയ നദിക്കന്നുണ്ടായത്  ...!  

പരസ്പരം തോറ്റുകൊടുക്കുമ്പോഴാണല്ലോ 
ഏത് പ്രണയവും പവിത്രീകരിക്കപ്പെടുന്നത് ...
ദിവ്യമായി തീരുന്നത് ...

പിന്നീട് എല്ലാം അറിയാവുന്ന എന്റെ മിത്രം,  പ്രിയയുടെ മുറച്ചെറുക്കനായ ഹരിദാസ് ,അവരുടെ തറവാടിന്റെ മാനം കാക്കുവാൻ ,വീട്ടുകാരുടെ പ്രേരണയാൽ അവളെ വിവാഹം ചെയത് 
 'യു .എ.ഇ' യിലേക്ക് കൊണ്ട് പോയി.

ഞാനാണെങ്കിലോ കുറെ നാൾ നിരാശ 
കാമുകനായി നടന്ന ശേഷം , മറ്റു പല പ്രേമ 
ലീലകളും കളിച്ച് , ഇക്കഥകളെല്ലാം അറിയാവുന്ന 
എന്നെ പ്രണയിച്ചവരിൽ മറ്റൊരുവൾക്ക് മുമ്പിൽ എന്റെ തലവെച്ചു കൊടുക്കുകയും ചെയ്‌തു...

ആ വിശാല മനസ്‌കയാണിന്ന് , 
എന്റെ സ്ഥിരം പ്രണയിനിയായ സ്വന്തം ഭാര്യ ...!


( കഥകളൊന്നും എഴുതുവാൻ അറിയില്ലെങ്കിലും , ആറുകൊല്ലം മുമ്പ് ഒരു കടിഞ്ഞൂൽ പ്രണയത്തിൻ പുതുപുത്തൻ പഴങ്കഥ   എന്ന പേരിൽ ഈ അനുഭവ കഥാവിഷ്‌കാരങ്ങൾ ഞാനിവിടെ കുറിച്ചിട്ടത് വായിച്ച് നോക്കിയാലെ എന്റെ  പ്രഥമാനുരാഗത്തിന്റെ ആഴം തിരിച്ചറിയുകയുള്ളൂ ).


ശേഷം നാലഞ്ച് കൊല്ലത്തിനിടയിൽ  പ്രിയ - രണ്ട്  പെണ്മക്കളുടെ അമ്മയായി . കല്യാണി മുത്തശ്ശിയുടെ മരണ ശേഷം , പ്രിയയുടെ അമ്മക്കായിരുന്നു ആ തറവാട് വീട് കൈ വന്നത്.

ഇതിനിടയിൽ പ്രിയയുടെ അമ്മക്ക് വാത സംബന്ധമായി ചില അസുഖങ്ങൾ വന്നപ്പോൾ അമ്മയെ നോക്കുവാൻ പ്രിയയും കുട്ടികളും നാട്ടിലേക്ക് വരികയും , ഹരി അവളെ  'ടി.ടി.സി' പഠിപ്പിച്ച  ശേഷം , അടുത്തുള്ള 'എൽ .പി' സ്‌കൂളിൽ കോഴ കൊടുത്ത് അവിടത്തെ ടീച്ചറാക്കുകയും ,  മക്കളെ രണ്ട് പേരെയും 'സെന്റ് : പോൾസ് കോൺവെന്റ് സ്‌കൂളി'ൽ ചേർത്ത് പഠിപ്പിക്കുകയും ചെയ്തു. 
ആ സമയത്തൊക്കെ  പ്രിയയുമായുള്ള അടുപ്പം പിന്നീടൊക്കെ  , ഹരി നാട്ടിലെത്തുമ്പോൾ മാത്രമായി  ഞാൻ ചുരുക്കുകയും ചെയ്തിരുന്നു.

കാലം നിരങ്ങി നീങ്ങുന്നതിനിടയിൽ 
ഞാനും കുടുംബവും ലണ്ടനിൽ വന്നടിഞ്ഞു...

അവരുടെ മക്കൾ കൗമാരത്തിലെത്തിയപ്പോൾ ഹരി ഗൾഫ് ഉപേഷിച്ച് വന്ന് ഒരു 'മിനി സൂപ്പർ മാർക്കറ്റ്'  തുടങ്ങി ,ഒരു ചിട്ടിക്കമ്പനിയിൽ ഷെയർ എടുത്തു ...

 പക്ഷെ ഏഴ് കൊല്ലം മുമ്പ് ഹരിയുടെ പിതാവിന്റെ മരണത്തിന്  മാസങ്ങൾക്ക് പിന്നാലെ തന്നെ , മരണം ഹാർട്ടറ്റാക്കിന്റെ രൂപത്തിൽ വന്നവനെയും കൊണ്ട് പോയി ...
ഭർത്താവിന്റെയും ,മകന്റെയും മരണ ശേഷം , 
ഹരിയുടെ അമ്മ , തറവാട്ട് ഭാഗം കിട്ടിയ സ്ഥലം വിറ്റ് - പങ്ക് വെച്ച് , മകന്റെ  കുടുംബത്തിന്റെ കൂടെ താമസിക്കുവാൻ 'ബറോഡ'യിലേക്ക് പോയി...
 
അമ്മക്ക്  പ്രണയം മുട്ടത്തട്ടെത്തിക്കുവാൻ  
പറ്റിയില്ലെങ്കിലും , പ്രിയയുടെ രണ്ട് പെണ്മക്കൾക്കും 
ആയത് സാധിച്ചു. 
മൂത്തവൾ 'വെറ്റിനറി'ക്ക് പഠിക്കുമ്പോൾ , ക്ലാസ്മേറ്റായിരുന്ന ഒരു പഞ്ചാബി പയ്യനുമായി ഗാഢ പ്രണയിത്തിലാകുകുകയും , പിന്നീട്  അവർ വിവാഹിതരായ ശേഷം 'ലുധിയാന'യിൽ അല്ലലില്ലാതെ സകുടുംബം വസിക്കുകയും  ചെയ്യുകയാണിപ്പോൾ ...

രണ്ടാമത്തവൾ അവളുടെ എൻജിനിയറിങ് ബിരുദത്തിന് ശേഷം മദ്രാസ്സിൽ വെച്ച് ,ഒരു അന്തർദ്ദേശീയ കമ്പനിയുടെ 
ജോലിസ്ഥലത്ത് വെച്ച്  കണ്ട്  മുട്ടിയ സഹപ്രവർത്തകനായ ഒരു മുസ്‌ലീം പയ്യനുമൊത്ത് അനുരാഗവിലോചനയായി  നടന്ന ശേഷം,
ജാതിയും , മതവുമൊക്കെ മറികടന്ന് , അവർ ഒന്നാവുകയും ചെയ്‌തു...

2016- ൽ  ദുബായിൽ കുടുംബമായി കഴിയുന്ന ഈ യുവമിഥുനങ്ങളുടെ   കടിഞ്ഞൂൽ സന്താനത്തിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിന് ഞാനും ഭാര്യയും ലണ്ടനിൽ നിന്നും അവരുടെ ക്ഷണം സ്വീകരിച്ച് യു.എ.യിൽ പോയിരുന്നു .

അവളുടെ അമ്മയായ  പ്രിയ ടീച്ചറും  , ലുധിയാനയിൽ നിന്നും മൂത്തമോളും , കുടുംബവും കുറച്ച് ദിവസത്തേക്ക് ഈ ചടങ്ങിൽ പങ്കെടുക്കുവാനും , ദുബായ് കാണുവാനുമായി 
അന്നവിടെ എത്തി ചേർന്നിരുന്നു  
പ്രിയയുടെ  മക്കളുടേയും , എന്റെ ഭാര്യയുടേയും 
മറ്റും സാന്നിദ്ധ്യത്തിൽ - പണ്ടത്തെ ആ പ്രണയ ഭാജനങ്ങൾ , അവരുടെ അപ്പോഴുള്ള ദിവ്യാനുരാഗം എങ്ങിനെ ചിലവഴിക്കുന്നു  എന്നുള്ള ആകാംക്ഷയോടെ നോക്കിക്കാണുന്ന രണ്ട് ഫേമിലി മെമ്പേഴ്‌സിന്റെയും മുഖങ്ങൾ ഇപ്പോഴും എന്റെയും പ്രിയയുടെയും  സ്മരണകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്    ...!
അന്നത്തെ ആ പിറന്നാളാഘോഷ  ശേഷം ആ കൊല്ലാവസാനം പ്രിയയുടെ രണ്ടാമത്തെ മോൾ  കുടുംബസമേതം 'ന്യൂസിലാന്റി'ലേക്ക് പോയി, പിന്നീടവിടെ കുടിയേറി പാർത്തു.


കുശുമ്പത്തി പാറുവായ എന്റെ ഭാര്യ 
ചിലപ്പോഴൊക്കെ പറയുന്ന പോലെ എനിക്ക് 
ജനിക്കാതെ പോയ മക്കൾ തന്നെയാണല്ലോ അവർ ...!
അതുപോലെ തന്നെയാണ് പ്രിയക്കും എന്റെ മക്കളോടുള്ള ആറ്റിറ്റ്യൂഡും ...! 
 2018 ജനുവരി മാസം  , തറവാട് പുരയെല്ലാം 
നല്ല  വിലയിൽ വിറ്റിട്ട് , മക്കൾക്കെല്ലാം ഷെയർ കൊടുത്ത ശേഷം ,ഒന്നൊര കൊല്ലമായി , പ്രിയ ടീച്ചർ  ടൗണിനടുത്ത്,  കണ്ണംകുളങ്ങരയിൽ ഒരു ഫ്‌ളാറ്റ് വാങ്ങി , ഏകാന്തപഥികയായി  ജീവിക്കുകയാണ് . 
ഈ ടീച്ചർക്കിന്ന് കൂട്ടിന് അതീവ കൃഷ്ണഭക്തിക്ക് പുറമെ ധാരാളം രോഗങ്ങളും , കണ്ണീരൊലിപ്പിക്കുന്ന ടി.വി.സീരിയലുകളും മാത്രം ...!

എന്ത് പറയാം എന്റെ ജീവിത തുലാസിൽ 
ലാഭങ്ങളുടെ നിറവിൽ ഒരു തട്ട് നിറഞ്ഞാടുമ്പോഴും , ഇത്തിരി മാത്രമുള്ള നഷ്ടങ്ങളായ - കടിഞ്ഞൂൽ പ്രണയം , ജന്മനാടിന്റെ മനോഹാരിതകൾ എന്നിങ്ങനെയുള്ള  തട്ട് എന്നും താഴ്ന്ന് തന്നെ കിടക്കുകയാണ് ...!  

ഞാനിതൊക്കെ തുറന്നെഴുത്തുന്നത് 
എന്തുകൊണ്ടെന്നാൽ, നമ്മുടെയൊക്കെ 
തുച്ഛമായ ജീവിതത്തിനിടയിൽ - എന്തൊക്കെ 
ഉണ്ടായാലും ,ഇല്ലെങ്കിലും  പ്രായഭേദമന്യേ പലരീതിയിലും 
ഒറ്റപ്പെട്ട്  പോകുന്നവർ ഇന്ന് ധാരാളമാണ് . അവരുടെയൊക്കെ 
ദു:ഖവും , സങ്കടവും വളരെ ദയനീയമാണെന്ന് പറയാനാണ് ...


സെക്സിനേക്കാളൊക്കെയുപരി അവനോ / അവൾക്കോ സ്നേഹവും ,സങ്കടവുമൊക്കെ പങ്ക് വെക്കുവാൻ ഒരു പങ്കാളി അനിവാര്യമാണ്...! 

പണ്ടുള്ള പോലെ കൂട്ടു കുടുംബങ്ങളും മറ്റും 
ഇന്നില്ല . ഇന്ന് എല്ലായിടത്തും ചെറിയ അണു കുടുംബങ്ങൾ  മാത്രം ...!

നമ്മുടെയൊക്കെ പല ചട്ടങ്ങളും , ചിട്ടകളും  
മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് കൂടി ചിന്തിക്കാനാണ് ...!











ഇതോടൊപ്പം കൂട്ടിവായിക്കാവുന്ന രണ്ട് മുൻ പ്രണയ കഥകൾ 
  • ഈ കടിഞ്ഞൂൽ പ്രണയ കഥയുടെ  ഒന്നാം ഭാഗം 

Friday 30 December 2016

മഹത്തായ മഹാഭാരതീയവും , ബൃഹത്തായ കേരളീയവും ... ! / Mahatthaaya Mahabharatheeyavum Brihatthaaya Keraleeyavum ... !

അന്തർദ്ദേശീയമായി ആഗോളപരമായി മനുഷ്യ
വംശം മുഴുവൻ - ഒരൊറ്റ ജനത (ഗ്ലോബൽ സിറ്റിസൺസ് ) എന്നായിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ - നമ്മുടെ നാട്ടിൽ പലരും , ഭൂപടത്തിലെ വരകൾക്കനുസരിച്ച് , ദേശീയപരമായും ,പ്രാദേശികമായും  , ഭാഷാടിസ്ഥാനത്തിലും ഉൾവലിഞ്ഞ് മത - ജാതിയതകളിലേക്ക് വരെ ചുരുങ്ങി ചുരുങ്ങി , സ്വന്തം തറവാട്ടിലേക്ക് മാത്രം ഒതുങ്ങി പോയ മനുഷ്യരായി തീർന്നിരിക്കുന്ന ഈ അവസരത്തിൽ ....
അവർക്കൊക്കെ  സ്വയം മനസ്സിലാക്കുവാനും , തന്റെ പൂർവ്വികരുടെ പിന്നാമ്പുറ ചരിത്രങ്ങൾ എത്തിനോക്കുവാനും പറ്റുന്ന രണ്ട്  അസ്സൽ പ്രഭാഷണ പരമ്പരകളെ  ഇത്തവണ  ഞാൻ പരിചയപ്പെടുത്തുകയാണ് ...

ചരിത്ര ഗവേഷണങ്ങളുടെ ആധികാരികതയോടെ , ഏവർക്കും ആയതിനെ കുറിച്ചൊക്കെ അറിവും , വിജ്ഞാനവും പകർന്നു നൽകുന്ന , പുരോഗമന സ്വഭാവമുള്ള  നിരീക്ഷണങ്ങളാൽ   ഡോ : സുനിൽ പി.ഇളയിടം അവതരിപ്പിച്ച  മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രങ്ങളും ,

ഡോ : പി.കെ.രാജശേഖരൻ  കുറച്ച് കാലം മുമ്പ് കാഴ്ച്ചവെച്ച കേരളത്തിന്റെ ചരിത്രങ്ങളും വെവ്വേറെയുള്ള - രണ്ട് പ്രഭാഷണ പാരപരമ്പരകളിലൂടെ അവതരിപ്പിക്കുകയാണ് .
തികച്ചും വ്യത്യസ്ഥമായ ഈ രണ്ടു വീഡിയോ  എപ്പിസോഡുകളും തീർച്ചയായും എല്ലാ മലയാളികളും ശ്രദ്ധിക്കേണ്ട  പ്രഭാഷണങ്ങൾ തന്നെയാണ് ...!
ഇവിടെ ഞാൻ രാജ്യസ്നേഹം കുത്തി വളർത്തുവാനുള്ള സംഗതികളൊന്നുമല്ല പരിചയപ്പെടുത്തുന്നത്   നമ്മുടെ മാതൃ രാജ്യമായ ഭാരതത്തിന്റെയും , മാതൃ ദേശമായ കേരളത്തിന്റെയുമൊക്കെ പിന്നാമ്പുറ ചരിത്രത്തിലേക്ക് എത്തി നോക്കുവാനുള്ള ഒരു അവസരത്തെ നിങ്ങൾക്കായി ജസ്ററ് ഒന്ന് പരിചയപ്പെടുത്തുകയാണ് ...

അനേക ദിവസങ്ങളിൽ കുത്തിയിരുന്നുള്ള
ധാരാളം പുസ്തകങ്ങൾ വായിച്ച് കൂട്ടാതെ തന്നെ ,
രണ്ടോ മൂന്നോ വെട്ടിക്കൂട്ട് സിനിമകൾ കാണുന്ന സമയം കൊണ്ട് -
നമ്മുടെയൊക്കെ നാടിന്റെ ചരിത്രങ്ങളും , സാംസ്‌കാരിക തനിമയും മറ്റും കണ്ടറിഞ്ഞും , കേട്ടറിഞ്ഞും മനസ്സിലാക്കാവുന്ന പ്രഭാഷണ വീഡിയോ പരമ്പരകളാണിത് ...

സമയത്തിനനുസരിച്ച്
താല്പര്യക്കാർക്ക് മൊബയിൽ
ഫോണിൽ വരെ കാണാനാവുന്ന
രണ്ട് സൂപ്പർ എപ്പിസോഡുകൾ ... !





മഹാഭാരതീയം  

ലോകം മുഴുവൻ പ്രചുര പ്രചാരം നേടിയ പ്രാചീന
ഭാരതത്തിന്റെയും പുരാതനമായ തെക്കനേഷ്യൻ വംശജരുടെ ഇതിഹാസമായ മഹാഭാരതത്തിന്റെ ചരിത്ര രൂപങ്ങൾ മുഴുവൻ
തീർത്തും - ഒരു ഭൗതികമായ കാഴ്ച്ച വട്ടത്തിലൂടെ ഡോ: സുനിൽ പി.ഇളയിടം അത്യുജ്ജ്വലമായി തന്നെ അഞ്ച് ദിവസത്തെ പ്രഭാഷണ പരമ്പരകളായി  അവതരിപ്പിച്ചതിന്റെ വീഡിയൊ ക്ലിപ്പുകളുടെ , ഓരോ അദ്ധ്യായങ്ങളായി തിരിച്ചുള്ള വിശദീകരണങ്ങളാണ്  , ഈ പ്രഭാഷണ പരമ്പരയുടെ എല്ലാ യൂ-ട്യൂബ് ലിങ്ക് വേർഷനുകളും  ... ( ഇവിടെ ക്ലിക്കിയാൽ ഇതിന്റെ എല്ലാ വീഡിയൊ ലിങ്കുകളും  ഒന്നിച്ച്‌ കിട്ടും )


മഹാഭാരതം എന്നത് ഒരു കെട്ട് കഥയല്ല. ഒരു ക്ഷത്രിയ കുലത്തിലെ
രണ്ട് വിഭാഗക്കാരോടൊപ്പം നിന്ന് തദ്ദേശ വാസികളും , അല്ലാത്തവരും
കൂടി അന്ന് നടന്ന മഹായുദ്ധത്തിന്റെയും , ആയതിന്റെയൊക്കെ  പിന്നാമ്പുറങ്ങളുടെയും മഹത്തായ ചരിതം തന്നെയാണ്...

അന്നുണ്ടായിരുന്ന വർണ്ണ ധർമ്മ പാരമ്പര്യാധിഷ്ടിത ജീവിത
വ്യവസ്ഥകളും , കുല ഗോത്ര പാരമ്പര്യ സംവിധാനങ്ങളുമെല്ലാം
ആധുനിക വസ്തുനിഷ്ഠകളുമായി സംയോജിപ്പിച്ച് , മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രം വ്യക്തമക്കിത്തരുകയാണ് പ്രഭാഷകൻ.


മഹാഭാരതത്തെ ഭാരതീയരിൽ  ഏറെപ്പേരും
അദ്ധ്യത്മികമായും , സാഹിത്യപരമായുമൊക്കെ
വേണ്ടതിലേറെ ഒരു അതി വ്യാപ്തമുള്ള ഇതിഹാസ കൃതി
എന്ന നിലയിൽ നൂറ്റാണ്ടുകളായി മനസ്സിലാക്കിയിട്ടുണ്ട് . പക്ഷെ
ഏതു കാലഘട്ടത്തിലും മനുഷ്യന്റെ നിത്യ ജീവിതത്തിൽ ഭൗതികമായും , സാംസ്കാരികമായും ഈ പുരാണോതിഹാസം ഏറെ ചലനങ്ങൾ  സൃഷ്ട്ടിച്ചിട്ടുണ്ട് എന്നതും ഒരു വസ്തുത തന്നെയാണ് ...!

ഈ  പ്രഭാഷണ പരമ്പരയിലൂടെ  മഹാഭാരതത്തിന്റെ
സാംസ്‌കാരിക ചരിത്രവും , മറ്റും പുസ്തകങ്ങളൊന്നും മുങ്ങിത്തപ്പാതെ
തന്നെ നമുക്ക് മനസ്സിലാക്കുവാൻ - പാലക്കാട് ലൈബ്രറി കൗൺസിലിന് വേണ്ടി   ഡോ : സുനിൽ .പി. ഇളയിടം കാഴ്ച്ചവെച്ചിരിക്കുന്ന  അഞ്ച് ദിവസത്തെ  പ്രഭാഷണങ്ങളുടെ  വീഡിയൊ എപ്പിസോഡുകളിൽ കൂടി താല്പര്യമുള്ളവർക്ക് എത്തി നോക്കാവുന്നതാണ്.
ഇതെല്ലാം റിക്കോർഡ് ചെയ്ത  ഷാജി മുള്ളൂക്കാരന്റെ  
ഈ കാണുന്ന  ടെലഗ്രാം ലിങ്കിൽ  പോയാൽ ഈ പ്രഭാഷണങ്ങളുടെ
മുഴുവൻ ഓഡിയോ ലിങ്കുകളും ഡൗൺ ലോഡഡ് നടത്താവുന്നതുമാണ് ..!

വളരെ കൗതുകകരവും അതി മനോഹാരിതകളും
കൊണ്ട് നമ്മുടെ ഇതിഹാസ ചരിത്രത്തെ തൊട്ടറിയാവുന്ന ,
കേട്ടറിയാവുന്ന എപ്പിസോഡുകൾ::

ഈ പ്രഭാഷണ പരമ്പരകളുടെയെല്ലാം വിശദ
വിവരങ്ങൾ മുഴുവൻ വായിച്ചു  മനസ്സിലാക്കണമെങ്കിൽ
- ഇതിന്റെ ഓരോഅധ്യായങ്ങളുടെയും പഠനങ്ങൾ ഉൾക്കൊള്ളിച്ച
സുനിൽ , മുതുകുറിശ്ശി മന എഴുതിയിട്ടിരിക്കുന്ന   മഹാഭാരതം സാംസ്കാരിക ചരിത്രം - 1 / 2 / 3 ...എന്നീ ബ്ലോഗ് പോസ്റ്റുകൾ കൂടി വായിച്ച് നോക്കാവുന്നതാണ് ...


മഹാഭാരതം ഒരു പാഠമല്ല , ഒരു പ്രക്രിയയാണ്
ഇതിഹാസമെന്നാൽ  അതിപ്രകാരം സംഭവിക്കപ്പെട്ടത് ...
സംഭവിച്ചു കൊണ്ടിരിക്കുന്നത് ... സംഭവിക്കുവാൻ  പോകുന്നത്
എന്നൊക്കെ അർത്ഥവത്താകുന്ന ചരിതങ്ങളാണല്ലൊ ...


യാതോ ധർമ്മ :
തതോ ജയാ :  എന്നാണല്ലോ
മഹാഭാരതം എന്നും നമ്മെ പഠിപ്പിച്ച്
കൊണ്ടിരിക്കുന്നത്
അതെ അതു തന്നെ ...
മഹത്തായ മഹാഭാരതം ... !

മഹാഭാരത സാംസ്കാരിക ചരിത്രത്തിന്റെ പ്രഭാഷണ
പരമ്പരയുടെ  വീഡിയൊ ലിങ്കുകൾ  താഴെ കൊടുക്കുന്നു


  1. https://www.youtube.com/watch?v=gKwxZWrSi3o&feature=youtu.be
  2. https://www.youtube.com/watch?v=-EVyYQpb9gM
  3. https://www.youtube.com/watch?v=5yPBbsm01BM  
  4. https://www.youtube.com/watch?v=oONmsYqs5DU&t=99s
  5. https://www.youtube.com/watch?v=ZIr54GwtNXI
  6. https://www.youtube.com/watch?v=7JvRnz6XvCk


കേരളീയം

അര നൂറ്റാണ്ടിന് പിന്നിൽ   മലയാളക്കരയിലെ ജനത , പല പല
ദുരിത പർവ്വങ്ങൾക്കിടയിൽ കിടന്ന് വീർപ്പ് മുട്ടുമ്പോഴും ,  മഹാകവി
വള്ളത്തോൾ നാരായണ മേനോൻ എഴുതിയ 'കേരളീയ'മെന്ന കവിതയുടെ ഈരടികൾ പാടാത്ത ഒരു മലയാളിയും  ആ കാലഘട്ടങ്ങളിലൊന്നും  നമ്മുടെ  നാട്ടിൽ ഉണ്ടായിരുന്നില്ല എന്നത് ഒരു വാസ്തവമായിരുന്നു . ഒപ്പം തന്നെ സ്വന്തം രാജ്യമായ ഭാരതത്തെ പറ്റി അഭിമാനിക്കാത്ത ഒരു ഭാരതീയനും  ...!


 കേരളീയം

ഏത് വിദേശത്ത് പോന്നു വസിച്ചാലും
ഏകാംബ പുത്രരാം കേരളീയര്‍
നീരില്‍ താന്‍ മാതിന്റെ പീലിക്കുടകളാം
കേരങ്ങള്‍ തന്‍ പട്ട ചെറ്റിളക്കി

പേരാറ്റില്‍, പമ്പയില്‍, തൃപ്പെരിയാറ്റിലും
പാറി കളിയ്ക്കുന്ന പൈങ്കാറ്റല്ലോ
ദൂരെ വിദേശസ്ഥലരാകിലും നമ്മള്‍-
ക്കിന്നോരോരോ വീര്‍പ്പിലും ഉദ്ഗമിപ്പൂ

കേരളജാതന്മാര്‍ നാമെങ്ങുചെന്ന് പാര്‍ത്താലും
കേരളനാട്ടില്‍ താനത്രെ വാഴ്വൂ
ദൂരദൂരങ്ങളിലാപതിയ്ക്കുമ്പോഴും
സൂര്യനില്‍ താനല്ലോ തദ് രശ്മികള്‍

ഭാരതമെന്ന പേര്‍ കേട്ടാല്‍
അഭിമാനപൂരിതമാകണം അന്തഃരംഗം
കേരളമെന്ന കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍

പിന്നീട് കാലം പോകും തോറും പലരിലും  എന്തുകൊണ്ടോ സ്വന്തം മാതൃ രാജ്യ സ്നേഹം ലോകത്തിലെ മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച കുറഞ്ഞ വരുന്നതായും കാണുന്നു .



അന്നും എന്നും മനുഷ്യവാസത്തിന്  അത്യുത്തമമായ , ഏതാണ്ട് എല്ലാം തികഞ്ഞ വിരലിൽ എണ്ണാവുന്ന വളരെ കുറച്ച്  രാജ്യങ്ങൾ മാത്രമേ ആഗോളപരമായി ഇന്നുള്ളൂ എന്നാണ് പല പഠനങ്ങളും ഇപ്പോൾ വെളിപ്പെടുത്തുന്നത് ...

തുടരെത്തുടരെയുള്ള പ്രകൃതി ദുരന്തങ്ങൾ ഇല്ലാത്ത ,
ആറു ഋതുക്കളും മാറി മാറി വരുന്ന ; കടലും , കായലുകളും ,
പുഴകളും , മലകളും , സമതലങ്ങളും , കാടുകളും - ഇതിനോടൊപ്പമുള്ള വിളകളുമൊക്കെ ചുറ്റുപാടുമുള്ള അതിമനോഹരമായ  പ്രകൃതി രമണീയമായ ഒരു ഭൂപ്രദേശമായ  ദൈവത്തിന്റെ സ്വന്തം നാടായ കേരളവും ഇതിൽ പെട്ട ഒരു ഉത്തമ ദേശമാണെന്നതിൽ നമുക്കൊക്കെ അഭിമാനിക്കാം ...

പക്ഷെ നാട്ടിൽ എന്തുണ്ടായാലും , ആയതിൽ മിക്കതിനെയും പ്രയോജനത്തിൽ വരുത്താതെ ഉള്ളതിനെയെല്ലാം ഇല്ലാതാക്കാനുള്ള ഒരു തരം  കൂതറ പ്രവണതയാണ്  മത - രാഷ്ട്രീയ കോമരങ്ങളുടെ ചൊല്പടിക്ക് കീഴിൽ ജീവിച്ച് പോരുന്ന ഇന്നുള്ള  ഒരുവിധമുള്ള നമ്മുടെ നാട്ടിലെ ജനതക്കുള്ളതും എന്നത് ഒരു വിരോധോപാസം തന്നെയായാണല്ലോ ...!

ഒരു പക്ഷെ ഭാവിയിൽ ദൈവത്തിന്റെ നാട്ടിൽ വസിക്കുന്ന ചെകുത്താന്മാരുടെ നാടെന്ന ഒരു ഓമനപ്പേരിൽ നമ്മുടെ നാട് അറിയപ്പെടുവാനും ഇടയാകാം ...!

കേരളം - ഭൂപടങ്ങൾ അതിരുകൾ  എന്ന് പേരിട്ടിട്ടുള്ള ഡോ : പി.കെ.രാജശേഖരന്റെ യൂ - ടൂബിൽ ലഭ്യമായ , ഈ ആറ് പ്രഭാഷണ പരമ്പരകളിലൂടെ നമ്മുടെ കേരള നാടിന്റെ പിന്നിട്ട ഇരുപത്തിയഞ്ച്  നൂറ്റാണ്ടിന്റെ സ്പന്ദനങ്ങൾ നമുക്ക് തൊട്ടറിയാം .. കേട്ടറിയാം ...

ജാതിയും , മതവും , പരസ്പരമുള്ള വേർതിരിവുകളും , നമ്മുടെ ഇടയിൽ
ഇല്ലാതിരുന്ന - ആദി ദ്രാവിഡ ഭാഷ സംസാരിച്ചിരുന്ന പ്രാചീന തമിഴകമെന്ന
ഇന്നത്തെ ആന്ധ്രയും , കന്നടവും , കേരളവും ,തമിഴ്‌ നാടുമെക്കെ ചേർന്ന 2500 കൊല്ലം മുമ്പുണ്ടായിരുന്ന പ്രദേശത്തുനിന്നുമാണ് ഈ മലയാള ദേശത്തിന്റെ കഥ തുടങ്ങുന്നത് ...


രണ്ടര സഹസ്രം മുമ്പ് ,  70% കാടും, വർഷത്തിൽ എഴ് മാസം കിട്ടുന്ന മഴയാൽ
നിറഞ്ഞൊഴുകുന്ന 45 പുഴകളും , അതിലേറെ തോടുകളും നിറഞ്ഞ പ്രദേശങ്ങൾക്ക് , കുറുകെ കിടക്കുന്ന കൊച്ച് കൊച്ച് തുരുത്തുകളിലും , ചുറ്റുമുള്ള കായലുകളിലും - കുടി വെച്ച് , ഇര തേടി , അന്നമുണ്ടാക്കി
ജീവിച്ച നമ്മുടെ പൂർവ്വികരുടെ കഥയാണിത് ...!
2500 കൊല്ലം മുമ്പ് ഇപ്രദേശങ്ങളിൽ ജീവിച്ചിരുന്ന , പുരാതന ഗുഹാ മനുഷ്യരിൽ നിന്നും ആരംഭിച്ച കഥ - സംഘ കാല നാടോടി പ്പാട്ടുകളി ലൂടെയും, ബ്രാഹ്മണ മേധാവിത്വം സ്ഥാപിച്ച നാടുവാഴികളിലൂടെയും പ്രയാണം ചെയ്ത് - ചാതുർ വർണ്ണ്യ ത്തിന്റെ വേർ തിരിച്ചലുകളിൽ അലതല്ലി -  വ്യാപാരികളായും , സഞ്ചരികളായും , മതപ്രചരണത്തിനുമെത്തിയ മറ്റ് പല വിദേശീയരുടെ മതങ്ങളിൽ മുങ്ങി കുളിച്ച് , ഇന്നത്തെ വററി വരണ്ട പുഴകളുള്ള , കാടില്ലാത്ത , മഴയും, വിളകളും നഷ്ടപ്പെട്ട പ്രബുദ്ധ കേരളമായ മമ കഥയാണിത് ...! !

വളരെ വിജ്ഞാനപ്രദമായ Dr : പി.കെ.രാജശേഖരന്റെ യൂ - ടൂബിൽ
ലഭ്യമായ , ഈ ആറ് പ്രഭാഷണ പരമ്പരകളിലൂടെ നമ്മുടെ കേരള നാടിന്റെ പിന്നിട്ട 25 നൂറ്റാണ്ടിന്റെ സ്പന്ദനങ്ങൾ നമുക്ക് തൊട്ടറിയാം ...കേട്ടറിയാം ...
 
ഇമ്മിണിയിമ്മിണി പുസ്തകങ്ങൾ അരിച്ച് പെറുക്കി വായിച്ചെടുത്താൽ  മാത്രം കിട്ടുന്ന ബൃഹത്തായ നമ്മുടെയൊക്കെ പൂർവ്വികരുടെ ജീവിത ചരിതങ്ങളുടേയും , നാടിന്റെയുമൊക്കെ ചരിത്രപരമായ അറിവുകളാണ്   ഡോ: പി.കെ.രാജശേഖരൻ ഇതിലൂടെയെല്ലാം നമുക്ക് പ്രാധാന്യം ചെയ്യുന്നത് .
ഈ ആറ് എപ്പിസോഡുകളുടെയും വീഡിയൊ ലിങ്കുകൾ താഴെ കൊടുക്കുന്നുണ്ട്


  1.  https://www.youtube.com/watch?v=mAe6bp-lnaw 
  2. https://www.youtube.com/watch?v=oWnCQpPJcbw 
  3. https://m.youtube.com/watch?v=J_IVjazNS5o 
  4. https://m.youtube.com/watch?v=XxzGFVcUB70 
  5. https://m.youtube.com/watch?v=iUVYz6WmKN4 
  6. https://m.youtube.com/watch?v=VnkZbaM1FhA

ഭാരതമെന്ന പേര്‍ കേട്ടാല്‍
അഭിമാനപൂരിതമാകണം അന്തഃരംഗം
കേരളമെന്ന കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍

ഇന്ന് കേരളത്തിലെ
സാഹിത്യ - സാംസ്കാരിക - പ്രഭാഷണ
രംഗങ്ങളിൽ മുന്നിട്ട് നിൽക്കുന്ന കേരള
സാഹിത്യ അക്കാഥമി പുരസ്‌കാര ജേതാക്കളായ
പ്രൊഫസർ ഡോ : സുനിൽ പി. ഇളയിടത്തിനും , ഡോ : പി.കെ . രാജശേഖരനും ഒരു പാടൊരുപാട് നന്ദി .



പിൻ‌മൊഴി :- 
ഇതോടൊപ്പം കൂട്ടി 
രണ്ട് മുൻ ബ്ലോഗ് പോസ്റ്റുകൾ  
വേണമെങ്കിൽ ഇവിടെ വായിക്കാം കേട്ടോ 
  1. പീറ്റർ ബ്രൂക്കിന്റെ ‘ ദി മഹാഭാരത'.
  2.  ഇംഗ്ലണ്ടിലെ അല്പസല്പം ഇന്ത്യൻ മാഹാത്മ്യങ്ങൾ .

Tuesday 29 November 2016

'സ്‌മൃതി' ഉണർത്തുന്ന 'ഛായ ' ... ! / 'Smrithi' Unartthunna ' Chhaya ' ... !

അത്യാധുനികമായ ഇന്നത്തെ വിവര
സാങ്കേതികത മേഖലകൾ വായനയേയും , എഴുത്തിനേയുമൊക്കെ കൈപ്പിടിയിലാക്കിയ - നവ മാധ്യമങ്ങൾ വാഴുന്ന കാലത്തിന് മുമ്പ് ;മൂന്ന് പതിറ്റാണ്ടുകൾക്ക് പിന്നിൽ എഴുത്തിന്റെ ഉറവിടങ്ങളിൽ പ്രചുര പ്രചാരമുണ്ടായിരുന്ന കലാ സാഹിത്യ പുസ്തകങ്ങളായിരുന്നു കൈയ്യെഴുത്ത് പതിപ്പുകൾ ...!

അത്തരത്തിൽ   കൈ കൊണ്ടെഴുതി,
ശേഷം പ്രിന്റെടുത്ത് , വായനക്കാരിലേക്ക്
എത്തിക്കുന്ന ' ഛായ' എന്നൊരു കൈയ്യെഴുത്ത് പതിപ്പ് - തുടരെ തുടരെ ഇറക്കി കൊണ്ട് ; ഏവരുടെയും പ്രശംസ പിടിച്ച് പറ്റിയിരിക്കുകയാണ് , ഇന്ന് ബിലാത്തിയിലുള്ള ഒരു കൂട്ടം പ്രവാസി മലയാളികൾ ... !

ഒരു പക്ഷെ 'ഛായ ' തന്നെയായിരിക്കും , ഇന്ന്
ആഗോളതലത്തിൽ  മലയാളത്തിൽ ഇപ്പോൾ  തുടരാനായി
പ്രസിദ്ധീകരിച്ച്  കൊണ്ടിരിക്കുന്ന , ഒരേ ഒരു കലാ  സാഹിത്യ കയ്യെഴുത്ത് പുസ്തകം  ...!

ലണ്ടനിലുള്ള 'കട്ടൻ കാപ്പിയും കവിതയു'മെന്ന ഒരു കലാ സാഹിത്യ കൂട്ടായ്മയിൽ ഒത്ത് ചേരുന്നവരിൽ നിന്നും വന്ന ആശയം ; സാഹിത്യ സ്നേഹിയും , കലാകാരനുമായ -  നല്ല കൈപ്പടയിൽ എഴുതുന്ന പ്രദീപ് കുമാർ  ( V.Pradeep.kumar ) , ഒരു ഒറ്റയാൾ പട്ടാളമായി ഏറ്റെടുത്താണ്  2014 -ൽ 'ഛായ ' എന്ന കയ്യെഴുത്ത് മാസികയുടെ ആദ്യ പതിപ്പ് പുറത്തിറക്കിയത് ...!

കവർ ചിത്രം മുതൽ ഉള്ളടക്കം വരെ എത്രയും മികച്ചതാക്കാമോ ,
അതെല്ലാം സമകാലികമായി ഓരോ ലക്കങ്ങളിലും സന്നിവേപ്പിച്ച് - കൊല്ലത്തിൽ മൂന്ന്  പതിപ്പുകൾ   വെച്ച് , ഇതാ ഇപ്പോൾ 'ഛായ 'യുടെ
ആറാം ലക്കം വരെ ഈയിടെ പ്രകാശനം ചെയ്തു  കഴിഞ്ഞിരിക്കുകയാണ് ...!

യു.എ.ഇ യിൽ നിന്ന് ഷാജി ( Shaji .S ) , പേജ് ചിട്ടപ്പെടുത്തിയും, മുഖചിത്രം ആലേഖനം ചെയ്തും , സൗദിയിൽ നിന്നും 'വരയിട'ത്തിലെ ജുമാന ഇസ്ഹാക്   രചനകൾക്ക് വേണ്ടി പടങ്ങൾ വരച്ചും , അങ്ങിനെയങ്ങിനെ  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ രചനകൾ ചേർത്തുമുള്ള 'ഛായ ', ഇന്ന് മലയാളികളുടെ ഒരേയൊരു അന്തർദ്ദേശീയ കൈയ്യെഴുത്ത് പതിപ്പായി തന്നെ മാറിയിരിക്കുകയാണ് ..!

പല പല പ്രസിദ്ധ സാഹിത്യ കാരന്മാർ വരെ കൈയ്യെഴുത്ത് മാസിക / Little_Magazine_Movement - ൽ  കൂടി എഴുതി തെളിഞ്ഞ് വന്നവരാണ് എന്നുള്ളത് ,  കൈയ്യെഴുത്ത് പ്രതികളുടെ എടുത്ത് പറയാവുന്ന ഒരു  പ്രസക്തി തന്നെയാണ് ...!

ആദ്യമായി എന്റെ ഒരു (സാഹിത്യ ? ) സൃഷ്ട്ടി പ്രസിദ്ധീകരിച്ചത്  , കണിമംഗലം എസ് . എൻ .ഹൈസ്‌കൂളിൽ എട്ടാം തരത്തിൽ പഠിക്കുമ്പോൾ , മലയാളം അദ്ധ്യാപകൻ ജനാർദ്ദന മാഷിന്റെ  നേതൃത്തത്തിൽ ഞങ്ങളെല്ലാവരും കൂടി തുടങ്ങിയ,  'സ്‌മൃതി 'എന്ന പേരുള്ള കലാ സാഹിത്യ കൈയ്യെഴുത്ത് പതിപ്പിലാണ്  ...

ബാലരമ  , ബാലയുഗം , അമ്പിളിമാമൻ , പൂമ്പാറ്റ മുതലായ ബാല സാഹിത്യ പ്രസിദ്ധീകരണങ്ങളുടെ എല്ലാ ലക്കങ്ങളും  അരച്ച് കുടിച്ച ഒരു സാഹിത്യ വല്ലഭൻ എന്നുള്ള ഒരു ഗർവ്വും അന്നൊക്കെ എനിക്കുണ്ടായിരുന്നത് കൊണ്ട് , ആ വിദ്യാലയത്തിലെ പത്താംക്ലാസ്സുകാർക്ക്  വരെ , ഇത്തരം വിഷയങ്ങളെ കുറിച്ചുള്ള സംശയങ്ങൾ തീർത്ത്  കൊടുത്തിരുന്നത് ഈ അമ്പട ഞാൻ തന്നെയായിരുന്നു ...!

നല്ല കിണ്ണങ്കാച്ചി കൈയ്യക്ഷരങ്ങളുള്ള  - കവിതയെഴുതുന്ന നസിറുദ്ദീനും ( Nasirudin , Health Dept ) ,പ്രിയമോനും ( Priyan , U A E ) കൂടിയാണ് അതുക്കുള്ളിലെ രചനകൾ എഴുതി കൂട്ടിയിരുന്നത് ...

സത്യനും( Sathyan ,B D O) , ജയരാജ് വാര്യരും ( Jayaraj Warrier. film star ) , സതീശനും ( Satheesan , Railways ) , ജോസും , കിഷോറു ( Kishor. U S A ) മെല്ലാം അവരുടെ ആർട്ടിക്കുകൾക്കൊപ്പം  മറ്റുള്ളവർക്കും വേണ്ടി  പടങ്ങളും വരച്ച് ചേർത്തിരുന്നു...
ഞാനും , സന്തോഷ് ബാബുവും (Santoshbabu, Personality Trainer , Delhi ) , സുനിൽകുമാറും( Dr .Sunilkumar ) , തിലകനു( Thilakan.K.B, PWD ) മൊക്കെ വിദ്യാലത്തിലെ ആസ്ഥാന എഴുത്തുകാരായത് കൊണ്ട് എല്ലാത്തിനും മേൽ നോട്ടം നോക്കി , ജനാർദനൻ മാഷിനെ 'സ്‌മൃതി'യുടെ  പണിപ്പുരയിൽ  സഹായിച്ചു പോന്നിരുന്നു ...
പത്താം  തരം  കഴിയുമ്പോഴേക്കും വർഷത്തിൽ ഒന്ന്  വീതം - ആ കൈയ്യെഴുത്ത്
പതിപ്പിന്റെ മൂന്ന്  ലക്കങ്ങൾ പ്രസിദ്ധീകരിച്ച്, ആയതൊക്കെ അന്ന് 'സ്‌കൂൾ ലൈബ്രറിയിൽ ബൈന്റിട്ട് ' സൂക്ഷിച്ച് വെച്ചിരുന്നു ...

പിന്നീട് കോളേജിലെത്തിയപ്പോൾ മാഗസിൻ
എഡിറ്റർ പോസ്റ്റ് വരെ അലങ്കരിച്ചവനായിരുന്നു ഞാൻ .
ഇതിനിടയിൽ വല്ലവരുടെയും കോപ്പിയടിച്ചതാണെങ്കിലും ,
സാഹിത്യത്തിൽ ചാലിച്ച അനേകം  പ്രണയ ലേഖനങ്ങൾ സ്വന്തമായും , കൂട്ടുകാർക്ക് വേണ്ടിയും എഴുതിയെഴുതി ,  എഴുത്തിൽ നല്ല വഴക്കവും ,
ഒപ്പം  വിരലുകൾക്കൊക്കെ നല്ല തഴക്കവും , തഴമ്പും എനിക്ക് കൈ വന്നിരുന്നു ... !

ഒപ്പം തന്നെ നാട്ടിൽ പരിസരത്തുള്ള  ഗ്രാമീണ വായനശാല ,
ബോധി , റൂട്ട് നാടക വേദി , റിക്രിയേഷൻ ക്ലബ്ബ് , കൂർക്കഞ്ചേരി
സാഹിതി സഖ്യം / എസ് .എൻ .ലൈബ്രറി എന്നീ  മേഖലകളിലേക്ക്
കൂടി ഞങ്ങളുടെയൊക്കെ കലാസാഹിത്യ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിരുന്നു...

പിന്നെ - പൂരം , ജൂബിലി ,വാർഷിക പതിപ്പുകൾ മുതലുള്ള പലതരം
 സോവനീയറുകളിൽ പരസ്യങ്ങൾക്ക് 'കണ്ണ് പറ്റാതിരിക്കുവാൻ ' വേണ്ടി
എന്റെ സൃഷ്ട്ടികൾ ആരുടെയെങ്കിലുംകൈയ്യൊ , കാലോ  പിടച്ച് ഞാൻ ഒപ്പിച്ച്  പോന്നിരുന്നു ...
എന്റെ സൃഷിട്ടികൾ വന്നില്ലെങ്കിലും , പേരും , ഫോട്ടോവും ആയതിലൊക്കെ വരണമെന്നുള്ള നിർബ്ബന്ധ ബുദ്ധിയുള്ളതിനാൽ - സ്വന്തമായി കാശ് കൊടുത്ത് , നല്ല ബുദ്ധിജീവി പരിവേഷത്തിൽ എന്റെ ഒരു 'ഫോട്ടോ ബ്ലോക്ക് ' വരെ ഞാൻ പ്രിന്റിങ്‌ പ്രസ്സുകാർക്ക് കൊടുക്കുവാൻ വേണ്ടി ഉണ്ടാക്കി വെച്ചിരുന്നു ...!

ശേഷം പഠിപ്പെല്ലാം കഴിഞ്ഞ് , ചുമ്മാ ലൈനടിച്ച്  - തേരാ പാരാ തെണ്ടി നടക്കുമ്പോൾ , അന്ന് ഏതാണ്ട്   മൂന്ന് പതിറ്റാണ്ട് മുമ്പ് -  വളരെ ബൃഹത്തായ വായനയിലേക്ക് ഇറങ്ങി ചെന്നപ്പോൾ കിട്ടിയ തിരിച്ചറിവിൽ - ഞാൻ ചെയ്ത ഏറ്റവും നല്ല ഒരു കാര്യം എന്താണെന്ന് ഊഹിക്കാമോ  ?.

വൃത്താലങ്കാര ചുറ്റു വട്ടങ്ങളോടെ , അക്ഷര പ്രാസങ്ങളാൽ നിബിഡമായ
അന്നക്കെ ഞാൻ ചമച്ച് വിട്ടിരുന്ന കവിതകളിലും  , ഇതൊന്നുമില്ലാത്ത കഥകളിലും മറ്റും  സാഹിത്യ ഭംഗിയൊ,  മറ്റു യാതൊരുവിധ ഘടകങ്ങളും ഇല്ലെന്ന് മനസ്സിലാക്കി ,ആ എഴുതുന്ന പണി സ്വയം നിറുത്തി വെക്കുക എന്നുള്ളതായിരുന്നു ..! !

പക്ഷെ  കാൽ നൂറ്റാണ്ട് മുമ്പ് കെട്ടിച്ചുരുട്ടി , മടക്കി പത്താഴത്തിൽ പൂഴ്ത്തി പൂട്ടി വെച്ചിരുന്ന , എന്ടെ എഴുത്തുകളെല്ലാം വീണ്ടും പുറത്ത് വന്നത് - എട്ട് കൊല്ലം മുമ്പ് ഞാൻ 'ബൂലോഗ പ്രവേശം ' നടത്തിയ നാൾ മുതലാണെന്ന് തോന്നുന്നു ...

ഗൃഹാതുരത്വത്തിന്റെ ആകുലതയിൽ പ്രവാസത്തിന്റെ പ്രയാസങ്ങൾക്കിടയിൽ കിടന്ന് വല്ലാതെ എരിപൊരി കൊള്ളുമ്പോഴാണ് , ഈ പുത്തൻ നൂറ്റാണ്ടിൽ  പൊട്ടിമുളച്ചുണ്ടായ നവ മാധ്യമങ്ങളിലൂടെയുള്ള വായന വഴി - ആയതിനൊക്കെ ഒരു ആശ്വാസം കണ്ടെത്താനായത് ...

അന്നൊക്കെ വളരെ വിരളമായി വായനക്ക് കിട്ടുന്ന മലയാളം അച്ചടി മാധ്യമങ്ങൾക്ക് പകരം അനേകം 'ഇ-വായനകൾ വഴി 'ബ്ലോഗ് , സോഷ്യൽ മീഡിയ , ഓൺ-ലൈൻ' പത്രങ്ങൾ മുതലായ മലയാള മാധ്യങ്ങൾ വഴി  - മലയാള ഭാഷയുടെ ലാസ്യ വിന്യാസങ്ങൾ കണ്ടുള്ള ആവേശത്തോടെ തുടങ്ങി പോയതായിരുന്നു  -- ഈ 'ബിലാത്തി പട്ടണം' എന്ന എന്റെ ബൂലോഗ തട്ടകം ...!

വായില് തോന്നീത് കോതക്ക് പാട്ടെന്ന പോലെ , പലയിടത്തായി
കണ്ടതും , കേട്ടതുമായ പല സംഗതികളും ഞാനിവിടെ കുറിച്ച് വെച്ചു ...


എന്ത് ചെയ്യാം ...
തൊടുത്ത് വിട്ട ശരം പോലെ
കൈയ്യീന്ന് പോയ വാക്കുകളൊന്നും ഇനി തിരിച്ച്ചെടുക്കുവാൻ പറ്റില്ലല്ലോ .. അല്ലെ .

വീണ്ടും പൊടി  തട്ടിയെടുത്ത എന്റെ തലേലെഴുത്തുകൾ - ഒറ്റ വിരൽ കുത്തി കുത്തി പഠിച്ച്ചെടുത്ത മലയാളം ലിബികളിലൂടെ  - ഈ സൈബർ ഉലകത്തിലൂടെ പറത്തി വിട്ട്  - ഈ ഏഴാം കടലിനക്കരെയിരുന്ന് തന്നെ - ലോകത്തിന്റെ പല കോണുകളിലും ഇരുന്ന് സല്ലപിച്ച് കൊണ്ടിരിക്കുന്ന അനേകം സൈബർ മിത്രങ്ങളെ എന്നുമെന്നോണം എനിക്ക് ലഭിച്ച്  കൊണ്ടിരിക്കാറുണ്ട്   . അവരുടെയൊക്കെ എഴുത്ത് കുത്തുകളിലൂടെ പലപ്പോഴും എന്നിൽ  പുഞ്ചിരിയും , പൊട്ടിച്ചിരിയും , ആഹ്ലാദവും ആമോദവുമൊക്കെ ഉണ്ടായി ...
ചില സന്തോഷങ്ങളും  , സന്താപങ്ങളുമൊക്കെ തൊട്ടറിഞ്ഞു ...

ഇതൊക്കെ തന്നെയാണ് ഇന്നത്തെ കാലത്തെ
സൈബർ ഇടങ്ങളിലെ വരിയുടെയും ,  വരയുടെയുമൊക്ക ചില ഗുണമേന്മകൾ .
സ്വന്തം ബന്ധുമിത്രാദികളേക്കാൾ  ഉറ്റവരായ ഒരുപാട് കലാ സ്നേഹികളായ മിത്രങ്ങൾ ആഗോളതലത്തിൽ എന്ത് സഹായത്തിനും കൂട്ടിനുണ്ടാകുക എന്നത് ...!
അതെ ...
പണ്ടുണ്ടായിരുന്ന സ്നേഹം, തുളുമ്പുന്ന കൈയ്യെഴുത്ത് പതിപ്പുകൾ പോലെയാണ് , ആധുനിക ലോകത്ത് ,  കലാ സാഹിത്യ വിഭവങ്ങൾ പങ്കുവെക്കുന്ന  ഓരോ ബ്ലോഗുകളും , ബ്ലോഗ് കൂട്ടായ്മകളും ...!

അതായത് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി  വീര്യം വർദ്ധിപ്പിച്ചു കിട്ടുന്ന 'ഒരു ജ്യാതി' ലഹരികളാണ് ഓരോ ബൂലോക തട്ടകങ്ങളിലും ഇന്നുള്ളത് ... !

എന്റെ  സ്വന്തം തട്ടകം
ബിലാത്തിപട്ടണത്തിന്റെ
എട്ടാം വാർഷികമാണിന്ന് ...
ദേ ..ഇവിടെ എട്ട് നിലയിൽ
വർണ്ണാമിട്ടുകൾ പൊട്ടുന്നത് കണ്ടില്ലേ ...

സാഹിത്യത്തിലൊന്നും എട്ടും പൊട്ടും
തിരിയാതെയാണെങ്കിലും  ഞാൻ ഇവിടെ
കൊട്ടിഘോഷിക്കുന്ന പൊട്ടത്തരങ്ങളെല്ലാം
ലോകത്തിന്റെ എട്ട് ദിക്കുകളിൽ നിന്നും  , കഴിഞ്ഞ
എട്ട് വർഷങ്ങളായി പ്രോത്സാഹിപ്പിച്ച്‌ കൊണ്ടിരിക്കുന്ന
നിങ്ങൾ ഓരോരുത്തർക്കും  ..... കൊട്ടപ്പറ നന്ദി കേട്ടോ കൂട്ടരേ ...


ഇതുവരെ എഴുതിയ വാർഷിക കുറിപ്പുകൾ  : -

('ഛായ' യുടെ അടുത്ത ലക്കത്തിലേക്ക് രചനകൾ അയക്കുവാൻ താൽപ്പര്യമുണ്ടെങ്കിൽ താഴെയുള്ള ഫോട്ടോയിൽ കാണുന്ന മെയിൽ വിലാസത്തിലേക്ക്  അയച്ചു തരാം കേട്ടോ കൂട്ടരേ )

  1. ബിലാത്തിപട്ടണം ഒരു മായക്കാഴ്ച്ച / 30-11-2009
  2. ഒരു പ്രണയത്തിൻ വർണ്ണപ്പകിട്ടുകൾ / 30 -11 -2010
  3. മാജിക്കിന്റെ ഒരു വിസ്മയലോകം / 29 -11 -2011
  4. ബ്ലോഗ്ഗിങ്ങ് ആഡിക്ഷനും ഇന്റെർനെറ്റ് അടിമത്വവും / 30 -11 -2012
  5. ഭൂമിമലയാളത്തിലെ ബൂലോകവും പിന്നെ ഞാനും / 30 -11-2013
  6. ഒരിക്കലും വറ്റി വരളാത്ത ബൂലോക സൗഹൃദങ്ങൾ / 27 -11-2014
  7. സപ്ത വർഷ സമ്പൂർണ്ണ ബൂലോഗന : / 26 -11 -2015
  8. സ്‌മൃതി'  ഉണർത്തുന്ന 'ഛായ ' ... !  / 29 - 11 - 2016

Monday 31 October 2016

ഒരു പുലി മുരുകനും പിന്നെ നാല് ബിലാത്തി മലയാള സിനിമകളും ...! / Oru Puli Murukanum Pinne Nalu Bilatthi Malayala Sinimakalum ...!


ആദ്യമായിട്ടാണ് ഗ്രേറ്റ് ബ്രിട്ടനിൽ ഒരു മലയള സിനിമ ചരിത്രം കുറിച്ച്  141 പ്രദർശന ശാലകളിൽ ഒരേ സമയം റിലീസ് ചെയ്ത് , ഇവിടെയുള്ള തദ്ദേശ വാസികളെയെല്ലാം  അമ്പരപ്പിക്കുവാൻ പോകുന്നത് .!
കഴിഞ്ഞ വാരം മുതൽ ചില പ്രത്യേക കേന്ദ്രങ്ങളിൽ  മാത്രം , ഈ ചിത്രം കന്നിക്കളി  കളിച്ചപ്പോൾ തന്നെയുള്ള  തിക്കും തിരക്കും കണ്ട്  സായിപ്പുമാർ വരെ ഈ സിനിമ കയറി കാണുകയും - പിന്നീടതിനെ കുറിച്ച് വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു ..!
ഏതാണ്  ഈ സൂപ്പർ ഹിറ്റ് സിനിമ എന്നറിയണ്ടേ -
നമ്മുടെ മലയാളത്തിൽ ഇറങ്ങിയിട്ട് വിശ്വം വിറപ്പിച്ച സാക്ഷാൽ
' പുലി മുരുകൻ ' തന്നെ ...!
ഇന്നൊക്കെ  അനേകം മലയാള സിനിമകൾ  അപ്പപ്പോൾ തന്നെ ബ്രിട്ടനിലെ
പ്രവാസി മലയാളികൾ ബിഗ് സ്ക്രീനിലും , ഓൺ-ലൈൻ  സ്‌ക്രീനിലുമായി കണ്ട് കൂട്ടാറുണ്ട് ...

ഒരു ഒന്നൊന്നര പതിറ്റാണ്ട്  മുമ്പ് വരെ വലിയ  തിയ്യറ്ററുകളിൽ  കൊല്ലത്തിൽ
ഒന്നോ , രണ്ടോ തവണ മാത്രം കളിച്ചിരുന്ന മലയാളം സിനിമകൾ , പിന്നീട് മാസത്തിൽ
ഒരു പുതിയ പടം  വന്ന് - മൂന്നോ നാലോ പ്രദർശനങ്ങൾ നടത്തി മുന്നേറിയ സ്ഥാനത്ത്   -   ഇപ്പോൾ എല്ലാ ദിവസവും റെഗുലർ ഷോസ് കളിക്കുന്ന സിനിമാ ശാലകൾ വരെ ഇന്ന് ലണ്ടനിൽ ഉണ്ടായി കഴിഞ്ഞിരിക്കുകയാണ്‌ ...!
അതായത് നാടിനെ പോലെ മലയാളം സിനിമയെ സ്നേഹിക്കുന്ന ഒരു പാട് മലയാളികൾ ഇന്ന് ബ്രിട്ടനിലും ഉണ്ടെന്നർത്ഥം ...
എന്തിനു പറയുവാൻ ഈ ഒക്ടോബർ മാസം തന്നെ ബിലാത്തി മലായാളികൾ  അണിയിച്ചൊരുക്കിയ നാല് മലയാളം സിനിമകളാണ് ഇവിടെനിന്നും  പുറത്ത് വന്നത് . രണ്ട് ബിഗ് സ്‌ക്രീൻ  മൂവികളും , രണ്ട് ഷോർട്ട് ഫിലിമുകളും... !

ഒരു കൂട്ടം സിനിമാപ്രേമികളായ  ബിലാത്തിയിലുള്ള പ്രവാസി മലയാളികൾ അവരുടെയൊക്കെ പല പല ജോലി തിരക്കിനിടയിലും - അരങ്ങത്തും അണിയറയിലും ഒത്ത് കൂടി , പൂർണ്ണമായും ബ്രിട്ടണിൽ വച്ചു ചിത്രീകരിച്ച, 'ഒരു ബിലാത്തി പ്രണയം' എന്ന മലയാള സിനിമയുടെ , പ്രഥമ പ്രദർശനം  ഒക്ടോബർ 16 ന്, ലണ്ടനിലെ 'ബോളിയൻ സിനിമ'യിൽ വെച്ച് വളരെ കെങ്കേമമായി അരങ്ങേറുകയുണ്ടായി ....
യു.കെ പ്രവാസി മലയാളികളായി ഇവിടെ എത്തിച്ചേരുന്നവരുടെ പ്രശ്നങ്ങളിൽ  ഊന്നിയുള്ള ജിൻസൺ ഇരിട്ടിയുടെ തിരക്കഥയാൽ  കനേഷ്യസ് അത്തിപ്പൊഴിയുടെ  സംവിധാനത്തിൽ എല്ലാ സിനിമാ മേമ്പൊടികളും ചേർത്ത് അണിയിച്ചൊരുക്കിയ ഈ സിനിമയിൽ ജെയ്‌സൺ ലോറൻസാണ് ( Jaison Lawrence ) ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്‌ . ബ്രിട്ടനിലെ  മനോഹാരിതകൾ വളരെ ഭംഗിയായി ചിത്രീകരിച്ചിട്ടുള്ള ഈ സിനിമയിലെ ഗാനങ്ങളെല്ലാം ഹിറ്റുകളായി തീർന്നിരിക്കുകയാണിപ്പോൾ ...!

അതിനു മുമ്പിറങ്ങിയ  ബിഗ് സ്‌ക്രീൻ സിനിമയായ ' ദി ജേർണലിസ്റ്റ് ' യു.കെ മലയാളികൾ അണിയിച്ച് ഒരുക്കിയ മറ്റൊരു മുഴുനീള സസ്പെൻസ് സിനിമ തന്നെയായിരുന്നു ...
ഒരു കാർ ആക്സിഡന്റ് മരണങ്ങളുടെ വാർത്തകൾക്ക് ശേഷം ,  രണ്ട് പത്ര പ്രവർത്തകർ  ആയതിന്റെ ഉറവിടം തേടി കണ്ട്  പിടിക്കുന്നതാണ് ഇതിന്റെ മുഖ്യ കഥ , ഒപ്പം യു.കെ മലയാളിയുടെ പല ജീവിത ശൈലികളും  ഇതിൽ നന്നായി ചിത്രീകരിച്ച്  വെച്ചിട്ടുണ്ട് .
സിറിയക് കടവിൽചിറ യാണ് ഈ സിനിമ സംവിധാനം ചെയ്തിട്ടുള്ളത്. ഇപ്പോൾ  യൂ - ട്യൂബിൽ  ദി ജേർണലിസ്റ്റ്  (1  മണിക്കൂർ 53 മിനിറ്റ് ) ഏവരുടെയും കാഴ്ച്ചക്കായി റിലീസ് ചെയ്തിട്ടുണ്ട് ....

 ഇനി ചെറിയ സിനിമകൾ കൊണ്ട്  വലിയ കാഴ്ച്ചകൾ  സമ്മാനിക്കുന്ന രണ്ട് കൊച്ചു സിനിമകളെ കുറിച്ച് കുറച്ചു വാക്കുകളാണ്  ...

അനേകം മ്യൂസിക് ആൽബങ്ങളും , സിനിമയുമൊക്കെ( എഡ്ജ് ഓഫ് സാനിറ്റി ) ചെയ്തിട്ടുള്ള ബിനോ അഗസ്റ്റിന്റെ ( Bino Augustine ) ' ഒരു കുഞ്ഞു പൂവിനെ' എന്നുള്ള കൊച്ചു സിനിമ ഏറെ പ്രശംസ പിടിച്ചുപറ്റി മുന്നേറി കൊണ്ടിരിക്കുകയാണിപ്പോൾ . . ഇന്നത്തെ മാതാപിതാക്കന്മാർ തങ്ങളുടെ കുഞ്ഞുങ്ങളുടെ  താല്പര്യവും ,  ഇഷ്ടവും , സന്തോഷവുമൊന്നും മനസ്സിലാക്കാതെ, അവരെയൊക്കെ എന്തൊക്കെയോ ആക്കാനുള്ള തത്രപ്പാടിൽ പിള്ളേരുടെ  ബാല്യകാലം തല്ലിപ്പഴുപ്പിക്കുന്ന രീതികൾക്കെതിരെയുള്ള ഒരു സന്ദേശമാണ്  ഈ കൊച്ചു സിനിമ .
നമുക്ക് ഇഷ്ടമായിരുന്ന എന്തൊക്കെയോ മക്കളിലൂടെ നേടാൻ ശ്രമിക്കുന്ന , മറ്റു കുട്ടികൾ കാണിയ്ക്കുന്നതൊക്കെ നമ്മുടെ മക്കളും ചെയ്യണം എന്ന് വാശിപിടിക്കുന്ന നമ്മളെല്ലാവരും കണ്ടിരിക്കേണ്ട ഒരു കുഞ്ഞു ചിത്രമാണ് ഒരു കുഞ്ഞു പൂവിനെ  (  22 മിനിറ്റ് ) . ഇതിൽ  നല്ല രീതിയിൽ ക്യാമറ കൈകാര്യം  ചെയ്തിരിക്കുന്നത് സിനിമോട്ടോഗ്രാഫിയുടെ  പുതിയ തലമുറയിലേക്ക്   കയറി വരുന്ന ജെയ്‌സൺ ലോറൻസ്  തന്നെയാണ് ...

  "സമ്മർ ഇൻ ബ്രിട്ടനും' ,  "ഓർമകളിൽ സെലിനും'  ശേഷം ഷാഫി ഷംസുദ്ദീൻ സംവിധാനം നിർവ്വഹിച്ച  ഒരു ചെറിയ ചിത്രമാണ് 'നാലുമണിവരെ / അണ്ടിൽ  ഫോർ' സാമൂഹിക ജീവിതത്തിൽ ഏവരും സ്വന്തം ജീവിതം അത്യുന്നതങ്ങളിൽ എത്തിക്കുവാൻ വേണ്ടി പായുമ്പോൾ , അവരറിയാതെ എത്തിപ്പിടിക്കുന്ന ഒരു ഉന്മാദ രോഗമാണ് വിഷാദം ...
ആയതിന്റെ ഉള്ളുകള്ളികളും അവസ്ഥാന്തരവും നന്നായി സംയോജിപ്പിച്ച് നല്ലൊരു സന്ദേശം പകരുന്ന ഒരു കൊച്ചു സിനിമയാണിത് Until Four ( 18 മിനിറ്റ് )....! 
അഭിനേതാക്കളടക്കം എല്ലാ  ക്രൂവും നല്ല കൈയ്യടക്കത്തോടെ കാര്യങ്ങൾ നിർവ്വഹിച്ചിരിക്കുന്നു...

പിന്നെ
പുതിയ നൂറ്റാണ്ടിൽ   'സൈബർ' സന്തതിയായി ജനിച്ച വീണ ശേഷം ,  ആഗോള വ്യാപകമായി അതി പ്രസരം ചെലുത്തി പെട്ടെന്ന് തന്നെ വളർന്നു  വലുതായ 'സോഷ്യൽ മീഡിയ'  തട്ടകങ്ങൾ കാരണം ഏറ്റവും കൂടുതൽ കോട്ടം തട്ടിയത്  പ്രേക്ഷക കലാ രൂപങ്ങളായ 'എന്റർടെയ്നറുകൾ 'ക്കായിരുന്നു . അതോടൊപ്പം  തന്നെ  ലോകത്താകമാനം ആളേറെ കൊള്ളുന്ന പല  രംഗമണ്ഡപ വേദികളും , കലാ മന്ദിരങ്ങളും , സിനിമാശാലകളും അടച്ചുപൂട്ടലുകൾ നേരിടേണ്ടി വന്നു.
പക്ഷെ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മുതൽ ഇത്തരം പല സ്ഥാപനങ്ങളും  അത്യാധുനിക മോഡിഫിക്കേഷനുകൾ വരുത്തി കണികളെയൊക്കെ പല തരത്തിൽ ആകർഷിപ്പിക്കുന്ന വിവിധ തരം കൊച്ചുകൊച്ച് സമുച്ചയങ്ങൾ ഒരേ വേദിയിൽ തന്നെ ആഡംബര സംവിധാനങ്ങൾ സഹിതം പണിതുയർത്തിയപ്പോൾ  വീണ്ടും ഇത്തരം പ്രേക്ഷക മൾട്ടിപ്ലെക്സ് മാളുകളിലേക്ക്  , സോഷ്യൽ മീഡിയ   തട്ടകങ്ങളിൽ വല്ലാതെ ബോറടിച്ചിരുന്ന കാണികൾ എത്തി തുടങ്ങി .

ഇതിന്റെയൊക്കെ  പിന്നോടിയായിട്ടായിരിക്കാം ഇപ്പോൾ വീണ്ടും  ഇത്തരം തീയേറ്റർ സമുച്ചയങ്ങളിൽ കഴിഞ്ഞ കൊല്ലം മുതൽ കൂടുതൽ കുടുംബ പ്രേക്ഷകരെ കണ്ടുതുടങ്ങിയിട്ടുണ്ട് പ്രതേകിച്ച് സിനിമാ ശാലകളിൽ ..

എന്തുകൊണ്ടോ   വമ്പൻ ഹോളിവുഡ് മൂവികൾ  ഇല്ലാത്തതുകൊണ്ടൊ അല്ലാതെയോ   ആവാം  , ഈ ഒക്ടോബർ മാസം ഇംഗ്ലണ്ടിൽ   ഇംഗ്ലീഷ്  സിനിമകളെ പോലും പിന്നിലാക്കി ഇന്ത്യൻ സിനിമകൾ ബോക്സ് ഓഫീസുകൾ തകർത്ത് മുന്നേറുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത് .
മഹാ നവമിക്കും  , ദീപാവലിമൊക്കെ ഇന്ത്യക്കൊപ്പം തന്നെ റിലീസ്  ചെയ്ത ഹിറ്റ് സിനിമകളായ  വിവിധ ഭാരതീയ ഭാഷ ചിത്രങ്ങൾ ഇവിടെയും  കാശു വാരി കൂട്ടികൊണ്ടിരിക്കുകയാണ് .
'ഒപ്പം' 'ആനന്ദം ' നൽകി 'ഊഴം ' അനുസരിച്ച്  ധാരാളം പുതുപുത്തൻ മലയാളം സിനിമകളും ഇപ്പോൾ ബ്രിട്ടനിൽ കളിച്ച് പോരുന്നുണ്ട് .
വീണ്ടും പുലിമുകനിലേക്ക് വരാം ...
പുണ്യം 'പുലി മുരുകൻ ' ദർശനം എന്ന പോൽ വ്രതം നോറ്റിരിക്കുന്ന ഒരു ജനതയായിരുന്നു  കഴിഞ്ഞ മൂന്നാഴ്ച്ചയോളമായി ബിലാത്തിയിലെ മലയാളികൾ ...
കാലങ്ങളായി സിനിമാശാലകളിൽ  പോയി സിനിമ കാണാത്തവർ പോലും  യു.കെയിലെ അത്യാധുനിക സംവിധാനങ്ങളാൽ അലങ്കരാതിമായ 4DX , I -Max മുതലായ സിനിമാ സമുച്ചയങ്ങളിൽ നിന്നും സാക്ഷാൽ പുലി മുരുകന്റെയും , പുലിയുടേയും , കൂട്ടരുടേയുമൊക്കെ കളിവിളയാട്ടങ്ങളും പ്രകമ്പനവുമൊക്കെ നേരിട്ട് കൺകുളിർക്കെ കാണാനും, കാതോർക്കാനും കാത്തിരിക്കുകയായിരുന്നു അവർ .

പുലിയടക്കം സകലമാന അഭിനേതാക്കളും  പരസ്പരം മത്സരിച്ചഭിനയിച്ച വിസ്മയ ചാരുതകളാലും, അതുക്കും മേലെയുള്ള ഉന്നതമായ സാങ്കേതിക മികവുകളാലും എതൊരു സിനിമാ പ്രേഷകരേയും കോരി തരിപ്പിക്കുന്ന ഒരു സാക്ഷാൽ 'എന്റർടൈനർ' തന്നെയായ  ' പുലി മുരുകൻ'
ഇപ്പോൾ  നൂറിൽ  താഴെയുള്ള യു.കെ തീയറ്ററുകളിൽ  കൂടികളിക്കുവാൻ പോകുകയാണ് .ഒപ്പം അത്ര തന്നെ സിനിമാ ശാലകളിൽ യൂറോപ്പിലെ മറ്റ് പട്ടണങ്ങളിലും...

അതെ യൂറോപ്പ്യൻ മലയാളികൾ 'ആദ്യമായി ഒരു മലയാള സിനിമയെ നൂറ് കോടി ക്ലബ്ബിൽ എത്രയും പെട്ടെന്ന് തന്നെ എത്തിക്കുവാൻ വേണ്ടിയുള്ള  ഒരു ജൈത്രയാത്രക്ക് കഴിഞ്ഞയാഴ്ച്ച  മുതൽ തുടക്കം കുറിച്ച് ഇറങ്ങി തിരിച്ചിരിക്കുകയാണ് ഇപ്പോൾ ...

അടുത്ത കാലത്തൊന്നും യു.കെയിൽ ഒരു സിനിമ ഹൌസുകളിലും തുടരെ തുടരെ ആംഗലേയ സിനിമകളടക്കം യാതൊരു ഭാഷ ചിത്രവും ഹൌസ് ഫുൾ ആയി ഓടിയിട്ടില്ല എന്ന വിരോധാഭാസം പൊളിച്ചെഴുതി കൊണ്ട്  ഈ പുപ്പുലി     മുന്നേറുന്നത് കണ്ട് ശരിക്കും പകച്ച്  പോയിരിക്കുകയാണ് ഈ നാട്ടുകാർ ...!
പുലി മുരുകനി'ലെ താരങ്ങൾക്കും
അണിയറ ശില്പികൾക്കും   ഒരു
Big Hatട Off...!

ഏതൊരു മലയാള സിനിമാ പ്രേമികളും  ഈ ചിത്രം കണ്ടില്ലെങ്കിൽ ഇത് അവർക്ക് ഒരു തീരാ നഷ്ടം തന്നെയായിരിക്കും...
കാട്ടിലെ പുലി ... തേവരുടെ വില്ലന്മാർ....
ഒരേയൊരു മുരുകൻ ... മ്ടെ സ്വന്തം പുലി മുരുകൻ...
കാണഡ് ടാ( ടി ) ... കാണ് .... കൺകുളിർക്കേ കാണ്::: !



Friday 30 September 2016

നേക്കഡ് മജീഷ്യൻസ് ... ! / Naked Magicians ... !

അതി സുന്ദരിമാരായ അഴകും ലാവണ്യവുമുള്ള പല  സുന്ദരിക്കോതകളുടേയും  ,
നഗ്നത പ്രദർശിപ്പിച്ചിട്ടുള്ള അഴിഞ്ഞാട്ടങ്ങൾ പലതും - വേദികളിലും , നേരിട്ടുമൊക്കെ
ഞാൻ ഒരുപാട് തവണ കണ്ടിട്ടുണ്ട് ...!
പക്ഷേ അതി സുന്ദരന്മാരായ , വളരെ കോമളകരമായ  പുരുഷ ശരീര കാന്തിയുള്ള
ആണുങ്ങളുടെ പൂർണ്ണ നഗ്ന മേനികൾ ചില 'പോണോഗ്രാഫി ഷോ'കളിലും , നീല ചിത്രങ്ങളിലുമല്ലാതെ , നേരിട്ട് ഒരു  രംഗ മണ്ഡപ വേദിയിൽ  ഞാൻ ആദ്യമായി
കാണുന്നത് ഇപ്പോളാണ് ...
ചിരിച്ച് ചിരിച്ച് പണ്ടാരമടങ്ങി ,  അത്ഭുതപ്പെട്ട് , ശരിക്കും വായ്  പൊളിച്ച്
കണ്ടിരുന്ന ഒരു അടി പൊളി 'മാജിക് ഷോ'യെ പറ്റിയാണ്   ഞാൻ പറഞ്ഞുവരുന്നത്  ...
ലോകത്തുള്ള പല വമ്പൻ സിറ്റികളിലും ബോക്സ് ഓഫീസ് തകർത്ത്  കളിച്ചുകൊണ്ടിരിക്കുന്ന 'നേക്കഡ് മജീഷ്യൻസ് ' എന്ന സ്‌റ്റേജ്  പരിപാടിയാണിത് ...!
'ലേഡി മജീഷ്യൻസ്' വെറും അല്പ വസ്ത്ര ധാരികളായി
വന്ന് കാണികളെ കണ്ണുവെട്ടിക്കുന്ന  വിദ്യകളും , മജീഷ്യൻ വേദിയിൽ വന്ന് തന്റെ 'അസിസ്റ്റന്റാ'യ ചുള്ളത്തിയെയോ , മണ്ഡപത്തിൽ  വിളിച്ചു  വരുത്തുന്ന തരുണിയെയോ
പൂർണ്ണ നഗ്നരാക്കുന്ന  (വീഡിയോ ) പല മാജിക് ഷോകളും ഇവിടെ നടക്കാറുണ്ട് ...

അതുപോലെ തന്നെ ലോക സുന്ദരിമാരടക്കം പല തരുണീമണികളുടെയും
ഉടയാടകളില്ലാത്ത ശരീരങ്ങൾ പ്രദർശിപ്പിച്ചുള്ള പല പബ്ലിക് പരിപാടികൾ ലോകത്തങ്ങോളമിങ്ങോളം  പലരാലും വീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും , ഒട്ടു മിക്കവരും -
തനി സെലിബ്രിറ്റികളായ ആണുങ്ങളുടെ ഇത്തരത്തിലുള്ള നഗ്ന ശരീരങ്ങൾ വേദിയിൽ നിറഞ്ഞാടുന്ന പരിപാടികൾ മിക്കവാറും കണ്ടിട്ടുണ്ടാകില്ല... !

ഏതാണ്ട് രണ്ടര കൊല്ലം മുമ്പ് ആസ്‌ത്രേലിയയിലെ
'പെർത്തി'ൽ നിന്നും പല അന്തർദ്ദേശീയ ' ടി.വി ഷോ'കളിലൂടെയും , 'സ്റ്റേജ് മാജിക് ഷോ'കളിലൂടെയും  പ്രസിദ്ധരായ - സകലകലാ വല്ലഭരായ രണ്ട് യുവ മാന്ത്രികർ അണിയിച്ചൊരുക്കി രംഗാവിഷ്കാരം നടത്തിയ ഒരു വല്ലാത്ത പ്രത്യേകതയുള്ള 'സ്റ്റേജ് മാജിക് ഷോ' - ഇന്ന് ആഗോള തലത്തിൽ ഏറ്റവും വലിയ ജനപ്രീതി നേടിയ മായാജാല പരിപാടിയായി മാറിയയിരിക്കുകയാണ് ...
'ബോക്സ് ഓഫീസ്  കളക്ഷ'ന്റെ കാര്യത്തിലും ഈ മാന്ത്രിക കളി ,
മറ്റെല്ലാ പരിപാടികളെയും പിന്തള്ളി ഒരു 'റെക്കോർഡ് ' സൃഷ്ട്ടിക്കുകയും ചെയ്തിരിക്കുകയാണിപ്പോൾ ...

ഇംഗ്ളീഷുകാരെ - വിനോദത്തിലും , വിജ്ഞാനത്തിലും , വിവേകത്തിലും , 'വിറ്റി'ലുമൊന്നും വെട്ടിക്കുവാൻ ,  മറ്റ് യാതൊരു വെള്ളക്കാർക്കും  പറ്റില്ലാ എന്നൊരു വീമ്പടി സംസാരം ബ്രിട്ടണിലുള്ള ഒരു വിധം എല്ലാ ഒറിജിനൽ സായിപ്പുമാർക്കും ഉള്ളതാണ്.
അതിപ്പോൾ  അമേരിക്ക , ആസ്‌ത്രേലിയ കാനഡ , ന്യൂസിലാന്റ് , സൗത്ത്  ആഫ്രിക്ക മുതൽ ഏത് രാജ്യങ്ങളിലേക്കും  കുടിയേറി - അവിടത്തെ വംശജരായി  തീർന്നെങ്കിലും ,  ഇപ്പോഴും ബ്രിട്ടീഷ് രക്തം സിരകളിൽ ഓടുന്ന ഓരോ വെള്ളക്കാരും  ഇത് തന്നെയാണ്  പറയുക  ...
ഒരു പക്ഷേ അത് ശരിയായിരിക്കാം , ഇന്ന് പാശ്ചാത്യ നാടുകളിൽ ആക്ഷേപ
ഹാസ്യവും , 'അഡൽറ്റു വിറ്റു'കളും ചേർത്ത് അനേകമനേകം കാരികേച്ചർ കം 'കോമഡി
ഷോ'കൾ നടത്തുന്നവരിൽ ഭൂരി ഭാഗവും തനി  ഇoഗ്‌ളീഷുകാർ   തന്നെയാണ് ... ആളുകളെ ചിരിപ്പിക്കുന്നതിന് വേണ്ടി കോമഡിയുടെ ഏത് അറ്റം വരെയും  ഇവർ പോകും ...!

അതിന്  ഒരു ഉത്തമ ഉദാഹരണമാണ്
ഈ 'നേക്കഡ് മജീഷ്യൻസ് എന്ന സ്റ്റേജ് ഷോ'...!

രണ്ട് മാജിഷ്യൻമാർ 'കോട്ടും സ്യൂട്ടു'മൊക്കെയായി
സ്റ്റേജിൽ എത്തി നല്ല കിണ്ണങ്കാച്ചി വളിപ്പുകൾ കാച്ചി ,
ചില മാജിക് പ്രോപർട്ടികളായ ലൈംഗിക കളിക്കോപ്പുകളായ  'ഡിൽഡോകൾ ' കൊണ്ടും , സ്റ്റേജിലേക്ക് വിളിച്ചു വരുത്തുന്ന കാണികളെ ഉപയോഗിച്ചും ചെയ്യുന്ന ചെപ്പടി വിദ്യകളുടെ ഒരു കൊച്ചു കൂമ്പാരമാണ് ഈ പരിപാടി ...

ഇതിനിടയിൽ 'ടൈ' അഴിച്ച് - 'ഷർട്ടൂരി - ബെൽറ്റ് ' ഊരി വെച്ച് അവരുടെ സിക്സ് പാക്ക് ബോഡികൊണ്ടുള്ള മാറി മാറിയുള്ള ജാലവിദ്യ മറിമായങ്ങൾ ...
പിന്നീട് 'ഷൂസ് , പാന്റ്സ് ' എന്നിവയെല്ലാം ഇല്ലാതാകുമ്പോൾ തുറിച്ച് നിൽക്കുന്ന 'അണ്ടർ വെയറു'കൾ മാത്രമണിഞ്ഞുള്ള മായാജാലങ്ങൾ ...!
അതിന് ശേഷം വിവസ്ത്രരായി  തൊപ്പിയും  , മറ്റു മാജിക് ഉപകരണങ്ങൾ കൊണ്ടും മുൻ ഭാഗം മാത്രം വളരെ കൈവേഗത്താൽ  മറച്ചും , തിരിച്ചുമുള്ള കൈ അടക്കത്തിന്റെ  വേലകൾക്കൊപ്പം തന്നെ സ്റ്റേജിലേക്ക് വിളിച്ചു  വരുത്തുന്ന പെണ്ണുങ്ങളുടെ പിന്നിൽ നിന്നും  മറ്റും കാട്ടുന്ന ഇന്ദ്രജാലവും , രസികത്തവും നിറഞ്ഞ കൈ അടക്കത്തിന്റെ കോപ്രായങ്ങൾ ...!


പരിപൂർണ്ണ നഗ്നരായി   തന്നെ സ്റ്റേജിൽ നിറഞ്ഞാടിയുള്ള അവസാനത്തെ
വിദ്യകളൊക്കെ , അതും ചില കലക്കൻ സെക്സ് ആക്റ്റ് കളുടെ അഭിനയ വൈഭവത്താൽ  കാണികളെ  ചിരിപ്പിച്ച്  ചിരിപ്പിച്ച്‌  കൊല്ലുന്ന വിധത്തിലുള്ളതാണ്  ... !

സെക്സിന്റെ വൈകൃതങ്ങൾ  ഏറെയുണ്ടെങ്കിലും തുടക്കം മുതൽ ഒടുക്കം വരെ
കാണികൾ  ഇത്രയേറെ  കയ്യടിച്ച്  പ്രോത്സാഹിപ്പിക്കുന്ന ഒരു പരിപാടി ഞാൻ
അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല ...
ഏറ്റവും വലിയ അതിശയം  ആണുങ്ങളേക്കാൾ കൂടുതൽ കാണികളായി എന്നും എത്തുന്നത് പെണ്ണുങ്ങളാണ് എന്നുള്ളതാണ്... !
പരിപാടിക്ക്  ശേഷം മജീഷ്യന്മാരോടോത്തുനിന്ന്  ഫോട്ടം പിടിക്കാനും , ഓട്ടോഗ്രാഫ് വാങ്ങാനുമുള്ള പെണ്ണുങ്ങളുടെ തിക്കും തിരക്കും , ആ ഉന്തി തള്ളിയുള്ള  ജഗപൊക മാത്രം കണ്ടാൽ മതി - ഈ മാന്ത്രിക ദ്വയത്തിന്റെ  'സ്റ്റാർ വാല്യൂ ' അല്ലെങ്കിൽ  അവരോടുള്ള  ആരാധന മനസ്സിലാക്കുവാൻ  ...!
World’s Naughtiest and Funniest Magic Show   (വീഡിയോ ) എന്നറിയപ്പെടുന്ന  നേക്കഡ് മാജിഷ്യൻസിന്റെ ക്രിയേറ്റർമാരും , അവതരിപ്പിക്കുന്നവരും  രണ്ടേ രണ്ട് പേരാണ് കൃസ്റ്റോഫർ വൈനെയും , മൈക്ക് ടൈലറും .
ഇവരുടെ പരിപാടിയുടെ തല വാചകം തന്നെ
sleeves up and pants down എന്ന ആപ്ത വാക്യമാണ്...

തമാശക്കാരുടെ രാജാവ്  എന്നറിയപ്പെടുന്ന കൃസ്റ്റോഫർ വൈനെ / Christopher Wayne  മാജിക് പഠനത്തിന് ശേഷം മൂനാലുകൊല്ലത്തോളം ന്യൂസിലാൻഡിൽ കോമഡി എഴുത്തുക്കാരനായിരിക്കുമ്പോഴാണ്  'More Than Magic 'എന്ന ടി.വി സീരിയലിലൂടെ ആസ്‌ത്രേലിയയിൽ അതി പ്രശസ്തനായത്  , പിന്നീട് 'Channel 10 'ലെ കുട്ടികൾക്ക് വേണ്ടിയുള്ള 'Clothed Magician' പരിപാടിയും ഇദ്ദേഹം നടത്തിയിരുന്നു

ആസ്‌ത്രേലിയയിലെ  ഏറ്റവും നല്ല എന്റർടെയ്‌നർ എന്നറിയപ്പെടുന്ന നീന്തൽ താരമായ സ്പോർട്സ്മാൻ കൂടിയായ മൈക്ക് ടൈലർ / Mike Tyler   അവിടത്തെ ഏറ്റവും നല്ല 'ഹിപ്നോ  കോമഡി മജീഷ്യൻ' കൂടിയായിരുന്നു . അമേരിക്ക , ന്യൂസിലാൻഡ് മുതലായിടങ്ങളിലും ചാനൽ ഷോകളിൽ കൂടി  അതി പ്രശസ്തനാണ്  പെൺ കൊടിമാരുടെ  മനം കവരുന്ന ഈ മാന്ത്രികൻ .. .

ആണിന്റെ അരവട്ടങ്ങൾ
ആയിരം പെണ്ണുങ്ങൾ കണ്ടാലും
ആണൊരുവന്റെ അരക്കെട്ട് , അര
ആണുപോലും കാണരുത് എന്നാണ്‌
ആയവരൊക്കൊ പണ്ട് മുതൽ ചൊല്ലിയിട്ടത്...

പക്ഷേ ഇന്ന് കാലം മാറി , ചൊല്ല് മാറി.... ആണും പെണ്ണുമൊക്കെ കാണിക്കേണ്ടതും അല്ലാത്തതും എല്ലാമെല്ലാം എന്നുമെപ്പോഴും ഏവർക്കും കാണിച്ചു കൊടുത്തുതുടങ്ങി....
ഇന്നിപ്പോൾ വസ്തു വകകൾ മാത്രമല്ല
കലയും സാഹിത്യവുമടക്കം എല്ലാ ലൊട്ടുലൊടുക്ക്
സാമാഗ്രികളും കച്ചവട വിപണന തന്ത്രങ്ങളിൽ അകപ്പെട്ട്നട്ടം തിരിയുകയാണ്....
അപ്പോൾ ഇതൊന്നുമല്ല ഇതുക്കും  മേലെ പലതും - നാം ഏവരും , ഇനിയും കാണാനിരിക്കുന്നതേയുള്ളൂ ...!

ഇന്നത്തെ കാലത്ത് - വസ്തു വകകൾ  മാത്രമല്ല കലയും സാഹിത്യവുമടക്കം
എല്ലാ ലൊട്ടുലൊടുക്ക് സാമാഗ്രികളും കച്ചവട വിപണന തന്ത്രങ്ങളിൽ അകപ്പെട്ട്
നട്ടം തിരിയുകയാണ് അപ്പോൾ ഇതൊന്നുമല്ല ഇതുക്കും  മേലെ പലതും നാം ഏവരും
ഇനി കാണാനിരിക്കുന്നതേയുള്ളൂ ...!
ഇന്ദ്രജാലത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന
ഇന്ത്യാ മഹാരാജ്യത്ത്  ഈ ജാലവിദ്യക്കാർ  ഇനി
എന്നാണാവോ എത്തുക എന്നറിയില്ല ...
വന്നാലും അവിടെയുള്ള സദാചാര പോലീസുകാരൊക്കെ
ഇത്തരം മായാജാലങ്ങൾ  ഇന്ത്യയിൽ അവതരിപ്പിക്കുവാൻ  അനുവദിക്കുമോ  എന്നും അറിയില്ല ...

അവിടെ തുണിയുരിയലും , മായാജാലങ്ങളും മറ്റും പൊതു വേദികളേക്കാൾ  കൂടുതൽ നടക്കുന്നത് അണിയറകളിലാണെന്ന് മാത്രം ... !

ഇന്ത്യയിൽ അന്നും ഇന്നും എന്നും ,
എല്ലാം  ജാലങ്ങളാണല്ലൊ ..., സകലമാന
മാന്ത്രികരെയെല്ലാം മറി കടക്കുന്ന മഹേന്ദ്രജാലങ്ങൾ  ... ! ! !


 'ബ്രിട്ടീഷ് മലയാളി'യിൽ എഴുതിയ ലേഖനം

മുൻപെഴുതിയ  ലണ്ടനിലെ  മായാജാല 
അവലോകനങ്ങൾ ഇവിടെ വീണ്ടും വായിക്കാം 
  1. ഇമ്പോസ്സിബിൾ ... ! / Impossible... !
  2. മാജിക്കിന്റെ ഒരു വിസ്മയ ലോകം ... ! / Magickinte-Oru-Vismaya-Lokam...!  
   

(  Courtesy of some images & graphics in this 
article from nakedmagicians.com ,    &   google  )

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...